
ദില്ലി: ഫേസ്ബുക്ക്-ജിയോ നിക്ഷേപ കരാർ സംബന്ധിച്ച കേസിൽ റിലയൻസിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. 2020-ൽ ഫേസ്ബുക്ക്-ജിയോ നിക്ഷേപ കരാർ വെളിപ്പെടുത്തുന്നതിൽ കാലതാമസം വരുത്തിയതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ രണ്ട് കംപ്ലൈൻസ് ഓഫീസർമാർക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയ സെബി ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) ശരിവച്ചതിനെതിരെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പരാതിയില്‍ ഇടപെടാൻ വിസമ്മതിച്ചു. ഉത്തരവ് പൂർണ്ണമായും വസ്‍തുതാപരമായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2020 മാർച്ചിൽ ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഫേസ്ബുക്ക് ഒരു പ്രധാന ഓഹരി വാങ്ങാൻ പോകുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങി. എങ്കിലും ആർഐഎൽ ഉടൻ തന്നെ ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക വിശദീകരണമോ നിഷേധമോ പുറപ്പെടുവിച്ചില്ല. ഒടുവിൽ 2020 ഏപ്രിൽ 22-ന്, ജിയോയിലെ 9.99% ഓഹരി 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചതായി കമ്പനി പ്രഖ്യാപിച്ചു. മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്ന് 28 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ ഔദ്യോഗിക പ്രഖ്യാപനം വന്നത്. അത്തരമൊരു കാലതാമസം 2015-ലെ ഇൻസൈഡർ ട്രേഡിംഗ് നിരോധനം ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2022 ജൂൺ 20-ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റിലയന്‍സ് ജീവനക്കാര്‍ക്ക് പിഴ ചുമത്തി. ആർഐഎല്ലിന്‍റെ കംപ്ലൈൻസ് ഓഫീസർമാരായ സാവിത്രി പരേഖ്, കെ. സേതുരാമൻ എന്നിവർക്കാണ് സെബി പിഴ ചുമത്തിയത്.
2020 മാർച്ചിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം, ജിയോ പ്ലാറ്റ്‌ഫോമുകളുമായുള്ള ഫേസ്ബുക്കിന്‍റെ നിക്ഷേപ ചർച്ചകളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കാത്ത വില-സെൻസിറ്റീവ് വിവരങ്ങൾ (UPSI) ഉടനടി വെളിപ്പെടുത്തുന്നതിൽ ആർഐഎൽ പരാജയപ്പെട്ടുവെന്നാണ് സെബി കണ്ടെത്തിയത്. ഈ കണ്ടെത്തൽ പിന്നീട് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) ശരിവച്ചു. ഇതിനെതിരെയാണ് റിലയന്‍സ് കമ്പനി സുപ്രീം കോടതിയില്‍ അപ്പീൽ നൽകിയത്.
കേസിൽ ഇൻസൈഡർ ട്രേഡിംഗ് സംബന്ധിച്ച ആരോപണമോ അന്യായമായ നേട്ടം നേടിയെന്ന അവകാശവാദമോ ഇല്ലെന്നാണ് ആർഐഎല്ലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ റിതിൻ റായ് വാദിച്ചത്. കർശനമായ രഹസ്യ കരാറിന് വിധേയമായ ഒരു എതിർകക്ഷിയാണ് ഈ ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ആർഐഎല്ലിന് ഏകപക്ഷീയമായി ആ നിബന്ധനകൾ ലംഘിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ എസ്എടിയുടെ കണ്ടെത്തലുകൾ യുക്തിസഹമാണെന്നും കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കമ്പനി വലുതാകുന്തോറും ഉത്തരവാദിത്തവും വർധിക്കുമെന്നും നിങ്ങൾ നിയന്ത്രണങ്ങൾ സൂക്ഷ്‍മമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം