Latest Videos

3 തവണ ടോപ്പിൽ ഒതുങ്ങി, പക്ഷേ ഇക്കുറികേരളം വിട്ടില്ല! പരമോന്നത പുരസ്കാരം സ്വന്തം, സ്റ്റാർട്ടപ്പ് റാങ്ക് നമ്പർ 1

By Web TeamFirst Published Jan 16, 2024, 4:40 PM IST
Highlights

ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ദില്ലിയിൽ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരം സ്വന്തമാക്കുന്നത്. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ദില്ലിയിൽ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ചരിത്രം കുറിച്ച് സെൻസെക്സ്! ഇന്ത്യൻ വിപണിയിൽ ഒറ്റ ദിവസത്തിൽ സംഭവിച്ചതെന്ത്? പ്രതീക്ഷ എത്രത്തോളം, അറിയാം

സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികള്‍, ഗ്രാമീണ മേഖലകളില്‍ ആശാവഹമായ മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരത്തിലേക്ക് എത്തിച്ചത്.
 
ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് പ്രതിബദ്ധമായ നടപടികളും നൂതനസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഇന്‍കുബേഷന്‍ സംവിധാനങ്ങളും മികച്ച സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളുമാണ് ഈ അംഗീകാരത്തിലേക്ക് നയിച്ച ഘടകങ്ങളെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ സമഗ്രമായ കാഴ്ചപ്പാടാണ് കെഎസ് യുഎം മുന്നോട്ട് വച്ചിട്ടുള്ളത്.  2022 ല്‍ കേന്ദ്രം നിര്‍ദ്ദേശിച്ച ഏഴ് പരിഷ്കരണ മേഖലകളിലും കേരളം ഒന്നാമതെത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പ് വികസനത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പ്രതിബന്ധങ്ങളില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനത്തിന്‍റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ് സേവനങ്ങള്‍, നൂതനത്വം, മികച്ച സ്ഥാപനം എന്നീ മേഖലകളിലാണ് കേരളത്തിന്‍റെ മികവ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മൊത്തം 5000 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കെ എസ് യു എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 240 ലധികം വിപണി പ്രവേശനം നടത്തിക്കഴിഞ്ഞു. നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വനിതാസംരംഭകരുടേതാണ്. 14 ജില്ലകളിലുമായി 50 ലധികം ഇന്‍കുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഞ്ചിലേറെ അവബോധന പരിപാടികള്‍, നിക്ഷേപ സമാഹരണത്തിനായി 15 ലേറെ പദ്ധതികള്‍, പുനരുപയോഗ ഊര്‍ജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രാമീണ വികസനത്തിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!