
ഓൺലൈനിൽ നിന്ന് എന്തെങ്കിലും വാങ്ങിയത് പണി തരുമോ എന്ന പേടി ഇനി വേണ്ട.വീട്ടുപകരണങ്ങൾ കേടാണോ ? എങ്കിൽ നേരെ ഫ്ലിപ്കാർട്ടിനെ വിളിച്ചോളൂ.രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമാണ് ഫ്ലിപ്കാർട്ട്. ഇക്കൂട്ടർ ഇപ്പോൾ പുതിയ ബിസിനസിലേക്ക് ചുവട് വച്ചിരിക്കുകയാണ്. പല വീട്ടുപകരണങ്ങളും സ്ഥാപിക്കുക, നന്നാക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ ബിസിനസ്. ജീവസ് (Jeeves) എന്ന പേരിൽ ഏതാനും മാസം മുൻപാണ് ഇതിനോട് അനുബന്ധിച്ച് കമ്പനി പുതിയ സ്ഥാപനം തുടങ്ങിയത്. സർവീസ് മേഖലയിലേക്ക് കടക്കാനായി സ്ഥാപിച്ച ഈ വിഭാഗമാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ നീക്കത്തിനെ പിന്തുണക്കുക. നിലവിലെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 19,000 പിൻ കോഡുകളിൽ ഈ സേവനം ലഭ്യമായിരിക്കും.
അർബൻ കമ്പനി, മസ്റ്റർ റൈറ്റ്, ഓൺസൈറ്റ് ഗോ എന്നീ കമ്പനികളാണ് ഫ്ലിപ്കാർട്ടിനെ കൂടാതെ ഈ മേഖലയിലേക്ക് കടന്നു വന്നിരിക്കുന്നത്. ഇവരോടാണ് ഫ്ലിപ്കാർട്ടിന്റെ ജിവെസ് മത്സരിക്കുന്നത്. വില്പന സമയത്ത് മാത്രമല്ല, മികച്ച സേവനം വില്പനാനന്തരവും നൽകണമെന്ന ചിന്തയാണ് കമ്പനിയെ പുതിയ സേവനത്തിന് പ്രേരിപ്പിച്ചത്. ജീവസിന്റെ സേവനം ലഭ്യമാക്കുന്നത് ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ആപ് വഴിയാണ്. ഒരു പ്രദേശത്ത് തന്നെ ഇത് ലഭ്യമാണോ എന്നറിയാൻ എളുപ്പമാണ്. ഓരോ സ്ഥലത്തെയും പിൻകോഡുകൾ പരിശോധിച്ചു നോക്കിയാൽ മതിയാകും. ഇങ്ങനെ സർവീസ് ചെയ്‌തെടുക്കുന്ന ഉപകരണങ്ങൾക്ക് സർവീസ് ഗ്യാരന്റിയും ഉണ്ടാകുമെന്നാണ് ജിവസിന്റെ മേധാവി നിപുൻ ശർമ്മ അറിയിച്ചത്. രാജ്യത്തെമ്പാടുമായി 300 വാക്-ഇൻ സർവീസ് സെന്ററുകൾ കമ്പനിക്ക് ഉണ്ട്. ആയിരത്തിലേറെ സർവീസ് പാർട്ണർമാരും പരിശീലനം നേടിയ എകദേശം 9,000 എൻജിനീയർമാരും ഇവരെ കൂടാതെ തന്നെ കമ്പനിയിലുണ്ട്. ഇത് 400 നഗരങ്ങളിലായി ആണ് ലഭ്യമാക്കിയിരുന്നത്. നിലവിൽ പുതിയ തുടക്കത്തോടെ ആ സേവനം കൂടിയാണ് വികസിച്ചിരിക്കുന്നത്.
Read Also: കടുപ്പിച്ച് മെറ്റ ; രാജ്യത്തെ 2.29 കോടിയിലധികം കണ്ടന്റുകൾക്കെതിരെ നടപടി
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam