കുത്തനെ ഉയര്‍ന്ന ടെലികോം നിരക്കുകള്‍ സര്‍ക്കാര്‍ ഇടപെട്ട് കുറയ്ക്കുമോ? ഇതാണ് മറുപടി

Published : Jul 04, 2024, 01:01 PM ISTUpdated : Jul 04, 2024, 01:41 PM IST
കുത്തനെ ഉയര്‍ന്ന ടെലികോം നിരക്കുകള്‍ സര്‍ക്കാര്‍ ഇടപെട്ട് കുറയ്ക്കുമോ? ഇതാണ് മറുപടി

Synopsis

ജൂലൈ മൂന്നിനാണ് ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധന രാജ്യത്ത് നിലവില്‍ വന്നത്

ദില്ലി: രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസര്‍മാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനെതിരെ ഒരുവിഭാഗം യൂസര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഇടപെടുമോ കേന്ദ്ര സര്‍ക്കാര്‍? 

മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനവില്‍ അടിയന്തരമായി ഇടപെടേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. 'ഇന്ത്യയിലെ ടെലികോം താരിഫുകള്‍ ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായി തുടരുന്നു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനേ സര്‍ക്കാരിന് കഴിയൂ. ടെലികോം രംഗത്ത് മതിയായ മത്സരം ഇപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ ഇടപെടേണ്ട അടിയന്തര സാഹചര്യമില്ല. കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ ഉപഭോക്താക്കള്‍ക്ക് കുറച്ച് പ്രയാസമുണ്ടാകാം. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിരക്കുകള്‍ ഉയര്‍ന്നിരിക്കുന്നത്'- എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read more: ജിയോയ്ക്ക് പിന്നാലെ എയർടെല്ലിന്‍റെയും ഇരുട്ടടി; മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി

ജൂലൈ മൂന്നിനാണ് ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധന നിലവില്‍ വന്നത്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകളില്‍ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് നിരക്ക് വര്‍ധന. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം താരിഫ് നിരക്കുകള്‍ ഉയരുക ഉറപ്പായിരുന്നെങ്കിലും ജിയോയാണ് വില വര്‍ധനയ്ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ എയര്‍ടെല്ലും വിഐയും സമാന പാത സ്വീകരിച്ചു. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകൾ ഉയർത്തിയത് എന്നാണ് ടെലികോം കമ്പനികളുടെ വാദം. 

Read more: ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ നിരക്ക് വർധനയുമായി വിഐയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്