പഴയ എംആധാർ ആപ്പിന് വിരാമം; കൂടുതൽ സുരക്ഷയുമായി പുതിയ ആധാർ ആപ്പ്

Published : May 26, 2026, 03:21 PM IST
Aadhaar-App

Synopsis

കേന്ദ്ര സർക്കാർ പഴയ എംആധാർ ആപ്പ് നിർത്തലാക്കി പകരം പുതിയ ആധാർ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ക്യുആർ കോഡ് ഷെയറിംഗ്, ഫേസ് ഓതന്‍റിക്കേഷൻ, ബയോമെട്രിക് ലോക്ക് തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ ആപ്പ് വരുന്നത്. ഈ മാറ്റം ആധാർ സേവനങ്ങൾ കൂടുതൽ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കാൻ ലക്ഷ്യമിടുന്നു.

ദില്ലി: ഇന്ത്യയിലെ ആധാർ സേവനങ്ങളിൽ വലിയ മാറ്റത്തിന് തുടക്കമിട്ട് പഴയ എംആധാർ (mAadhaar) ആപ്പ് ഉടൻ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇതിന് പകരമായി കൂടുതൽ സുരക്ഷയും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന പുതിയ ആധാർ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

എംആധാർ ഉടൻ അവസാനിപ്പിക്കുമെന്ന് അറിയിപ്പ്

സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച ഔദ്യോഗിക അറിയിപ്പിൽ എംആധാർ ഉടൻ അവസാനിക്കുമെന്ന് യുഐഡിഎഐ അറിയിച്ചു. പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്‌ത് കൂടുതൽ വേഗത്തിലുള്ള സേവനങ്ങളും സ്‍മാർട്ട് ഫീച്ചറുകളും അനുഭവിക്കൂ എന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. പഴയ ആപ്പിന്‍റെ ഒരു സാധാരണ പുതുക്കൽ മാത്രമല്ല പുതിയ പ്ലാറ്റ്‌ഫോം. ആധാർ വിവരങ്ങൾ പങ്കിടുന്ന രീതിയിലും തിരിച്ചറിയൽ പരിശോധനയിലും വലിയ മാറ്റങ്ങളാണ് ഇതിലൂടെ വരുന്നത്.

പുതിയ ആപ്പിലെ പ്രധാന സവിശേഷതയാണ് സുരക്ഷിതമായ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആധാർ ഷെയറിംഗ് സംവിധാനം. ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ ഇനി മുഴുവൻ ആധാർ വിവരങ്ങളും കാണിക്കേണ്ടതില്ല. ആവശ്യമായ വിവരങ്ങൾ മാത്രം ക്യുആർ കോഡ് വഴി സുരക്ഷിതമായി പങ്കിടാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

പുത്തന്‍ ആധാര്‍ ആപ്പില്‍ ശക്തമായ ഫീച്ചറുകള്‍

അതേസമയം, ആധാർ ഓതന്‍റിക്കേഷൻ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഒടിപി അടിസ്ഥാനമാക്കിയ പരിശോധന മാത്രമായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇനി ഒടിപിയ്ക്ക് പുറമെ ഫേസ് ഓതന്‍റിക്കേഷനും ക്യുആർ പരിശോധനയും ഉൾപ്പെടുന്ന മൾട്ടി-ലെയർ സുരക്ഷാ സംവിധാനം വരുന്നു. ഇതിലൂടെ വ്യാജ ഉപയോഗവും ഡാറ്റ ചോർച്ചയും കുറയ്ക്കാനാകുമെന്ന് യുഐഡിഎഐ അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് സ്വന്തം ബയോമെട്രിക് വിവരങ്ങളിൽ കൂടുതൽ നിയന്ത്രണവും ലഭിക്കും. വിരലടയാളം, മുഖം, ഐറിസ് തുടങ്ങിയ വിവരങ്ങൾ നേരിട്ട് ആപ്പിൽ നിന്ന് ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും. പൊതുസ്ഥലങ്ങളിലോ മറ്റുള്ളവരുടെ ഉപകരണങ്ങളിലോ ആധാർ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ സുരക്ഷ നൽകും.

പുതിയ ആപ്പ് ഉപയോഗിക്കാൻ ആദ്യം ഔദ്യോഗിക ആധാർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി ഒടിപി പരിശോധന പൂർത്തിയാക്കണം. ചിലർക്കു ഫേസ് ഓതന്‍റിക്കേഷനും നിർബന്ധമായേക്കാം. പിന്നീട് പിൻ നമ്പർ സജ്ജമാക്കി ആധാർ നമ്പർ ചേർത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതോടൊപ്പം, മൈ ആധാർ പോർട്ടൽ വഴി സൗജന്യമായി ആധാർ രേഖകൾ പുതുക്കാനുള്ള അവസരം 2027 ജൂൺ 14 വരെ സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്.

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊഴില്‍ പോകുമെന്ന ഭയം മാത്രമല്ല; എഐ കാലത്ത് ടെക് ലോകം വിറയ്‌ക്കുന്നത് എന്തുകൊണ്ട്?
കോസ്‍മിക് പൊടിക്ക് പിന്നിൽ മറഞ്ഞിരുന്ന 77 അപൂർവ ചുവന്ന ക്വാസറുകൾ കണ്ടെത്തി ഗവേഷകർ