പ്രതിഫലം 1713 കോടി രൂപ! ആപ്പിളില്‍ നിന്ന് എഐ എഞ്ചിനീയറെ മോഹവില നല്‍കി റാഞ്ചി മെറ്റ

Published : Jul 10, 2025, 03:04 PM ISTUpdated : Jul 10, 2025, 03:07 PM IST
META

Synopsis

സീനിയര്‍ ആപ്പിള്‍ എഞ്ചിനീയര്‍ റൂമിങ് പാങിനെ ഏകദേശം 200 ദശലക്ഷം ഡോളര്‍ പ്രതിഫലം നല്‍കി സ്വന്തമാക്കി ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ

കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) രംഗത്ത് ടെക് ഭീമന്‍മാരുടെ പോര് മുറുകുന്നു. ആപ്പിളിന്‍റെ എഐ മോഡല്‍സ് വിഭാഗം തലവനായിരുന്ന റൂമിങ് പാങിനെ 200 ദശലക്ഷം ഡോളര്‍ (ഏകദേശം 17,13 കോടി രൂപ) പ്രതിഫലം വാഗ്‌ദാനം ചെയ്ത് ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ചൂണ്ടിയതാണ് പുതിയ വാര്‍ത്ത. എഐ രംഗത്ത് ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായി പരിചയസമ്പന്നരായ നേതൃനിരയെ സൃഷ്ടിക്കുകയാണ് മെറ്റയിപ്പോള്‍ എന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിളിലെ സീനിയര്‍ എഞ്ചിനീയറായിരുന്ന റൂമിങ് പാങിനെയാണ് മെറ്റ ഏകദേശം 1713 കോടി രൂപ പ്രതിഫലം നല്‍കി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ആപ്പിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ദൗത്യങ്ങളിലെ പ്രധാനിയായിരുന്നു പാങ്. 2021ല്‍ ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബറ്റില്‍ നിന്നാണ് റൂമിങ് പാങ് ആപ്പിളില്‍ ചേര്‍ന്നത്. ആപ്പിളില്‍ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ കൈകാര്യം ചെയ്യുന്ന ഏതാണ്ട് 100 പേരുടെ സംഘത്തെ നയിച്ചിരുന്നത് പാങ് ആയിരുന്നു. ആപ്പിള്‍ ഡിവൈസുകളിലെ ആപ്പിള്‍ ഇന്‍റലിജന്‍സ് അടക്കമുള്ള എഐ ഫീച്ചറുകള്‍ക്ക് കരുത്തുപകരുന്നത് ഈ ലാര്‍ജ് ലാംഗ്വേജ് മോഡലുകളാണ്.

പുതിയ ചുവടുമാറ്റത്തോടെ മെറ്റയുടെ പുതിയ 'സൂപ്പര്‍ ഇന്‍റലിജന്‍സ്' ടീമിലെ അംഗമായി റൂമിങ് പാങ്. മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് നേരിട്ടാണ് പാങിനെ സ്വന്തമാക്കാന്‍ മുന്നിട്ടിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. വര്‍ഷംതോറും വലിയ പ്രതിഫലമാണ് അദേഹത്തിനുള്ള വാഗ്‌ദാനം. ഓപ്പണ്‍എഐയില്‍ നിന്നുള്ള ഗവേഷകനായ Yuanzhi Li-യെയും മെറ്റ സ്വന്തമാക്കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ഓപ്പണ്‍എഐയും ഗൂഗിളിലുമായി മത്സരിക്കാന്‍ എഐയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സക്കര്‍ബര്‍ഗ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറുകളെല്ലാം. മെറ്റയുടെ എഐ ഡിവിഷനിലേക്ക് വലിയ പ്രതിഫലം വാഗ്‌ദാനം ചെയ്ത് വിദഗ്ധരെ എത്തിക്കുകയാണ് മാര്‍ക് സക്കര്‍ബര്‍ഗ്.

ജൂണ്‍ അവസാനത്തോടെ മെറ്റയുടെ എഐ വിഭാഗം മാര്‍ക് സക്കര്‍ബര്‍ഗ് പുതുക്കിപ്പണിതിരുന്നു. സൂപ്പര്‍ ഇന്‍റലിജന്‍സില്‍ ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് സക്കര്‍ബര്‍ഗിന്‍റെ നീക്കം. ഈ വര്‍ഷം മാത്രം എഐ കേന്ദ്രീകൃത പ്രൊജക്‌ടുകള്‍ക്കായി ബില്യണുകളാണ് മെറ്റ നീക്കിവച്ചത്. എഐയ്ക്ക് കരുത്ത് പകരാന്‍ ഡാറ്റാ സെന്‍ററുകളും ചിപ്പുകളും നിര്‍മ്മിക്കാനാണ് ഇതില്‍ കൂടുതല്‍ തുകയും മെറ്റ ഉപയോഗിക്കുന്നത്. ഇതിനൊപ്പമാണ് പ്രഗല്‍ഭരായ എഐ വിദഗ്‌ധരെയും മാര്‍ക് സക്കര്‍ബര്‍ഗ് മെറ്റ എഐ പദ്ധതികള്‍ക്കായി സ്വന്തമാക്കുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍