
"The tools we watch video on are old and out of date," Systrom said onstage at the event. "Think about it—we still watch videos formatted for TV, on a vertical screen."
നമ്മൾ വീഡിയോ കാണാൻ ഉപയോഗിക്കുന്ന സങ്കേതങ്ങൾ അറുപഴഞ്ചനും ബോറും ആണ്.... ഇൻസ്റ്റഗ്രാമിന്റെ പുതിയ വീഡിയോ ആപ്പായ ഐജി ടിവി അവതരിപ്പിച്ചു കൊണ്ട് സിഇഒ കെവിൻ സിസ്റ്റ്രോം പറഞ്ഞ വാക്കുകളാണ് ഇത്.
കെവിൻ ലക്ഷ്യം വച്ചത് ആരെയെന്ന് പകൽ പോലെ വ്യക്തം...സാക്ഷാൽ യൂട്യൂബിനെ.
ഇൻസ്റ്റാഗ്രാമിന്‍റെ ഉടയവനായ സാക്ഷാൽ ഫേസ്ബുക്ക് പോലും തലകുത്തി നിന്നിട്ട് നടക്കാത്ത കാര്യമാണ് യൂട്യൂബിനെ തോൽപ്പിക്കുക എന്നത്. ഗൂഗിളിന്‍റെ സ്വന്തം യൂട്യൂബ് എന്നത്തെക്കാളും വലിയ ഭീക്ഷണിയാണ് ഇപ്പോൾ ഫേസ്ബുക്കിന് ഉയർത്തുന്നത്.
കേംബ്രിഡ്‍ജ് അനലറ്റിക്കയും സ്വകാര്യതാ ഭയവുമെല്ലാം ഫേസ്ബുക്കിനെ പിന്നോട്ടടിക്കുമ്പോൾ യുവാക്കൾ യൂട്യൂബുമായി കൂടുതൽ അടുക്കുകയാണ്. മൊബൈലിലും കംപ്യൂട്ടറിലും നിറയെ ഡാറ്റയും കിടിലൻ സ്പീഡും.. ചെറുതും വലുതുമായ സമയ ദൈർഘ്യങ്ങളിൽ കാക്കത്തൊള്ളായിരം വിഷയങ്ങളിൽ കോടിക്കണക്കിന് വീഡിയോകൾ.. . യുവാക്കളെ മാത്രമല്ല, കുട്ടികളെയും വലിയവരെയുമൊക്കെ യൂട്യൂബ് വലിച്ചടുപ്പിക്കുകയാണ്.
മറ്റ് വീഡിയോ ഷെയറിങ്ങ് മാധ്യമങ്ങളെ അപേക്ഷിച്ച് മികച്ച വേഗത, ഇഷ്ടമുള്ളത് പെട്ടന്ന് കണ്ടു പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള സൗകര്യം. എല്ലാത്തിനുമുപരി വീഡിയോകൾ ഉണ്ടാക്കുന്നവർക്ക് തക്കതായ പ്രതിഫലവും, ആളുകൾ യൂട്യൂബിനെ ഇഷ്ടപ്പെടുന്നതിൽ ശരിക്കും അത്ഭുതമൊന്നുമില്ല.
ഈ കുത്തക അവസാനിപ്പിക്കാനാണ് ഇൻസ്റ്റാഗ്രാം ടിവിയിലൂടെ ഫേസ്ബുക്ക് പുതിയ നീക്കം നടത്തുന്നത്. എല്ലാ വീഡിയോകളും വെർട്ടിക്കൽ ഫോർമാറ്റിലാണ് എന്നതാണ് ഐജിടിവിയുടെ എറ്റവും വലിയ പ്രത്യേകത. ഫോൺ ചരിക്കുകയും കിടത്തുകയും ഒന്നും ചെയ്യണ്ട. നേരെ പിടിച്ച് വീഡിയോ കണ്ടാൽ മാത്രം മതി. യൂട്യൂബിലും വെർട്ടിക്കൽ വീഡിയോ ചെയ്യാനാകുമെങ്കിലും ഉപയോഗിക്കുന്നവർ കുറവാണ്. വെർട്ടിക്കൽ വീഡിയോ മാത്രം നൽകി ആ ഫോർമാറ്റിലേക്ക് ആളുകളെ ആകർഷിക്കാമെന്നാണ് ഐജി ടിവിയുടെ കണക്കുകൂട്ടൽ.
ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകളാണ് ഇപ്പോൾ അപ്ലോഡ് ചെയ്യാനാകുക. നേരത്തെ ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോകളാണ് ഇൻസ്റ്റയിൽ അപ്ലോഡ് ചെയ്യാനാകുമായിരുന്നത്. ലൈവ് സ്ട്രീമിങ്ങടക്കം കൂടുതൽ ഫീച്ചറുകൾ അധികം വൈകാതെ ഐജി ടിവിയിൽ എത്താനും സാധ്യതയുണ്ട്.
ഒറ്റനോട്ടത്തിൽ സംഗതി കൊള്ളാമെന്ന് തോന്നുമെങ്കിലും ഇരുത്തിച്ചിന്തിച്ചാൽ ഇത്തിരി പുലിവാലും കൂടിയാണെന്നാണ് സ്ഥിരം വീഡിയോ ക്രിയേറ്റർമാരുടെ അഭിപ്രായം. യൂട്യൂബിന് വേണ്ടി ചെയ്യുന്ന വീഡിയോ അതു പോലെ ഇൻസ്റ്റയിൽ അപ്ലോഡ് ചെയ്യാനാവില്ല.
അതിനായി വീഡിയോ ഒന്നുകിൽ മാറ്റി എടുക്കണം, അല്ലെങ്കിൽ കുത്തിയിരുന്ന് മുറിച്ച് പരുവപ്പെടുത്തണം. രണ്ടാമത്തെ പ്രശ്നം സാമ്പത്തികമാണ്... ഐ.ജി ടിവിയിൽ നിന്ന് എങ്ങനെ പണമുണ്ടാക്കാം എന്നതിൽ തൽക്കാലം വ്യക്തതക്കുറവുണ്ട്.
ഇങ്ങനെയൊക്കയാണെങ്കിലും യൂട്യൂബിന് ടെൻഷന് വകയുണ്ട്. പ്രതിമാസം ഒരു ബില്യൺ ആക്ടീവ് യൂസർമാരുള്ള പ്ലാറ്റ് ഫോമാണ് ഇൻസ്റ്റ. അവിടേക്ക് കടന്നു വരുന്ന ഈ പുത്തൻ ഫീച്ചർ പകുതിപ്പേരെങ്കിലും ഉപയോഗിക്കാൻ തുടങ്ങിയാൽ.
വാൽക്കഷ്ണം: മറ്റെന്ത് സൗകര്യം ഉണ്ടെങ്കിലും യൂ ട്യൂബിനുള്ള വലിയ ഗുണം ഇപ്പോഴും മറ്റാർക്കും ഇല്ല. ഒരു ലോഗിനും ഒരു പാസ്‍വേഡുമില്ലാതെ ഇന്‍റർനെറ്റുള്ള ഏതു കംപ്യൂട്ടിങ്ങ് ഡിവൈസിൽ നിന്നും യുട്യൂബിൽ കയറാം. ഇഷ്ടമുള്ള എന്തും കാണാം,ഡാറ്റയല്ലാതെ അഞ്ച് പൈസ ചെലവാക്കേണ്ടതുമില്ല .യൂട്യൂബ് വിജയത്തിന്‍റെ പരസ്യമായ രഹസ്യം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam