
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 40,083 ക്ലാസ്‌മുറികള്‍ ഹൈടെക്ക് ആയി. ഇത്രയും ക്ലാസ് റൂമുകളിലേക്കുള്ള ലാപ്‌ടോപ്പ്, പ്രോജക്‌ടര്‍, മൗണ്ടിംഗ് കിറ്റ്, യു.എസ്.ബി. സ്‌പീക്കര്‍ എന്നിവയുടെ വിതരണം കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഇതിനു പുറമെ സ്‌കൂളുകളിലെ ലാബുകളിലേക്ക് അധികമായി അനുവദിച്ച 16,500 ലാപ്‌ടോപ്പുകളുടെ വിതരണവും ഈ ആഴ്‌ച പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സര്‍ക്കാര്‍, എയ്‌ഡഡ് മേഖലകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി മൊത്തം 4,752 സ്‌കൂളുകളില്‍ 3,676 സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി. 702 സ്‌കൂളുകളില്‍ 70% ക്ലാസ് മുറികള്‍ ഹൈടെക്കായപ്പോള്‍ 315 സ്‌കൂളുകളില്‍ 50% ത്തിനു താഴെ ക്ലാസ് മുറികളേ ഹൈടെക്കായിട്ടുള്ളു. ഏറ്റവും കൂടുതല്‍ ഹൈടെക് ക്ലാസ് മുറികള്‍ മലപ്പുറം ജില്ലയിലാണ് (5,096 എണ്ണം). കോഴിക്കോട് (4,105), തൃശൂര്‍ (3,497) ജില്ലകളാണ് തൊട്ടടുത്ത്.
സംസ്‌ഥാനത്തെ 59 സ്‌കൂളുകളില്‍ ഒരു ക്ലാസ് മുറിയും ഹൈടെക്കായിട്ടില്ല. പുതിയ കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ നിലവിലുള്ള സുരക്ഷിതമല്ലാത്ത ക്ലാസ് മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്‌ഥാപിക്കാന്‍ കഴിയാത്തതിനാലാണിത്. എന്നാല്‍ ഇത്തരം സ്‌കൂളുകളിലേക്കും ഉപകരണങ്ങള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇവ സ്‌കൂളുകളിലെ ലാബില്‍ സൂക്ഷിക്കുകയും ആവശ്യാനുസരണം ക്ലാസ് മുറികളില്‍ കൊണ്ടുപോകുകയും ചെയ്യും.
ഇതോടെ ഈ മാസം തന്നെ സംസ്‌ഥാനത്തെ 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൈടെക് ക്ലാസ് റൂം സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും. "സമഗ്ര" ഡിജിറ്റല്‍ വിഭവപോര്‍ട്ടലിനും നല്ല പ്രതികരണമാണു ലഭിക്കുന്നത്. സമഗ്രയില്‍ ഇതുവരെ 1,22,915 അധ്യാപകര്‍ രജിസ്‌റ്റര്‍ ചെയ്‌തു. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്‌മുറികളില്‍ വിനിമയം നടത്തുന്നതിന് 74,668 അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.
സംസ്‌ഥാനത്തെ 9045 പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പെടെ 13,786 സ്‌കൂളുകളില്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു.ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകളിലെ 60,000 ലധികം കുട്ടികള്‍ ആദ്യഘട്ട പരിശീലനം നേടി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam