സാമിന്റെ മരണത്തില്‍ ഭാര്യ കുടുങ്ങിയതിന് പിന്നില്‍ നിര്‍ണായകമായത് സൈബര്‍ കുറ്റാന്വേഷകരുടെ കണ്ടെത്തല്‍

By Web DeskFirst Published Jun 22, 2018, 9:46 AM IST
Highlights
  • സോഫിയയുടെ ഡയറിയിലെ അലക്ഷ്യമായുള്ള ചില കുറിപ്പുകളാണ് കേസില്‍ നിര്‍ണായകമായത്

മെല്‍ബണ്‍: ഹൃദയാഘാതമായി എഴുതിത്തള്ളാന്‍ സാധ്യതയുണ്ടായിരുന്ന സാമിന്റെ മരണം കൊലപാതകമെന്ന്  കണ്ടെത്തിയത് സൈബര്‍ കുറ്റാന്വേഷകര്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടത്തിയെങ്കിലും സാമിന്റെ ഭാര്യയ്ക്ക് നേരെ വ്യക്തമായ സൂചനകള്‍ സംഭവത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ സൈബര്‍ കുറ്റാന്വേഷകരാണ് ഭാര്യയെ സംശയത്തിന്റെ നിഴലില്‍ ആദ്യം നിര്‍ത്തുന്നത്. 

സോഫിയയുടെ മെസേജുകളും മെയിലുകളും ഡയറിയുമെല്ലാം വിശദമായി അന്വേഷണ വിധേയമാക്കിയതാണ് കേസില്‍ ആദ്യ വഴിത്തിരിവായത്. ഒരു ദിവസം ആരംഭിക്കുമ്പോഴുള്ള ആദ്യത്തെ കോള്‍ , കോൾ ദൈർഘ്യം, തുടർച്ചയായ നടത്തുന്ന ചെറു സംഭാഷണങ്ങൾ ഇവയെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് സോഫിയയ്ക്ക് സാമിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ദീര്‍ഘമായി സംസാരിച്ചിട്ടില്ലെങ്കിലും സോഫിയയും അരുണും തമ്മില്‍ തുടര്‍ച്ചയായി കൃത്യമായ ഇടവേളകളില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പൊലീസ് അരുണിലേക്ക് അന്വേഷണം നീട്ടിയത്. 

കൊലപാതകത്തിന് മൂന്നു വര്‍ഷം മുമ്പ് തന്നെ മാനസിക തകരാര്‍ ഉള്ള രീതിയില്‍ അരുണ്‍ പെരുമാറാന്‍ തുടങ്ങിയത് ഇരുവരുടെയും പദ്ധതി അനുസരിച്ചാണെന്ന് വിശദമാക്കുന്നതായിരുന്നു സോഫിയയുടെ ഡയറിയിലെ അലക്ഷ്യമായുള്ള ചില കുറിപ്പുകള്‍. അശ്രദ്ധമായുള്ള ഈ കുറിപ്പുകള്‍ ആണ് പിന്നീട് അന്വേഷണത്തില്‍ നിര്‍ണായകമായതും. ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദീര്‍ഘമായ ഡാറ്റ വിശകലനമാണ് സൈബര്‍ കുറ്റാന്വേഷകര്‍ നടത്തിയത്. 

അന്വേഷണത്തില്‍ തന്റെ പങ്കിനെക്കുറിച്ച് സോഫിയ തന്നെ വെളിപ്പെടുത്തിയത് ഈ കുറിപ്പുകളിലൂടെയായിരുന്നു

ഫെബ്രുവരി 2, 2013:  ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ് 
ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.
മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.
ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.

കാമുകനുമായുള്ള സോഫിയുടെ അവിഹിത ബന്ധത്തെപ്പറ്റി പോലീസിന് സൂചന നല്‍കി ചില അ‍ജ്ഞാത സന്ദേശങ്ങളും പൊലീസിന് അന്വേഷണത്തിന് ഇടയില്‍ ലഭിച്ചിരുന്നു. ഇതിന്റെയും ‍‍‍‍ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സോഫിയക്ക് അരുണുമായി ഉണ്ടായിരുന്ന ബന്ധം കണ്ടുപിടിക്കുകയായിരുന്നു. സാമിനെ ഒഴിവാക്കാമെന്നുള്ള ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്ന് അരുണ്‍ മൊഴിനല്കിയിരുന്നു. താന്‍ പിന്തിരിപ്പിച്ചെങ്കിലും സോഫിയുടെ കടുംപിടുത്തം മൂലം താന്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് വിശദമാക്കിയത്.

കോട്ടയത്ത് കോളജില്‍ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. ഈ സമയം അവിടെ പഠിക്കാനെത്തിയ അരുണുമായുള്ള അടുപ്പവും തുടര്‍ന്നു. അരുണുമായി സോഫിക്കു സൗഹൃദമുള്ള കാര്യം അറിയാമായിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അവിഹിതം തുടക്കത്തില്‍ സാമിനും അറിയില്ലായിരുന്നു. വിവാഹശേഷം സോഫി ഓസ്‌ട്രേലിയയിലെത്തി കുറെനാളുകള്‍ക്കുശേഷം സാമിനെയും പിന്നീട് അരുണിനെയും അവിടെയെത്തിക്കുകയായിരുന്നു.

മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ സാമിന്‍റെ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും കോടതി ജയിൽശിക്ഷ വിധിച്ചിരുന്നു. സോഫിയയുടെ കാമുകന്‍ അരുൺ കമലാസനന് 27 വർഷം തടവാണ് കോടതി വിധിച്ചത്. സോഫിയക്ക് 22 വർഷമാണ് തടവുശിക്ഷ. 2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 

click me!