
സോഷ്യൽ മീഡിയ ഭീമനായ മെറ്റ, ഫോറം എന്ന പേരിൽ ഒരു പുതിയ സോഷ്യൽ മീഡിയ ആപ്പ് അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗികമായി വലിയ പ്രഖ്യാപനമില്ലാതെ ഐഒഎസ് ആപ്പ് സ്റ്റോറിൽ ഇത് പ്രത്യക്ഷപ്പെട്ടതായും സോഷ്യൽ മീഡിയ കൺസൾട്ടന്റ് മാറ്റ് നവാറ ഇത് കണ്ടെത്തിയതായും 'ഗാഡ്‍ജെറ്റ് 360 ഡോട്ട് കോം' റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകളും സംവാദങ്ങളും കേന്ദ്രമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം, റെഡ്ഡിറ്റിനെപ്പോലെ ഒരു കമ്മ്യൂണിറ്റി-ഡ്രിവൻ ആപ്പ് ആയി പ്രവർത്തിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ
ഫേസ്ബുക്ക് ഗ്രൂപ്പുകളെ കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്കായി ഒരു പ്രത്യേക ഇടത്തിൽ ഏകോപിപ്പിക്കുക എന്നതാണ് ഫോറം ആപ്പിന്‍റെ പ്രധാന ആശയം. 'നിങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങൾ ചുറ്റിപ്പറ്റിയുള്ള ആഴമുള്ള സംഭാഷണങ്ങൾ, യഥാർത്ഥ മറുപടികൾ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്കായി നിർമ്മിച്ച ഒരു പ്രത്യേക സ്ഥലം' എന്ന രീതിയിലാണ് ആപ്പിന്‍റെ വിവരണം നൽകുന്നത്. പ്രത്യേക ഹോബികൾ മുതൽ പ്രാദേശിക ശുപാർശകൾ വരെ, സഹായ ഗ്രൂപ്പുകൾ വരെ എല്ലാം ഇതിൽ ഉൾപ്പെടും എന്ന് സൂചനകളുണ്ട്.
ഈ ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് അക്കൗണ്ട് ആവശ്യമാണ്. നിലവിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകൾ, പ്രൊഫൈൽ വിവരങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സ്വയം ഫോറത്തിലേക്ക് കൊണ്ടുവരപ്പെടും. കൂടാതെ ഉപയോക്താക്കൾക്ക് നിക്ക് നെയിം ഉപയോഗിച്ച് പോസ്റ്റുകൾ ചെയ്യാനും സാധിക്കും. എന്നാൽ ഫേസ്ബുക്കിൽ ഉള്ള ഗ്രൂപ്പുകൾ തുടരുകയും ഫോറം വഴി പങ്കുവെക്കുന്ന ഉള്ളടക്കം ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്യും.
ആപ്പിന്റെ ഇന്റർഫേസ് സംബന്ധിച്ച വിവരങ്ങളും ആപ്പ് സ്റ്റോർ ലിസ്റ്റിംഗിൽ കാണാം. ഉപയോക്താക്കളുടെ ഗ്രൂപ്പുകളിൽ നിന്നുള്ള ചർച്ചകൾ അടങ്ങിയ ഫീഡ്, തുടർച്ചയായ സംഭാഷണങ്ങളെ പിന്തുടരാനുള്ള സൗകര്യം, മുമ്പ് നിർത്തിയിടത്ത് നിന്ന് വീണ്ടും തുടർന്നുപോകാനുള്ള സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോറം ആപ്പിൽ ആസ്‍ക് എന്നൊരു ഫീച്ചറും ഉണ്ട്. ഇത് വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള മറുപടികൾ ശേഖരിച്ച് ഉപയോക്താക്കൾക്ക് വേഗത്തിൽ ശുപാർശകളും ഉത്തരങ്ങളും നൽകുന്നു. ഗ്രൂപ്പ് അഡ്‍മിനുകൾക്ക് ഫേസ്ബുക്കിൽ ലഭ്യമായ എല്ലാ ടൂളുകളും ഇവിടെ ലഭ്യമാകും. കൂടാതെ കമ്മ്യൂണിറ്റികളെ നിയന്ത്രിക്കാൻ, ഉള്ളടക്കം മോഡറേറ്റ് ചെയ്യാൻ, ആരോഗ്യകരമായ ഇടപെടൽ ഉറപ്പാക്കാൻ സഹായിക്കുന്ന എഐ ആധാരിത അഡ്‍മിൻ അസിസ്റ്റന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഒഎസ് 18 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കായി ആപ്പ് ലഭ്യമാക്കപ്പെട്ടിരിക്കുന്നു. 13 വയസും അതിൽ കൂടുതലുള്ളവർക്കാണ് പ്രായപരിധി. എന്നാൽ നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ആപ്പ് ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam