വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരവുമായി ഐഎസ്ആർഒ

By Web TeamFirst Published Jan 18, 2019, 5:09 PM IST
Highlights

വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണ അഭിരുചി വളർത്താൻ ഐഎസ്ആർഒയുടെ പുതിയ പദ്ധതി. യങ് സയന്‍റിസ്റ്റ് പ്രോഗ്രാം ഉടൻ ആരംഭിക്കും

ദില്ലി:  വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തോട് അഭിരുചിയുണ്ടാക്കാൻ പുതിയ പദ്ധതിയുമായി എത്തുകയാണ് ഐ എസ് ആര്‍ ഒ. യങ് സയന്‍റിസ്റ്റ് പ്രോഗ്രാം ഉടൻ ആരംഭിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയ‍ർമാൻ ഡോ കെ ശിവൻ ദില്ലിയിൽ പറഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെ വീതം തെരഞ്ഞെടുത്ത് ഒരു മാസം പ്രത്യേക പരിശീലനം നൽകുന്നതാണ് യങ്ങ് സയന്‍റിസ്റ്റ് പദ്ധതി.

എട്ടാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളെയായിരിക്കും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. കുട്ടികൾക്ക് ഐ എസ് ആര്‍ ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും ഐ എസ് ആര്‍ ഒയുടെ നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രോയജനപ്പെടുത്താനും അവസരമൊരുക്കും. പരിശീലനത്തിനൊടുവിൽ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ചെറു ഉപഗ്രഹങ്ങൾ ഐഎസ്ആ‌ർഒ ബഹിരാകാശത്തെത്തിക്കും .

ഓരോ വിക്ഷേപണത്തിലും ബഹിരാകാശത്ത് ഉപേക്ഷിക്കുന്ന പിഎസ്എൽവി റോക്കറ്റിന്‍റെ നാലാം ഘട്ടത്തിൽ  ഇതിനായി മാറ്റം വരുത്തും. ആറു മാസം വരെ  വിദ്യാർത്ഥികളുടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് നിർത്തുന്നതിനുള്ള സൗകര്യമൊരുക്കുന്ന രീതിയിൽ ഇവയെ പ്രയോജനപ്പെടുത്താനാണ് ഐ എസ് ആര്‍ ഒയുടെ  നീക്കം.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി  ആറ് ഇൻകുബേഷൻ സെന്‍ററുകളും ആറ് പുതിയ റിസർച്ച് സെന്‍ററുകളും ഐ എസ് ആര്‍ ഒ സ്ഥാപിക്കും. ഐ ഐ ടികളുൾപ്പെടെയുള്ള  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിലൂടെ ബഹിരാകാശ ഗവേഷണത്തിന്‍റെ ഭാഗമാക്കുകയാണ് ലക്ഷ്യം.  

click me!