റെയില്‍വേ സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരുപത് ലക്ഷത്തിലധികം

By Web DeskFirst Published Jul 30, 2016, 10:45 AM IST
Highlights

ദില്ലി: ഗൂഗിള്‍ അടുത്തകാലത്ത് ഇന്ത്യയില്‍ നടത്തിയ നിക്ഷേപങ്ങളില്‍ ഏറ്റവും ഉപകാരപ്രഥമായത് എതാണ്, ആര്‍ക്കും സംശയമുണ്ടാകില്ല, റെയില്‍വേ സ്റ്റേഷനിലെ ഫ്രീ വൈഫൈ തന്നെ. പ്രതിമാസം ഇരുപത് ലക്ഷത്തിലധികം റെയില്‍വേ യാത്രികര്‍ ഗൂഗിള്‍ ഫ്രീ വൈഫൈ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറയുന്നത്. ശരാശരി സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 15 മടങ്ങ് ഡേറ്റ യാത്രികര്‍ സൗജന്യ ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എന്തിനാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ വൈഫൈ വത്കരിക്കാന്‍ ഗൂഗിള്‍ തിരഞ്ഞെടുത്തത്. ഇതിന്‍റെ കാരണവും ഗൂഗിള്‍ ഒടുവില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമേ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയുള്ളൂ. റെയില്‍ടെല്‍ മികച്ച ഫൈബര്‍ സംവിധാനവും ഒരുക്കുന്നു. എല്ലാത്തിലും ഉപരി റെയില്‍വേ സ്‌റ്റേഷനുകളിലൂടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കടന്നുപോകുന്നു. വര്‍ഷംതോറും രാജ്യത്തെ 100 പ്രമുഖ റെയില്‍വേ സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന യാത്രികരുടെ എണ്ണത്തെക്കുറിച്ചു ചിന്തിച്ചുനോക്കൂ. പ്രതിദിന യാത്രികരുടെ എണ്ണം ഒരുകോടിയില്‍ കുറയില്ല. ഗൂഗിള്‍ പറയുന്നു. 

ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് സൗജന്യ ഇന്‍റര്‍നെറ്റ് പദ്ധതി ആദ്യമായി ആരംഭിച്ചത്. മുംബൈയ്ക്ക് പുറമെ പൂനെ, ഭുവനേശ്വര്‍, ഭോപ്പാല്‍, റാഞ്ചി, പാറ്റ്‌ന, എറണാകുളം ജങ്ഷന്‍, വിശാഖപട്ടണം സെന്‍ട്രല്‍ തുടങ്ങിയ 23 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇതിനകം പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

click me!