
കാലിഫോര്‍ണിയ: ടെക് ഭീമനായ മെറ്റ കമ്പനി അവരുടെ സിഇഒയായ മാർക്ക് സക്കർബർഗിന്‍റെ രൂപവും ശബ്‍ദവും സംസാരശൈലിയും അനുകരിക്കുന്ന അത്യാധുനിക കൃത്രിമ ബുദ്ധി (AI) അടിസ്ഥാനമാക്കിയ 3D രൂപം വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ പദ്ധതി മെറ്റയുടെ എഐ കേന്ദ്രീകൃത പുനർനിർമാണ തന്ത്രത്തിന്‍റെ ഭാഗമാണ് എന്ന് ഫിനാൻഷ്യൽ ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 'പേഴ്‌സണൽ സൂപ്പർഇന്‍റലിജൻസ്' എന്ന ആശയത്തിലേക്ക് കമ്പനി നീങ്ങുകയാണെന്ന് മാർക്ക് സക്കർബർഗ് തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു.
ഈ എഐ അവതാരം സക്കർബർഗിന്‍റെ രൂപസാദൃശ്യം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംസാരശൈലി, ടോൺ, ആശയവിനിമയ രീതി എന്നിവയും അനുകരിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്. പൊതുവിൽ ലഭ്യമായ പ്രസ്‍താവനകൾ, അഭിമുഖങ്ങൾ, ശബ്‍ദ റെക്കോർഡുകൾ, കൂടാതെ അദ്ദേഹത്തിന്‍റെ അടുത്തകാലത്തെ ചിന്തകൾ എന്നിവ ഉപയോഗിച്ചാണ് ഈ സിസ്റ്റത്തെ പരിശീലിപ്പിക്കുന്നത്.
മാര്‍ക്ക് സക്കർബർഗ് തന്നെ ഈ ഡിജിറ്റൽ പതിപ്പിന്‍റെ പരിശീലനത്തിലും പരീക്ഷണങ്ങളിലും നേരിട്ട് പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്ക് അദേഹം ഓഫീസിൽ ഇല്ലാത്തപ്പോഴും, ഈ എഐ അവതാരവുമായി സംവദിച്ച് ചോദ്യങ്ങൾ ചോദിക്കാനും പ്രതികരണങ്ങൾ ലഭിക്കാനും കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിലൂടെ ജീവനക്കാർക്ക് സിഇഓയുമായി നേരിട്ടുള്ള ആക്‌സസ് എന്ന അനുഭവം നൽകുകയാണ് ലക്ഷ്യം എന്നും കമ്പനി പറയുന്നു.
മെറ്റയുടെ പുതുതായി രൂപീകരിച്ച സൂപ്പർഇന്‍റലിജൻസ് ലാബ്‌സാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. യഥാർത്ഥ മനുഷ്യരെപ്പോലെ കാണപ്പെടുന്ന, തത്സമയ സംഭാഷണം നടത്താൻ കഴിയുന്ന ഫോട്ടോറിയലിസ്റ്റിക് എഐ കഥാപാത്രങ്ങൾ വികസിപ്പിക്കുകയാണ് ഈ സൂപ്പർഇന്‍റലിജൻസ് ലാബ്‌സിന്‍റെ പ്രധാന ദൗത്യം. സംഭാഷണത്തിൽ വൈകല്യം കുറയ്ക്കുകയും, സ്വാഭാവികമായ ചലനങ്ങളും ശബ്‍ദവും ഉറപ്പാക്കുകയും ചെയ്യുന്നതിനായി സൂപ്പർഇന്‍റലിജൻസ് ലാബ്‌സ് ശക്തമായ കംപ്യൂട്ടിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
ശബ്‍ദ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി മെറ്റ കഴിഞ്ഞ വർഷം പ്ലേ എഐയും വേവ് ഫോംസു പോലുള്ള കമ്പനികളെ ഏറ്റെടുത്തിരുന്നു. ഇവയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ യാഥാർഥ്യബോധമുള്ള ശബ്‍ദം സൃഷ്‍ടിക്കുകയാണ് ലക്ഷ്യം. കൂടാതെ, ഈ എഐ സാങ്കേതികവിദ്യയെ പിന്നീട് കോണ്ടന്‍റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും നൽകാനാണ് മെറ്റയുടെ പദ്ധതി. ഇതിനായി നിലവിൽ പ്രവർത്തിക്കുന്ന എഐ സ്റ്റുഡിയോ പ്ലാറ്റ്‌ഫോമും വിപുലീകരിക്കും.
അതേസമയം, മാര്‍ക്ക് സക്കർബർഗിനെ സഹായിക്കുന്നതിനായി സിഇഒ ഏജന്‍റ് എന്ന മറ്റൊരു എഐ സിസ്റ്റവും കമ്പനി വികസിപ്പിക്കുന്നുണ്ട്. വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിന്‍റെ പ്രകാരം, ഇത് അദേഹത്തിന് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും തീരുമാനമെടുക്കൽ പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കും.
മെറ്റ ജീവനക്കാരെ ദൈനംദിന ജോലികളിൽ എഐ ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. മാര്‍ക്ക് സക്കർബർഗ് തന്നെ പ്രതിവാരം അഞ്ച് മണിക്കൂർ മുതൽ 10 മണിക്കൂർ വരെ എഐ പ്രോജക്റ്റുകളിലും കോഡിംഗ് പ്രവർത്തനങ്ങളിലും ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഐ മേഖലയിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്പനിയെ പുതിയ തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായി മെറ്റയുടെ ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam