ഇന്ത്യ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു

By Web DeskFirst Published May 18, 2016, 12:08 PM IST
Highlights

റഷ്യന്‍ ബഹിരാകാശ ഏജന്‍സി കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി, നാസ ഇതുവരെ പരീക്ഷിക്കാത്ത പദ്ധതി ഇതൊക്കെയാണ് ഐഎസ്ആർഒ കുറഞ്ഞ ചെലവില്‍ പരീക്ഷിക്കാൻ പോകുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് പരീക്ഷണം ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം പരീക്ഷിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് കൈവരിച്ച നേട്ടം നേടിയെടുക്കുവാനാണ് മേയ് 23 രാവിലെ 9.30ന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. സാധാരണ രീതിയില്‍ ഒരു റോക്കറ്റ് ബഹിരാകാശ ദൗത്യത്തിന് ശേഷം കത്തി നശിക്കാറാണ് പതിവ് എന്നാല്‍ അത് വീണ്ടും ഭൂമിയില്‍ തിരിച്ചിറക്കാം എന്നാണ് സ്‌പൈസ് എക്‌സ് കാണിച്ചു തന്നത്. നാസ പോലും പരീക്ഷിക്കാത്ത ദൗത്യം എന്നാല്‍ ഒരു തവണ മാത്രമേ സ്‌പൈസ് എക്‌സിന് നടപ്പിലാക്കുവാന്‍ സാധിച്ചുള്ളൂ.

ഇതിനിടെയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ അത്തരമൊരു നേട്ടം കൈവരിക്കാന്‍ ഒരുങ്ങുന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കാന്‍ പോകുന്ന വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനംറീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍എല്‍വി ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് തന്നെ കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ റോക്കറ്റിന്‍റെ പ്രരംഭ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിലാണ് പൂര്‍ത്തിയാക്കിയത്. കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഐഎസ്ആര്‍ഒ പരീക്ഷണത്തിന്‍റെ സമയം തീരുമാനിച്ചത്. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഇന്ത്യ വിജയകരമായി മറികടക്കും

6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിക്കാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആര്‍എല്‍വി സാങ്കേതികതയിലേക്കുള്ള ആദ്യ കാല്‍വയ്പ്പ് മാത്രമാണിത്.

click me!