
ടോക്കിയോ: ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം ഒരു സൂപ്പർ മാർക്കറ്റിൽനിന്നും വിറ്റുപോയതിന്റെ ആശങ്കയിലാണ് ജപ്പാൻ. ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. മധ്യജപ്പാനിലെ ഗാമാഗോറി നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽനിന്ന് അഞ്ച് പായ്ക്കറ്റ് ഫുഗു മത്സ്യമാണ് വിറ്റുപോയിരിക്കുന്നത്. കൊടുംവിഷം ഉൾക്കൊള്ളുന്ന കരൾ നീക്കം ചെയ്യാതെയാണ് മത്സ്യം വിറ്റുപോയിരിക്കുന്നത്.
സംഭവം പുറത്തായതോടെ നടത്തിയ അന്വേഷണത്തിൽ മൂന്നു പായ്ക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും രണ്ടു പായ്ക്കറ്റുകൾ കണ്ടെത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്കു ഇടയാക്കിയിരിക്കുന്നത്. നഗരത്തിൽ അധികൃതർ ലൗഡ്സ്പീക്കറിലൂടെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
സാധാരണ ശൈത്യകാലത്തിൽ ഉപയോഗിക്കുന്ന വിലകൂടിയ മത്സ്യമാണ് ഫുഗു.
മാരക വിഷം അടങ്ങിയതാണെങ്കിലും മാംസം അതീവ രുചികരമാണെന്നതാണ് ഈ മത്സ്യത്തെ പ്രിയപ്പെട്ടതാക്കുന്നത്. വിഷം നീക്കം ചെയ്തതിനു ശേഷമാണ് മീൻ വിൽപ്പനയ്ക്കു തയാറാക്കുന്നത്. ഫുഗുവിന്റെ വിഷം സയനൈഡിനേക്കാൾ 1,200 മടങ്ങ് മാരകമാണ്. ഈ മീൻ ഭക്ഷണത്തിനായി തയാറാക്കുന്നത് അതീവ ശ്രദ്ധയോടെയാണ്. ചെറിയൊരു അശ്രദ്ധപോലും മരണകാരണമാകും.
മീനിന്റെ കരളിലും മുട്ടയിലും പുറംതൊലിയിലുമാണ് വിഷം അടങ്ങിയിരിക്കുന്നത്. ഫുഗു ഉപയോഗിക്കുന്നതിന് ലൈസൻസും പ്രത്യേക പരിശീലവും ആവശ്യമാണ്. മൂന്നു വർഷത്തെ പരിശീലനമാണ് നിഷ്കർഷിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam