
തിരുവനന്തപുരം: ഇക്കാലത്ത് ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്ലിക്കേഷനാണ് മെറ്റയുടെ വാട്‌സ്‌ആപ്പ്. ലോകമെമ്പാടുമുള്ള ജനങ്ങൾ സ്വകാര്യ ചാറ്റുകൾ, കോളുകൾ, മറ്റ് സംഭാഷണങ്ങൾ എന്നിവയ്ക്കായി വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നു. വാട്സ്ആപ്പ് ചാറ്റുകളും ഉള്ളടക്കങ്ങളും മറ്റാരെങ്കിലും കണ്ടാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മറ്റാരെങ്കിലും രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് നിങ്ങൾ അറിയേണ്ടത് വളരെ പ്രധാനമാണ്.
വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ അവകാശവാദം അനുസരിച്ച്, പ്ലാറ്റ്‌ഫോമിലെ ചാറ്റുകളും വീഡിയോ-ഓഡിയോ കോളുകളും പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. എങ്കിലും ചിലപ്പോൾ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ വഴി മറ്റേതെങ്കിലും രീതിയിൽ നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ ആക്‌സസ് ചെയ്യാൻ ആർക്കെങ്കിലും കഴിഞ്ഞേക്കാം. അതായത് സന്ദേശങ്ങൾക്കും കോളുകൾക്കും കമ്പനി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ കൈവശമുണ്ടെങ്കിൽ ഹാക്കർമാർക്ക് അല്ലെങ്കിൽ അനധികൃത ഉപയോക്താക്കൾക്ക് നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ ഇത്തരം ഡിവൈസുകൾ പരിശോധിച്ച് നീക്കം ചെയ്യാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം
നിങ്ങളുടെ വാട്ട്‌സ്ആപ്പ് മറ്റൊരു ഉപകരണത്തിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്‌സ്ആപ്പ് ആക്‌സസ് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ, നിങ്ങൾ ഒരു തേഡ്-പാര്‍ട്ടി ആപ്പും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. നിങ്ങളുടെ അക്കൗണ്ട് സജീവമായിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാൻ നിങ്ങളെ പ്രാപ്‌തമാക്കുന്ന ഒരു ഇൻബിൽറ്റ് ലിങ്ക്ഡ് ഡിവൈസസ് സവിശേഷത വാട്ട്‌സ്ആപ്പിലുണ്ട്. പരിചയമില്ലാത്ത ഒരു ഉപകരണം നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങൾക്ക് അത് ഉടനടി നീക്കം ചെയ്യാൻ കഴിയും.
അനധികൃത വാട്സ്ആപ്പ് ലോഗിനുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്‌സ്‌ആപ്പ് തുറക്കുക.
മൂന്ന് ഡോട്ട് മെനുവിൽ (മുകളിൽ വലത് കോണിൽ) ടാപ്പ് ചെയ്യുക.
മെനുവിൽ നിന്ന് ലിങ്ക് ചെയ്ത ഡിവൈസുകൾ തിരഞ്ഞെടുക്കുക.
നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലോഗിൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും ഒരു ലിസ്റ്റ് ദൃശ്യമാകും.
ആൻഡ്രോയ്‌ഡ്, വിൻഡോസ്, അല്ലെങ്കിൽ ബ്രൗസർ സെഷനുകൾ പോലുള്ള വിശദാംശങ്ങൾ നിങ്ങൾ കാണും.
അപരിചിതമായ ഒരു ഉപകരണം കണ്ടെത്തിയാൽ, അതിൽ ടാപ്പ് ചെയ്‌ത് ലിസ്റ്റിൽ നിന്ന് അത് നീക്കം ചെയ്യുക.
ഈ ഫീച്ചർ എന്തുകൊണ്ട് നിര്‍ണായകം?
ഒന്നിലധികം ഉപകരണങ്ങളിൽ ഒരേസമയം അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാണ് ലിങ്ക്ഡ് ഡിവൈസ് ഫീച്ചർ. ഇതിനായി, ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. വാട്‌സ്‌ആപ്പിന്‍റെ ലിങ്ക്ഡ് ഡിവൈസസ് ഫീച്ചർ വഴി, നിങ്ങളുടെ വാട്‌സ്‌ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും. ഈ ലിസ്റ്റിൽ നിങ്ങൾക്ക് അറിയാത്ത ഏതെങ്കിലും ഉപകരണം കാണുകയാണെങ്കിൽ, നിങ്ങൾക്ക് അത് നീക്കം ചെയ്യാൻ കഴിയും. ആരെങ്കിലും അനധികൃത ആക്‌സസ് നേടിയാൽ, നിങ്ങളുടെ അറിവില്ലാതെ അവർക്ക് നിങ്ങളുടെ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ സാധ്യതയുണ്ട്. ലിങ്ക്ഡ് ഡിവൈസസ് പതിവായി പരിശോധിക്കുന്നതിലൂടെ, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കഴിയും.
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് കൂടുതൽ പരിരക്ഷിക്കാൻ ഇതാ ചില വഴികൾ കൂടി
വാട്ട്‌സ്ആപ്പ് സെറ്റിംഗ്‌സിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സെറ്റ് ചെയ്യുക
നിങ്ങളുടെ ഒടിപി ഒരിക്കലും ആരുമായും പങ്കിടരുത്.
നിങ്ങൾ ഉപയോഗിക്കാത്ത ഉപകരണങ്ങളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക.
അനധികൃത പ്രവേശനം തടയാനും നിങ്ങളുടെ ചാറ്റുകൾ സ്വകാര്യമായി സൂക്ഷിക്കാനും ഈ ഘട്ടങ്ങൾ നിങ്ങളെ സഹായിക്കും.
Read more: സൈബർ കുറ്റകൃത്യങ്ങൾ: ഇന്ത്യൻ സ്ഥാപനങ്ങൾക്ക് 2025ൽ സംഭവിക്കുക 20,000 കോടി രൂപയുടെ നഷ്‍ടമെന്ന് പ്രവചനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam