
എയ്ഡ്സിനെതിരായ പ്രചരണത്തിന്‍റെ ഭാഗമായി ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയുടെ ചുവപ്പ് പതിപ്പ് ഇറക്കി ആപ്പിള്‍. പ്രൊഡക്ട് റെഡ്ഡിന്റെ ഭാഗമായിട്ടാണ് ഐഫോണ്‍ 7 ന്റെയും ഐഫോണ്‍ 7 പ്ലസിന്‍റെയും ചുവപ്പ് വെര്‍ഷന്‍ അവതരിപ്പിക്കുന്നത്.
ഐഫോണ്‍ 7, ഐഫോണ്‍ 7 പ്‌ളസ് എന്നിവയുടെ റെഡ് സ്‌പെഷ്യലുകള്‍ 128 ജിബി, 256 ജിബി മോഡലുകള്‍ 82,000 രൂപയ്ക്കാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. ഇത് ഇന്ത്യയില്‍ മാര്‍ച്ച് അവസാനത്തോടെ കിട്ടിത്തുടങ്ങുമെന്ന് അവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എയ്ഡ്‌സ് ഗവേഷണവുമായി ബന്ധപ്പെട്ട ആഗോള ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ അവസരം കിട്ടുന്നെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞു. പത്തു വര്‍ഷം മുമ്പാണ് ഐഫോണ്‍ റെഡ് സംഘടനയുമായി ബന്ധം തുടങ്ങിയത്. തങ്ങളുടെ റെഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ എയ്ഡ്‌സിനെതിരേയുള്ള ആഗോള പോരാട്ടത്തില്‍ ഉപഭോക്താക്കള്‍ പങ്കാളി കൂടിയായി മാറുമെന്നും പറഞ്ഞു.
അതേസമയം ഐഫോണ്‍ 7 റെഡ്ഡിന്‍റെ എത്ര യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഉല്‍പ്പന്നം പരിമിതമായിരിക്കുമെന്നും വില തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എയ്ഡ് ബോധവല്‍ക്കരണവും സഹായവും നല്‍കുന്ന റെഡ്ഡിന്റെ ആഗോള സംഭാവനകളിലെ ഏറ്റവും വലിയ ഹസ്തമാണ് ആപ്പിള്‍. ഇവര്‍ ഏകദേശം 130 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നതായിട്ടാണ് കണക്ക്. ഐഫോണിന്റെ പ്രത്യേക ചുവപ്പന്‍ വെര്‍ഷനിലൂടെ റെഡ്ഡിന്റെ പോരാട്ടങ്ങളെ മാനിക്കുകയും തങ്ങളുടെ 10 വര്‍ഷത്തെ ബന്ധത്തെ അടയാളപ്പെടുത്തുകയാണ് ആപ്പിള്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam