
കൊല്ലം: ഫേസ്ബുക്ക് പേജുകളിലെ സുരക്ഷാ പിഴവ് കണ്ടെത്തിയ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയ്ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച് ഫേസ്ബുക്ക്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അരുൺ എസ് കുമാറിനാണ് ഫേസ്ബുക്ക് 10 ലക്ഷത്തിലധികം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചത്. ഏത് ആളുടെ ഫേസ്ബുക്ക് പേജും ഇത്തിരി ശ്രമിച്ചാൽ ഹാക്ക് ചെയ്ത് കയറാമെന്നാണ് അരുൺ കുമാർ തെളിയിച്ചത്.
പ്രശസ്തരായ വ്യക്തികളും സംഘടനകളുമെല്ലാം ഇപ്പോൾ അവരുടെ ആശംസകളും അറിയിപ്പുകളും പ്രസിദ്ധീകരിക്കാൻ സ്വന്തം ഫേസ്ബുക്ക് പേജുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പേജുകൾ സെക്കന്റുകൾ കൊണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യാനും ഡിലീറ്റ് ചെയ്യാനുമെക്കെ കഴിയുമെന്നാണ് അരുൺ കുമാർ ഫേസ്ബുക്കിന് കാണിച്ചു കൊടുത്തത്. പിഴവ് റിപ്പോർട്ട് ചെയ്ത് ആറു മണിക്കൂർ കൊണ്ട് തന്നെ ആ പിഴവ് ഫേസ് ബുക്ക് പരിഹരിച്ചു. ബഗ് റിപ്പോർട്ടിംഗിന് അരുണിന് 16, 000 ഡോളറിന്റെ സമ്മാനവും.
ഫേസ്ബുക്കിന്റെ വിശ്വാസ്യത തന്നെ പോയേക്കാവുന്ന ഈ പിഴവ് കണ്ടെത്തിയ അരുണിന് താൽകാലിക പാരിതോഷികം മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ തുക നൽകുമെന്നും ഫേസ്ബുക്ക് സൂചന നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലെ സുരക്ഷാ പിഴവ് ഹാക്ക് ചെയ്ത് കാണിച്ചതിന് മുൻപും അരുണിന് പാരിതോഷികം കിട്ടിയിട്ടുണ്ട്.ഫേസ്ബുക്ക് ബഗ് റിപ്പോർട്ടർമാരിൽ ആദ്യപത്തുപേരിൽ ഒരാളാണ് അരുൺ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam