എം2എം മൊബൈല്‍ നമ്പറുകള്‍ക്ക് ഇനി മുതല്‍ 13 അക്കം

By Web DeskFirst Published Feb 21, 2018, 11:46 AM IST
Highlights

ദില്ലി:  ജൂലൈ മുതല്‍ രാജ്യത്തെ എംടുഎം (മെഷീന്‍ ടു മെഷീന്‍) മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവിലുളള 10 അക്ക എംടുഎം മൊബൈല്‍ നമ്പറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 13 അക്കമായി മാറും.  2018 ഡിസംബര്‍ 31വരെയാണ് ഇതിനുള്ള കാലാവധി. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10 ഡിജിറ്റില്‍നിന്ന് 13 ഡിജിറ്റിലേക്ക് മാറുന്നത്.

എന്താണ് M2M?
ഓട്ടോമേറ്റഡ് മെഷീനുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന സിം കാര്‍ഡുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. വിദൂരത്ത് നിന്ന് ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കാന്‍ കഴിയുന്ന എ.സി പോലുള്ള വൈദ്യുത ഉപകരണങ്ങള്‍, അപകടമുന്നറിയിപ്പ് മറ്റൊരു സ്ഥലത്ത് നല്‍കാന്‍ കഴിയുന്ന സേഫ്റ്റി ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം കണക്ഷനുകളാണ് ഉപയോഗിക്കുന്നത്. ഫാക്ടറികളിലും മറ്റും ഉപയോഗിക്കുന്ന വലിയ മെഷിനറികള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ സ്വൈപ് ചെയ്യാന്‍ സഹായിക്കുന്ന വയര്‍ലെസ് സ്വൈപിങ് മെഷീനുകള്‍ എന്നിങ്ങനെ തുടങ്ങി വിപുലമായ ഉപയോഗം ഇത്തരം കണക്ഷനുകള്‍ക്കുണ്ട്. ഈ ഉപകരണങ്ങളിലെ സിം നമ്പറുകള്‍ സാധാരണയായി ആരും ഓര്‍ത്തുവെയ്‌ക്കാറില്ല. ഇവയിലേക്ക് വിളിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നമ്പറുകള്‍ 13 അക്കമാവുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയുമില്ല.  

click me!