ജിയോയ്ക്ക് പണി കൊടുത്ത കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുന്നതിനോട് സര്‍ക്കാറിന് എതിര്‍പ്പ്

By Web DeskFirst Published Feb 15, 2017, 8:07 AM IST
Highlights

ജിയോയുടെ സൗജന്യ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ മറ്റ് കമ്പനികള്‍ കോളുകള്‍ കണക്ട് ചെയ്യാതിരുന്നുവെന്നാണ് പരാതി. ഇത് കാരണം ജിയോ നമ്പറുകളില്‍ നിന്ന് മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്കും തിരിച്ചുമുള്ള കോളുകള്‍ മിക്ക സമയങ്ങളിലും അസാധ്യമായി മാറി. ഇതിനെതിരെ ജിയോ നല്‍കിയ പരാതിപ്രകാരമാണ് ടെലികോം റെഗുലേറ്ററി അതോരിറ്റി മറ്റ് കമ്പനികള്‍ക്ക് വന്‍തുക പിഴ ചുമത്തിയത്. ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ശേഷമായിരുന്നു നടപടി. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് മാത്രമേ നല്‍കിയിരുന്നുള്ളൂവെന്നും വലിയ തുക പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നല്‍കിയില്ലെന്നുമാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വാദം.

സേവനങ്ങള്‍ ശരിയാക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയില്ലെന്നും ടെലികോം മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. 90 ദിവസമെങ്കിലും സമയം നല്‍കാതെ പിഴ ചുമത്തിയത് ശരിയായില്ലെന്നാണ് മന്ത്രാലയം വാദിക്കുന്നത്. എന്നാല്‍ പിഴ ചുമത്തിയ നടപടി ശരിവെയ്ക്കുന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സ്വീകരിച്ചത്. ട്രായ് നടപടിക്കെതിരെ ഐഡിയയും വോഡഫോണും ഇതിനോടകം തന്നെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

click me!