2017നെ കീഴടക്കിയ പത്ത് വ്യാജവാര്‍ത്തകള്‍

By Web DeskFirst Published Dec 26, 2017, 6:00 PM IST
Highlights

സോഷ്യല്‍ മീഡിയയുടെ സജീവത ശരിക്കും വാര്‍ത്തകളെ ലൈവാക്കുന്നു. എന്നാല്‍ തെറ്റുകള്‍ കടന്നുകൂടാന്‍ ഏറെ സാധ്യതയുള്ള മേഖലയാണിത്. അത്തരത്തില്‍ അബന്ധത്തില്‍ ലോകം ആഘോഷിച്ച വ്യാജ വാര്‍ത്തകള്‍ ഏറെയുണ്ടായ വര്‍ഷമാണ് 2017 എന്ന് പറയാം. ഇത്തരത്തിലുള്ള 2017 ല്‍ ഓണ്‍ലൈന്‍ ലോകം ആഘോഷിച്ച ചില വ്യാജവാര്‍ത്തകള്‍ അറിയാം.

1. അംബാനിയുടെ മകന്‍റെ കല്ല്യാണക്കത്ത്

ഒന്നരലക്ഷം രൂപവിലയുള്ള അംബാനിയുടെ മകന്‍ ആകാശിന്‍റെ കല്ല്യാണക്കത്ത് ഏറെ വൈറലായിരുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ പ്രചരിച്ച വീഡിയോയും വാര്‍ത്തയയും വ്യാജമാണെന്നും. ആകാശിന്‍റെ വിവാഹം നിശ്ചയിച്ചിട്ടില്ലെന്നും പിന്നീട് റിലയന്‍സ് വ്യക്തമാക്കി.

2. അഞ്ജലീന ജോളിയാകുവാന്‍ കൊതിച്ച ഇറാന്‍കാരി

സഹര്‍ തബര്‍ എന്ന പത്തൊന്‍പതുകാരിയായ ഇറാന്‍ സ്വദേശി യുവതി അഞ്ജലീനയാകുവാന്‍ ശസ്ത്രക്രിയകള്‍ നടത്തി മുഖം വികൃതമാക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കി യുവതി തന്നെ രംഗത്ത് എത്തി. പക്ഷെ ഇപ്പോഴും ഈ വാര്‍ത്ത അത്തരത്തില്‍ തന്നെ പ്രചരിക്കുന്നുണ്ട്.

3. സ്വാമി വിവേകാനന്ദന്‍റെ തലവെട്ടി

വലതുപക്ഷ ഹിന്ദുഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച വാര്‍ത്തയായിരുന്നു ഇത്. അഖണ്ഡഭാരത എന്ന സംഘടനയുടെ സൈറ്റിലാണ് ഈ വാര്‍ത്ത വന്നത്. പിന്നീട് ആള്‍ട്ട് ന്യൂസ് പോലുള്ള സൈറ്റുകള്‍ ഈ വാര്‍ത്ത പൊളിച്ചു കൊടുത്തു.

4. അപ്രത്യക്ഷനാകുന്ന ഡ്രസ്

ചൈനയിലെ പ്രതിരോധ വകുപ്പ് മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന ഡ്രസ് കണ്ടുപിടിച്ചെന്നാണ് വാര്‍ത്ത വന്നത് എന്നാല്‍ ഇത് ശരിയല്ലെന്നും, ചൈനീസ് പ്രതിരോധ വകുപ്പ് ഇത് അറിഞ്ഞിട്ടില്ലെന്നും. ചിലര്‍ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയതാണ് ഇതെന്നും വ്യക്തമായി.

5. മോദി ബഹുമാനിക്കാത്ത ഇന്ത്യന്‍ പ്രസിഡന്‍റ്

ഒരു വിവാഹ ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിനോട് സാമ്യമുള്ള വ്യക്തിയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതായിരുന്നു വീഡിയോയില്‍. എന്നാല്‍ അത് തമിഴ്നാട്ടിലെ മുന്‍ ചീഫ് സെക്രട്ടറിയാണെന്ന് പിന്നീട് തെളിഞ്ഞു.

6. അമേരിക്കന്‍ തെരുവിലെ തിമിംഗലം

അമേരിക്കയിലെ കൊടുങ്കാറ്റ് സമയത്ത് ജാസന്‍ മൈക്കിള്‍ എന്നയാള്‍ ട്വിറ്ററിലിട്ട ഫോട്ടോ വന്‍ വൈറലായി. ലക്ഷങ്ങള്‍ ഇത് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇത് വാര്‍ത്തയായി. എന്നാല്‍ താന്‍ ഒരു ഫോണ്‍ ആപ്പാല്‍ തയ്യാറാക്കിയതാണെന്ന് പറഞ്ഞ് പിന്നീട് ജാസന്‍ തന്നെ രംഗത്ത് എത്തി.

7. ജി20 ഉച്ചകോടിയില്‍ പുടിന്‍

കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ലോകത്ത് തലവെട്ടി മാറ്റപ്പെട്ട ചിത്രമാണിത്. ജി20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ സംസാരിക്കുന്ന ഫോട്ടോയില്‍ പുടിനെ നടുക്കിരുത്തി റഷ്യയിലെ പുടിന്‍ അനുകൂലികളാണ് ആദ്യം വാര്‍ത്ത സൃഷ്ടിച്ചത്. എന്നാല്‍ പുടിന്‍ ജി-20യില്‍ പങ്കെടുത്തിട്ട്പോലുമില്ലായിരുന്നു.
തുടര്‍ന്ന് ലോകത്തിന്‍റെ പലഭാഗത്തുള്ളവരും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ  പ്രതിഷ്ഠിച്ച് വാര്‍ത്തയുണ്ടാക്കി. ഇന്ത്യയില്‍ മോദിയും, സംസ്ഥാന മുഖ്യമന്ത്രിമാരും, എന്തിന് കേരളത്തിലെ ബിജെപി പ്രസിഡന്‍റ് കുമ്മനം വരെ സ്ഥാനം പിടിച്ചു.

8. 200 രൂപയുടെ വ്യാജനോട്ട്

200 രൂപയുടെ നോട്ട് എന്ന പേരില്‍ ഏപ്രിലില്‍ പ്രചരിച്ച ചിത്രം. എന്നാല്‍ യഥാര്‍ത്ഥ 200 ഇറങ്ങിയപ്പോള്‍ നിറം മാറി. അതോടെ ഈ വാര്‍ത്തയും പൊളിഞ്ഞു.

9. ദീപാവലി ദിനത്തിലെ ഇന്ത്യ

ഇത്തവണയും നാസയുടെ ദീപാവലി ദിനത്തിലെ ഇന്ത്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ടായിരുന്നു.

10. ആരാണ് ഈ അന്‍വര്‍ ജിറ്റോ?

നിങ്ങളുടെ മെസഞ്ചര്‍ ലിസ്റ്റില്‍ ഉള്ള എല്ലാവരെയും അറിയിക്കുക. 'അന്‍വര്‍ ജിറ്റോ' എന്ന ഐഡിയില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ ആഡ് ചെയ്യരുത്. കാരണം അയാള്‍ ഒരു 'ഫേസ്ബൂക് ഹാക്കര്‍ ആണ്'. നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള ആര് അക്സ്പറ്റ് ചെയ്താലും നിങ്ങളും ഹാക്ക് ചെയ്യപ്പെടും. അതിനാല്‍ ഈ വിവരം സുഹൃത്തുക്കളെയും അറിയിക്കുക.

ഇങ്ങനെ ഒരു സന്ദേശം ജൂണ്‍മാസത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു എന്നാല്‍ ഇതില്‍ ഒരു വസ്തുതയും ഇല്ലായിരുന്നു എന്നതാണ് സത്യം.

click me!