
തിരുവനന്തപുരം: ഗൂഗിൾ അവരുടെ ജെമിനി ആപ്പിൽ വീഡിയോ ജനറേഷൻ സവിശേഷതകൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിൾ എഐ പ്രോ, അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ജൂലൈ 11 മുതൽ ഈ അപ്‌ഡേറ്റ് ലഭ്യമാകാൻ തുടങ്ങി.
ഒരു ബ്ലോഗ് പോസ്റ്റിലൂടെ ജെമിനി ആപ്പിൽ ഈ സവിശേഷതയുടെ ലഭ്യമാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഈ പുതിയ സവിശേഷതയിലൂടെ ഗൂഗിൾ എഐ അൾട്രാ, ഗൂഗിൾ എഐ പ്രോ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം എട്ട് സെക്കൻഡ് വീതമുള്ള മൂന്ന് വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. ഇതൊരു പണമടച്ചുള്ള സേവനമാണ്. ഇതിനായി നിങ്ങൾ എല്ലാ മാസവും കുറഞ്ഞത് 1950 രൂപ ചെലവഴിക്കേണ്ടിവരും. ഈ വീഡിയോ ക്ലിപ്പുകൾ ഓഡിയോയോടൊപ്പമായിരിക്കും. കൂടാതെ ജെമിനി ആപ്പിൽ നിന്നും നേരിട്ട് സൃഷ്‍ടിക്കാനും കഴിയും. നിങ്ങൾക്ക് ദൈനംദിന വസ്തുക്കളെ ആനിമേറ്റ് ചെയ്യാനും നിങ്ങളുടെ ഡ്രോയിംഗുകൾക്കും പെയിന്‍റിംഗുകൾക്കും ജീവൻ നൽകാനും അല്ലെങ്കിൽ പ്രകൃതി ദൃശ്യങ്ങൾക്ക് ചലനം നൽകാനും ഈ സവിശേഷതയിലൂടെ കഴിയും എന്ന് ഗൂഗിൾ പറഞ്ഞു.
ഈ സവിശേഷത ഉപയോഗിക്കാൻ ജെമിനി ആപ്പ് തുറന്ന് പ്രോംപ്റ്റ് ബോക്സിലെ ടൂൾബാറിൽ നിന്ന് വീഡിയോകൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ ഫോട്ടോ ഗാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക. ആ ഇമേജിനെ അടിസ്ഥാനമാക്കി ഒരു വീഡിയോ സൃഷ്ടിക്കാൻ ജെമിനിക്ക് വിശദമായ നിർദ്ദേശങ്ങൾ നൽകുക. അതായത് ഏത് തരത്തിലുള്ള ആനിമേഷൻ ആവശ്യമാണ്, പശ്ചാത്തലം എന്തായിരിക്കണം, ഓഡിയോ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ ജെമിനി ആ നിശ്ചല ചിത്രത്തെ ഒരു ചലനാത്മക വീഡിയോയാക്കി മാറ്റും.
ഈ വീഡിയോയിൽ ദൃശ്യമാകുന്ന ഒരു വാട്ടർമാർക്കും അദൃശ്യമായ ഒരു സിന്തൈഡ് ഡിജിറ്റൽ വാട്ടർമാർക്കും ലഭിക്കും. തംബ്‌സ് മുകളിലേക്കോ താഴേക്കോ നൽകുന്നതിലൂടെ ഈ വീഡിയോകളെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകുന്നതിന് ഉപയോക്താക്കൾക്ക് സാധിക്കും. അതുവഴി ഗൂഗിളിന് ഈ സവിശേഷത കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. എഐ ഫിലിം മേക്കിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൂഗിളിന്‍റെ ഫ്ലോ ടൂളിലും ഈ ഫീച്ചർ ലഭ്യമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam