എഐ ഹാർഡ്‌വെയർ; മെറ്റയുടെ പുതിയ രഹസ്യ നീക്കം

Published : Apr 07, 2026, 10:02 PM IST
Meta logo

Synopsis

റേ ബാൻ എഐ സ്‍മാർട്ട് ഗ്ലാസുകളുടെ വൻ വിജയത്തെ തുടർന്ന്, മെറ്റ ഒരു പുതിയ സൂപ്പർ ഇന്‍റലിജൻസ് ലാബ് രൂപീകരിച്ച് എഐ ഹാർഡ്‌വെയർ വികസനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ നീക്കം ആപ്പിൾ, ഓപ്പൺഎഐ തുടങ്ങിയ കമ്പനികൾ കൂടി രംഗത്തുള്ള എഐ ഹാർഡ്‌വെയർ വിപണിയിലെ മത്സരം വർധിപ്പിക്കുന്നു.

കാലിഫോര്‍ണിയ: മാർക്ക് സക്കർബർഗ് നയിക്കുന്ന മെറ്റ എഐ ഹാർഡ്‌വെയർ ഉപകരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. കമ്പനി അവതരിപ്പിച്ച മെറ്റ റേ ബാൻ എഐ സ്‍മാർട്ട് ഗ്ലാസുകൾ ഏഴ് മില്യൺ യൂണിറ്റുകൾക്കു മുകളിൽ വിറ്റ് വലിയ വിജയം നേടിയിട്ടുണ്ട്. ഈ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ, ഭാവിയിലെ എഐ ഹാർഡ്‌വെയർ ഉപകരണങ്ങൾ വികസിപ്പിക്കാൻ പുതിയ പ്രത്യേക ടീമിനെ മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ് രൂപീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയാലിറ്റി ലാബ്‍സിൽ നിന്നുള്ള ചില എഞ്ചിനീയർമാർ ഇതിനകം മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ്‌സിൽ ചേർന്ന് ഹാർഡ്‌വെയറിൽ എഐ സോഫ്റ്റ്‌വെയർ പരീക്ഷണം നടത്തുകയാണ്. എംഎസ്എല്ലിലെ ഹാർഡ്‌വെയർ വിഭാഗത്തെ നയിക്കാൻ പരിചയസമ്പന്നനായ എഞ്ചിനീയർ റൂയി സുവിനെ മെറ്റ നിയമിച്ചിട്ടുണ്ട്. ഡ്രീമർ എന്ന എഐ ഏജന്‍റ് സ്റ്റാർട്ടപ്പിൽ സൂ മുമ്പ് ഹാർഡ്‌വെയറിന് നേതൃത്വം നൽകിയിരുന്നു. ചൈനീസ് ഭീമനായ ബൈറ്റ്ഡാൻസിന്‍റെ സ്‍മാർട്ട് ഉപകരണങ്ങളിലും പ്രവർത്തിച്ച പരിചയം അദേഹത്തിനുണ്ട്.

എഐ ഹാർഡ്‌വെയർ വിപണി ഇപ്പോൾ കൂടുതൽ മത്സരം നിറഞ്ഞതാകുകയാണ്. ആപ്പിളിന്‍റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവ് രൂപകൽപ്പന ചെയ്‌ത ആദ്യത്തെ എഐ ഹാർഡ്‌വെയർ ഉപകരണം ഓപ്പൺഎഐ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിളും കുറച്ചു കാലമായി സ്വന്തം എഐ സ്‍മാർട്ട് ഗ്ലാസുകളിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഫോൺ നിർമ്മാതാക്കളായ നത്തിംഗ് ഈ വർഷം അവസാനത്തോടെ സ്വന്തം സ്‌മാർട്ട് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മെറ്റയും എഐ രംഗത്തെ പ്രവര്‍ത്തനങ്ങൾ വിപുലമാക്കുകയാണ്. ഇൻസ്റ്റഗ്രാം, ഫേസ്‍ബുക്ക് എന്നിവയിലേക്കുള്ള ശുപാർശാ അൽഗോരിതങ്ങൾ മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കുന്നതിന് പ്രത്യേക ടീം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മോൾട്ട്ബുക്ക്, മാനസ് എഐ പോലുള്ള സ്റ്റാർട്ടപ്പുകൾ മെറ്റ അടുത്തിടെ ഏറ്റെടുത്തിരുന്നു. സ്‍കെയിൽ എഐയെ 14.5 ബില്യൺ ഡോളർ വിലയ്ക്ക് ഏറ്റെടുത്തതിനു ശേഷമാണ് അലക്‌സാണ്ടർ വാംഗ് മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ് നയിക്കാൻ എത്തുന്നത്.

അതേസമയം, ചെലവ് നിയന്ത്രണത്തിനായി മെറ്റ 15,000 ജോലിക്കാരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ഇതേ പോലെ ഒറാക്കിൾ, ആമസോൺ തുടങ്ങിയ മറ്റ് ടെക് കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. മെറ്റയുടെ പുതിയ എഐ ഹാർഡ്‌വെയർ നീക്കം, സ്‍മാർട്ട് ഗ്ലാസുകൾക്ക് പുറത്തും കമ്പനി സാങ്കേതികവിദ്യകളിൽ മുന്നേറ്റം നേടാനുള്ള പുതിയ ചുവടുവയ്പ്പാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഐഫോൺ 18 പ്രോ സീരീസ് വരുന്നു: ഡിസൈൻ, ഫീച്ചറുകൾ, ലോഞ്ച് വിവരങ്ങൾ പുറത്ത്
ആര്‍ട്ടെമിസ് 2 അത്ഭുതം; 4K നിലവാരത്തില്‍ ചാന്ദ്ര ദൃശ്യങ്ങള്‍ ലോകം കണ്ടു! എങ്ങനെ?