2026-ന്‍റെ രണ്ടാംപകുതിയിലാവും സാംസങ് വൈഡ് ഫോള്‍ഡ് എന്ന പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുക. ഏതാണ്ട് ഇതേ സമയത്ത് തന്നെയായിരിക്കും ആപ്പിളിന്‍റെ കന്നി ഫോള്‍ഡബിള്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെടുക. 

സോള്‍: 2026-ല്‍ ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാനിരിക്കേ മത്സരം കടുപ്പിക്കാന്‍ സാംസങ്. ടാബ്‌ലെറ്റുകള്‍ പോലെ വിശാലമായ സ്‌ക്രീനുള്ള വൈഡ് ഫോള്‍ഡ് മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് എന്ന് സിഎന്‍ഇടി റിപ്പോര്‍ട്ട് ചെയ്‌തു. ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണമായ ഇടിന്യൂസിനെ ഉദ്ദരിച്ചാണ് സിഎന്‍ഇടിയുടെ വാര്‍ത്ത. വൈഡ് ഫോള്‍ഡ് (Wide Fold) എന്നാണ് ആഭ്യന്തരമായി സാംസങ് വൃത്തങ്ങളില്‍ ഈ ഫോള്‍ഡബിള്‍ ഫോണ്‍ അറിയപ്പെടുന്നത് എന്നാണ് വിവരം. 2026-ന്‍റെ രണ്ടാംപകുതിയിലാവും സാംസങിന്‍റെ ഈ പുത്തന്‍ ഫോള്‍ഡബിള്‍ വേരിയന്‍റ് പുറത്തിറങ്ങുക.

എന്താണ് സാംസങ് വൈഡ് ഫോള്‍ഡ്?

സാംസങ് പുറത്തിറക്കുന്നതായി പ്രതീക്ഷിക്കുന്ന വൈഡ് ഫോള്‍ഡിന്‍റെ ഡിസ്‌പ്ലെ വിവരങ്ങള്‍ ഇതിനകം ലീക്കായിട്ടുണ്ട്. പൂര്‍ണമായും തുറന്നിരിക്കുമ്പോള്‍ 7.6 ഇഞ്ച് ഇന്‍റേണല്‍ ഡിസ്‌പ്ലെ, അടഞ്ഞിരിക്കുമ്പോള്‍ 5.4 ഇഞ്ച് എക്‌സ്‌ടേണല്‍ ഡിസ്‌പ്ലെ എന്നിങ്ങനെയായിരിക്കും സാംസങ് വൈഡ് ഫോള്‍ഡിന്‍റെ സ്‌ക്രീന്‍ വലിപ്പം എന്നാണ് ഇടിന്യൂസ് നല്‍കുന്ന സൂചന. വൈഡ് ഫോള്‍ഡിന്‍റെ ഉള്ളിലെ സ്‌ക്രീന്‍ 4:3 ആസ്‌പെക്‌ട് റേഷ്യോയിലുള്ളതായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കോംപാക്‌ട് ടാബ്‌ലെറ്റുകളിലേതിന് ഏതാണ്ട് സമാനമായ ആനുപാതമാണിത്.

വൈഡ് ഫോള്‍ഡ് അവതരണം 2026-ന്‍റെ രണ്ടാംപാതിയില്‍

കൂടുതല്‍ വിശാലവും ചതുരാകൃതിയിലുള്ളതുമായ ഡിസ്‌പ്ലെ ഇതുവരെയുള്ള ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ ശൈലി പൊളിച്ചെഴുതും. വെബ് ബ്രൗസിംഗിലും ഡോക്യുമെന്‍റ് എഡിറ്റിംഗിലും ഫോട്ടോകളും വീഡിയോകളും കാണുന്നതിലും ഈ മാറ്റം പ്രകടമായിരിക്കും. 2026-ന്‍റെ രണ്ടാംപാതിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിളിനായിരിക്കും സാംസങിന്‍റെ വൈഡ് ഫോള്‍ഡ് വെല്ലുവിളി ഉയര്‍ത്തുക. സാംസങ് സാധാരണയായി വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലെ ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റുകളിലാണ് ഫോള്‍ഡബിള്‍ ഫോണുകള്‍ പുറത്തിറക്കാറ്. അങ്ങനെയെങ്കില്‍ ഗാലക്‌സി സ്സെഡ്-സീരീസിനൊപ്പമായിരിക്കും വൈഡ് ഫോള്‍ഡ് അവതരിപ്പിക്കപ്പെടുക. സാംസങ് വൈഡ് ഫോള്‍ഡിന്‍റെ വിലയോ, ക്യാമറ, ചിപ്പ്, ബാറ്ററി കപ്പാസിറ്റി തുടങ്ങിയ പ്രധാന സവിശേഷതകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്