ഇറാനില്‍ അമേരിക്ക ജിബിയു-57 പുറത്തെടുക്കുമോ, ഫോര്‍ഡോ ആണവ നിലയത്തില്‍ ബി-2 ബോംബര്‍ പറന്നിറങ്ങുമോ?

Published : Jun 19, 2025, 04:05 PM ISTUpdated : Jun 19, 2025, 04:16 PM IST
B-2 Spirirt

Synopsis

ഫോര്‍ഡോ ആണവക്കോട്ട തകര്‍ക്കാന്‍ അമേരിക്ക ജിബിയു-57 ബങ്കര്‍-ബസ്റ്റര്‍ പുറത്തെടുക്കുമോ? ലോകത്ത് ആശങ്കകളും ഉരുണ്ടുകൂടുന്നു

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളില്‍ അമേരിക്കന്‍ സാമീപ്യം കൂടി ദൃശ്യമായിരിക്കേ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം (Fordow Fuel Enrichment Plant). നഥാന്‍സിന് ശേഷം ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ നിലയമായ ഫോര്‍ഡോ ക്വോം നഗരത്തിനടുത്തുള്ള മലകള്‍ക്കടിയിലെ ഭൂഗര്‍ഭ അറയിലാണ് സ്ഥിതി ചെയ്യുന്നത്. ഫോര്‍ഡോ ആണവ നിലയം ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെങ്കിലും നാശം വിതയ്ക്കാനായില്ലെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി തന്നെ പറയുന്നു. ഇനി ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം തകര്‍ക്കണമെങ്കില്‍ ഇസ്രയേലിന് മുന്നിലുള്ള ഏക പോംവഴി അമേരിക്കന്‍ സഹായമാണ്. ജിബിയു-57 (GBU-57A/B MOP) ബങ്കര്‍-ബസ്റ്റര്‍ ബോംബുമായി യുഎസ് സൈന്യത്തിന്‍റെ ബി-2 ബോംബര്‍ വിമാനം ഇറാന്‍റെ വ്യോമപാതയില്‍ പ്രവേശിക്കുമോ എന്നതാണ് ആകാംക്ഷ. അതേസമയം ഇത് വലിയൊരു ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

നിഗൂഢതകളുടെ ഫോര്‍ഡോ ആണവ കേന്ദ്രം?

ഇറാനിലെ ഏറ്റവും രഹസ്യസ്വഭാവവും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ നിലയം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഫോര്‍ഡോയുടെ നിര്‍മ്മാണം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ലെന്ന് വിലയിരുത്തപ്പെടുന്നു. ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്ക് കീഴിലായി ഭൂഗര്‍ഭ നിലയമായാണ് ഇറാന്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് 80-90 മീറ്റര്‍ ആഴത്തിലാണ് ഫോര്‍ഡോയിലെ പ്രധാന ലാബ് സ്ഥിതി ചെയ്യുന്നത് എന്നാണ് സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 3,000 വരെ സെന്‍ട്രിഫ്യൂജുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ ആണവ നിലയത്തിനുണ്ട്.

വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ പാകത്തില്‍ കട്ടിയേറിയ കോണ്‍ക്രീറ്റ് ഭിത്തിയും സീലിംഗും സഹിതമാണ് ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം ഇറാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ബോംബുകള്‍ക്ക് അപ്രാപ്യമായ കോണ്‍ക്രീറ്റ് കോട്ടയാണ് ഇത്.

ഉപഗ്രഹ ചിത്രങ്ങളില്‍ ഈ നിലയത്തിന്‍റെ പേരിനൊരു ഭാഗം മാത്രമേ തറനിരപ്പിന് മുകളില്‍ ദൃശ്യമാകുന്നുള്ളൂ. ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ 2025 ജൂണ്‍ 14ന് മാക്‌സാര്‍ ടെക്നോളജീസ് പകര്‍ത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പ്രകാരം, ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിന്‍റെ ഈ മുകള്‍ ഭാഗത്തിന് പോലും പ്രകടമായ നാശനഷ്‌ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ഫോര്‍ഡോ ന്യൂക്ലിയര്‍ പ്ലാന്‍റ് തകര്‍ക്കണമെങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന് അമേരിക്കയുടെ നേരിട്ടുള്ള സഹായം വേണം. അമേരിക്കയുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ ബങ്കര്‍-ബസ്റ്റിംഗ് ബോംബുകളായ ‘ജിബിയു-57എ/ബി’യ്ക്ക് മാത്രമേ ഈ ഭൂഗര്‍ഭ കെട്ടിടം തകര്‍ക്കാന്‍ ശേഷിയുള്ളൂ. പതിമൂവായിരം കിലോഗ്രാമിലേറെ ഭാരമുള്ള ഈ കരുത്തുറ്റ ബോംബിന് മാസീവ് ഓര്‍ഡന്‍സ് പെനെട്രേറ്റര്‍ (എംഒപി) എന്നൊരു പേര് കൂടിയുണ്ട്. 2400 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചിട്ടുള്ള ജിബിയു-57 ഇല്ലാതെ ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം തകര്‍ക്കുക അസാധ്യം. കൈകാര്യം ചെയ്യാനും വര്‍ഷിക്കാനും ഏറെ പ്രയാസമുള്ള ജിബിയു-57 ബോംബുകള്‍ വഹിക്കണമെങ്കില്‍ അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ തന്നെ വേണം. അതായത്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് കളത്തിലിറങ്ങിയാല്‍ മാത്രമേ ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ നിലയത്തിന് മുകളില്‍ ബങ്കര്‍-ബസ്റ്റിംഗ് ബോംബ് വീഴുകയുള്ളൂ.

ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബ്

അമേരിക്കയുടെ കൈവശമുള്ള ഏറ്റവും കരുത്തുറ്റ ബങ്കര്‍-ബസ്റ്റിംഗ് ബോംബാണ് ജിബിയു-57. 2011-ലാണ് ഈ വജ്രായുധം അമേരിക്കന്‍ സേനയുടെ ഭാഗമായത്. ആറ് മീറ്റര്‍ നീളമുള്ള ഈ ബോംബ് വഹിക്കാന്‍ അംഗീകാരമുള്ള ഏക ബോംബര്‍ വിമാനമാണ് ബി-2. യുഎസ് വ്യോമസേനയുടെ ബി-2വില്‍ നിന്ന് പാരച്യൂട്ടിലാണ് ലക്ഷ്യസ്ഥാനത്തേക്ക് ജിബിയു-57 വര്‍ഷിക്കുക. ഈ ബോംബ് ഉപയോഗിക്കാന്‍ പോയിട്ട് അടുത്തറിയാന്‍ പോലും അമേരിക്കന്‍ സൈന്യം നാളിതുവരെ മറ്റാരെയും അനുവദിച്ചില്ല എന്നതിനാല്‍, സംഘര്‍ഷ മേഖലയില്‍ യുഎസ് നേരിട്ട് ഇസ്രയേല്‍ പക്ഷത്തിറങ്ങാതെ ജിബിയു-57 ഫോര്‍ഡോയില്‍ വീഴില്ല.

ബി-2 ബോംബര്‍ വിമാനങ്ങള്‍

ജിബിയു-57 ബങ്കര്‍-ബസ്റ്റിംഗ് ബോംബ് വഹിക്കാന്‍ അനുമതിയുള്ള ഏക വിമാനമാണ് യുഎസ് എയര്‍ ഫോഴ്‌സിന്‍റെ ബി-2 (B-2 Spirit Stealth Bombers) എന്ന് സൂചിപ്പിച്ചുവല്ലോ. യുഎസ് വ്യോമസേനയ്ക്ക് ആകെ 19 ബി-2 വിമാനങ്ങള്‍ മാത്രമേയുള്ളൂ. ഒരേസമയം പരമാവധി രണ്ട് ജിബിയു-57 ബോംബുകളാണ് ഒരു ബി-2വിന് വഹിക്കാനാവുക. ഇന്ധനം വീണ്ടും നിറയ്ക്കാതെ 6,000 മൈല്‍ പറക്കാന്‍ കരുത്തുള്ള അത്യാധുനിക ബോംബര്‍ വിമാനമാണ് ബി-2. എങ്കിലും വളരെ പരിമിതമായ വ്യോമതാവളങ്ങളില്‍ നിന്നേ ബി-2 ഓപ്പറേറ്റ് ചെയ്യാറുള്ളൂ. ഇതിലൊന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനികതാവളമായ ദ്വീപായ ഡീഗൊ ഗാർഷിയയാണ്. ഡീഗൊ ഗാർഷിയയില്‍ ബി-2 വിമാനങ്ങളുടെ സാന്നിധ്യം മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യക്തമല്ല. ബി-2 ബോംബര്‍ വിമാനങ്ങള്‍ വിന്യസിക്കാറുള്ള മറ്റ് യുഎസ് സൈനിക താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫോര്‍ഡോയില്‍ നിന്ന് 3,200 മൈല്‍ മാത്രം അകലെയുള്ള ഡീഗൊ ഗാർഷിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകുന്നു.

ഇസ്രയേല്‍-ഇറാന്‍ വ്യോമാക്രമണം മൂര്‍ച്ഛിക്കുന്നതിനിടെ യുഎസ് വ്യോമസേനയുടെ നിരവധി യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം യൂറോപ്പിന് സമീപമെത്തിയിരുന്നു. ഇവ അവിടെ നിന്ന് എവിടേക്കൊക്കെയാണ് പറന്നത് എന്ന് വ്യക്തമല്ല. അമേരിക്ക ഇക്കൂട്ടത്തില്‍ ബി-2 ബോംബര്‍ വിമാനവും വിന്യസിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇറാനിലെ ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം അമേരിക്ക ബങ്കര്‍-ബസ്റ്റര്‍ ബോംബ് ഉപയോഗിച്ച് തകര്‍ത്താല്‍ ആണവ വികരണമുണ്ടാകുമോ എന്ന ആശങ്കയും ലോകത്ത് സജീവം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ