
പിക്സൽ 2 ഫോൺ പുറത്തിറക്കുന്നതിന്റെ പടിവാതിൽക്കലിൽ എത്തിനിൽക്കെ ഗൂഗിൾ എൻജിനീയർമാരെ വാടകക്കെടുക്കുന്നു. എച്ച്.ടി.സിയിൽ എൻജിനീയറിങിലും രൂപകൽപ്പനയിലും മികവ് തെളിയിച്ചവരുടെ സേവനമാണ് ഗൂഗിൾ പ്രത്യേക കരാറിലൂടെ ലഭ്യമാക്കുന്നത്. ഇക്കാര്യം ഗൂഗിൾ തന്നെയാണ് പുറത്തുവിട്ടത്. 1.1 ബില്യൺ ഡോളറിന് നോൺ എക്സ്ക്ലൂസീവ് ലൈസൻസ് ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി കരാറിലൂടെയാണ് ഇൗ ‘ബുദ്ധി’ കൈമാറ്റത്തിന് രണ്ട് കമ്പനികളും തയാറായത്.
ഇൗ ഏറ്റെടുക്കൽ നടപടിയിലൂടെ രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത് സംബന്ധിച്ച് ടെക് ലോകത്ത് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. സ്മാർട്ഫോൺ നിർമാണത്തിലെ ഹാർഡ്വെയർ വിഭാഗത്തിനായി ഗൂഗിളിന്റെ ആദ്യ ശ്രമം അല്ല ഇത്തവണത്തേത്. 2011ൽ ഗൂഗിൾ 12.5 ബില്യൺ ഡോളറിന് വാങ്ങിയ സേവനം 2014ൽ ലെനോവക്ക് വിറ്റിരുന്നു. മോട്ടോറോള ഗൂഗിൾ പരീക്ഷണം ഫലം ചെയ്യാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ എച്ച്.ടി.സിയുമായുള്ള ഇടപാട് വ്യത്യസ്തമാണ്.
എച്ച്.ടി.സി ഫോൺ തുടർന്നും പ്രത്യേകമായി പുറത്തിറങ്ങുന്ന രീതിയിലാണ് ഇപ്പോഴത്തെ കരാർ. എച്ച്.ടി.സിക്ക് പ്രവർത്തിച്ചവരുടെ സേവനം ഗൂഗിളിന്റെ പിക്സൽ ഫോണിനായി ലഭിക്കുന്നതാണ് ഇപ്പോഴത്തെ കരാർ. ഏറെ മൂല്യംകൽപ്പിച്ചാണ് ഗൂഗിൾ പിക്സൽ ബ്രാന്‍റ് പുറത്തിറക്കുന്നത്. 2016 ഒക്ടോബറിൽ പിക്സൽ സീരീസ് പുറത്തിറക്കുമ്പോള് ഗൂഗിൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. പുതിയ പ്രീമിയം സ്മാർട് ഫോണുകൾ വിപണിയിലുള്ളവ പോലെ ആയിരിക്കില്ലെന്ന്. സോഫ്റ്റ്വെയർ തലത്തിലും ഹാഡ്വെയർ തലത്തിലും ഉൽപ്പന്നത്തിന് ആവശ്യമായത് ലഭ്യമാക്കുന്നതായിരുന്നു ഗൂഗിളിന്റെ ആശയം.
മുഴുവൻ പരിചയവും ഉപയോഗപ്പെടുത്തിയാണ് രൂപകൽപ്പന. എച്ച്.ടി.സിയുമായുള്ള ഇടപാട് വിപണിയിൽ ഗുണം ചെയ്യുമെന്നും ഐ ഫോണിനുള്ള മികച്ച എതിരാളിയായി വളരാനും കഴിയുമെന്നാണ് സെർച്ച് എൻജിൻ രംഗത്തെ ഭീമനായ ഗൂഗിളിന്റെ പ്രതീക്ഷ. പിക്സൽ 2 ഫോൺ ഒക്ടോബർ നാലിനാണ് പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam