'മടുത്തു, ഇനി പറ്റില്ല'; ട്വിറ്ററിൽ കൂട്ടരാജി, കടുത്ത പ്രതിസന്ധി

By Web TeamFirst Published Nov 20, 2022, 7:48 AM IST
Highlights

ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു.  നൂറകണക്കിനാളുകൾ അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചത്. 

ദില്ലി:  യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതിസന്ധിയിലാക്കി ട്വിറ്ററിൽ കൂട്ടരാജി.  ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാരാണ് കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയത്. ഇതോടെ ട്വിറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. 

ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചിരിക്കുന്നത്. കമ്പനിയിൽ തുടരാൻ താല്പര്യമുള്ളവർ മസ്ക് മെയിൽ ചെയ്ത ഗൂഗിൾ ഫോമിൽ നൽകിയിരിക്കുന്ന സമ്മതപത്രത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ യെസ് എന്ന് രേഖപ്പെടുത്തണം. പിരിച്ചുവിടൽ പാക്കേജ് എല്ലാവർക്കും ലഭിക്കും.  ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു.  നൂറകണക്കിനാളുകൾ അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചത്. 

ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ മെയിലിനോട് പ്രതികരിക്കേണ്ടെന്നാണ് നിലവിലെ  ഭൂരിപക്ഷം ജീവനക്കാരുടെയും തീരുമാനം.  നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു. എലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  5,500 തൊഴിലാളികളിൽ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ  കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും മസ്ക് പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു. ട്വിറ്ററിന് അതിന്റെ മുഴുവൻ തൊഴിലാളികളിൽ പകുതിയിലേറെ പേരെ നഷ്ടപ്പെട്ടു കഴി‍ഞ്ഞു. കണ്ടന്റ് മോഡറേഷനിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് ആൾമാറാട്ടം നടത്തുന്നവർ, തട്ടിപ്പുകാർ, മറ്റ് സൈബർ സുരക്ഷാ ഭീഷണികൾ എന്നിവയുടെ സംഭവങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് സൂചന. 

മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള അഴിച്ചുപണികളാണ് കമ്പനിയിൽ നടക്കുന്നത്. നിലവിലെ രീതി അനുസരിച്ച്  ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണെന്ന് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പണം കൂടുതൽ ഉണ്ടാക്കണം. അല്ലെങ്കിൽ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്ക് പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

Read More : 'ട്രംപിനെ ട്വിറ്ററിൽ തിരിച്ചെത്തിക്കണോ വേണ്ടയോ'; വോട്ടിംഗ് നടത്തി എലോൺ മസ്ക്, പ്രതികരണം ഇങ്ങനെ

click me!