
ഷിക്കാഗൊ: ലോകത്തിലെ മുൻനിര കൺസൾട്ടിംഗ് ഭീമനായ മക്കിൻസി ആൻഡ് കമ്പനിയിലെ 60,000 ജീവനക്കാരിൽ ഏകദേശം 25,000 പേര്‍ എഐ ഏജന്‍റുമാര്‍. മക്കിൻസി ആൻഡ് കമ്പനിയിലെ മൂന്നിലൊന്നിൽ കൂടുതൽ തൊഴിലാളികളും മനുഷ്യരല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഏജന്‍റുമാരാണ് എന്നാണ് ഇതിനർഥം. മക്കിൻസി സിഇഒ ബോബ് സ്റ്റെർൺഫെൽസ് തന്നെ ഈ മാറ്റം സ്ഥിരീകരിച്ചു. ഒന്നര വർഷം മുമ്പ് കമ്പനിക്ക് ആയിരത്തോളം എഐ ഏജന്‍റുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇന്ന് ആ എണ്ണം 25,000 ആയി വളർന്നുവെന്നും അദേഹം പറഞ്ഞു.
ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ലളിതമായ ചാറ്റ്ബോട്ടുകളാണ് ഈ എഐ ഏജന്‍റുമാർ എന്ന് നിങ്ങൾ കരുതുന്നോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും ബിസിനസ് പ്ലാനുകൾ സൃഷ്‌ടിക്കാനും മനുഷ്യ ഇടപെടൽ ഇല്ലാതെ പ്രധാന തീരുമാനങ്ങൾ എടുക്കാനും എഐ ഏജന്‍റുമാർക്ക് കഴിയും. ഗവേഷണം, ഡാറ്റ വിശകലനം, ക്ലയന്‍റുകൾക്കായുള്ള ടൂളുകള്‍ തുടങ്ങിയ ദൈനംദിന കമ്പനി ജോലികളിൽ എഐ ഏജന്‍റുമാരെ മക്കിൻസി ആൻഡ് കമ്പനി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എഐ ഏജന്‍റുമാരുടെ എണ്ണം വർധിപ്പിക്കുകയാണ് മക്കിൻസി ആൻഡ് കമ്പനി. റിപ്പോർട്ട് അനുസരിച്ച്, ഒന്നര വർഷം മുമ്പ് ആയിരത്തോളം എഐ ഏജന്‍റുമാർ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് കമ്പനിയില്‍ 25,000 എഐ ഏജന്‍റുമാരുള്ളത്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഓരോ ജീവനക്കാരനും ഒരു വ്യക്തിഗത എഐ പങ്കാളിയെ ഉണ്ടാക്കുക എന്നതാണ് മക്കിൻസി ആൻഡ് കമ്പനി ലക്ഷ്യമിടുന്നത്.
മാറുന്ന ബിസിനസ്
മക്കിൻസി ആൻഡ് കമ്പനിയുടെ ബിസിനസിന്‍റെ ഒരു പ്രധാന ഭാഗമായി ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മാറിയിരിക്കുന്നു. കമ്പനിയുടെ എഐ ശാഖയായ ക്വാണ്ടംബ്ലാക്കിൽ മാത്രം ഏകദേശം 1,700 പേർ ജോലി ചെയ്യുന്നു. നിലവിൽ, കമ്പനിയുടെ മൊത്തം ബിസിനസിന്‍റെ 40 ശതമാനവും എഐയുമായി ബന്ധപ്പെട്ട പ്രോജക്‌ടുകളിൽ നിന്നാണ് വരുന്നത്. പഴയ രീതി അനുസരിച്ച് 'കൺസൾട്ടിംഗ് ഫീസ്' മാത്രം എടുക്കുന്നതിനുപകരം കമ്പനി ഇപ്പോൾ ക്ലയന്‍റുകളുമായി പങ്കാളിത്തത്തിലാണെന്ന് മക്കിൻസി സിഇഒ ബോബ് സ്റ്റെർൺഫെൽസ് പറയുന്നു. ബിസിനസ് ഫലങ്ങളുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയും ലാഭം ക്ലയന്‍റുകളുമായി പങ്കിടുകയും ചെയ്യുന്നു.
മക്കിൻസി മാത്രമല്ല, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG), പിഡബ്ല്യുസി തുടങ്ങിയ കമ്പനികളും ഇതേരീതി പിന്തുടരുന്നു. ഈ സ്ഥാപനങ്ങൾ ഇപ്പോൾ ദീർഘകാല എഐ പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam