സ്വകാര്യത പ്രശ്‌നം; മെറ്റ സ്‌മാർട്ട് ഗ്ലാസുകളിലെ മുഖം തിരിച്ചറിയൽ ഫീച്ചറിനെതിരെ ശക്തമായ എതിർപ്പ്

Published : Apr 17, 2026, 11:06 AM IST
Meta-Logo

Synopsis

മെറ്റയുടെ സ്മാർട്ട് ഗ്ലാസുകളിൽ 'നെയിം ടാഗ്' എന്ന പേരിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ 77 സംഘടനകൾ രംഗത്ത്. ഈ ഫീച്ചർ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണെന്നും, ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി സംഘടനകൾ മാർക്ക് സുക്കർബർഗിന് തുറന്ന കത്തയച്ചു.

കാലിഫോര്‍ണിയ: അമേരിക്കൻ ടെക് ഭീമനായ മെറ്റ ഭാവിയിൽ പുറത്തിറക്കാനിരിക്കുന്ന സ്‌മാർട്ട് ഗ്ലാസുകളിലേക്ക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അധിഷ്‍ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സവിശേഷത ഉപയോക്താവിന്‍റെ ചുറ്റുപാടുമുള്ള ആളുകളെ തിരിച്ചറിയാൻ സഹായിക്കുമെന്ന റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് കാരണം. ഇതിനെതിരെ സ്വകാര്യതയും പൗരസ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന 77 സംഘടനകൾ ചേർന്ന് ഒപ്പുവെച്ച ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു.

പുലിവാല്‍ പിടിച്ച് മെറ്റ സ്‌മാര്‍ട്ട് ഗ്ലാസുകള്‍ 

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, ബോസ്റ്റൺ ടീച്ചേഴ്‌സ് യൂണിയൻ, ഫ്രീ സ്‍പീച്ച് കോയലിഷൻ തുടങ്ങിയ 77 പ്രമുഖ സംഘടനകൾ ഉൾപ്പെടുന്ന ഈ കൂട്ടായ്‌മ ഒപ്പിട്ട കത്ത് മെറ്റയുടെ സിഇഒ മാർക്ക് സുക്കർബർഗിന് അയച്ചു. ഈ തുറന്ന കത്ത് ഓൺലൈനിലും പ്രസിദ്ധീകരിച്ചു. റേ-ബാൻ, ഓക്ലി ഗ്ലാസുകളിൽ മുഖം തിരിച്ചറിയൽ ഫീച്ചർ ഉൾപ്പെടുത്താനുള്ള പദ്ധതികൾ ഉടനടി നിർത്തുകയും ‘നെയിം ടാഗ്’ എന്ന പേരിൽ വികസിപ്പിക്കുന്നതായി പറയുന്ന സാങ്കേതികവിദ്യ ഉപേക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഈ വർഷം ആദ്യം മെറ്റ നെയിം ടാഗ് എന്ന് വിളിക്കുന്ന ഒരു ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നെയിം ടാഗ് ഫീച്ചറിൽ ലൈവ് എഐ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ ഉപയോക്താവിന്‍റെ ചുറ്റുമുള്ള ആളുകളെയും വസ്‌തുക്കളെയും സ്വയം തിരിച്ചറിയാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ആളുകളെ തിരിച്ചറിയാൻ ആവശ്യമായ ഡാറ്റ എങ്ങനെ ശേഖരിക്കുമെന്ന് വ്യക്തമല്ല. എങ്കിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചർ, ത്രെഡ്‍സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഉപയോക്തൃവിവരങ്ങൾ ഉപയോഗിച്ചേക്കാം എന്ന ആശങ്ക ഉയരുന്നു. എന്നാൽ ഇവ വെറും ഊഹാപോഹങ്ങൾ മാത്രമാണ്.

സ്വകാര്യതയ്ക്ക് വലിയ ഭീഷണിയെന്ന് സംശയം 

ഈ സാങ്കേതികവിദ്യ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാകുമെന്നും സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവർക്കെതിരെ പിന്തുടരൽ, പീഡനം, അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഓപ്റ്റ്- ഔട്ട് സൗകര്യം നൽകിയാലും, അനുമതിയില്ലാതെ മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ ആകില്ലെന്നാണ് വിമർശനം. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് നടക്കുന്ന ദുരുപയോഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ മെറ്റ പരസ്യമായി വെളിപ്പെടുത്തണമെന്നും, അതിനെ പ്രതിരോധിക്കാൻ എടുത്ത നടപടികൾ വ്യക്തമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അതേസമയം, ഇക്കാര്യത്തിൽ പ്രതികരിച്ച മെറ്റ വക്താവ്, “ഞങ്ങളുടെ എതിരാളികൾ ഇത്തരം സവിശേഷതകൾ നൽകുന്നുണ്ടെങ്കിലും, ഞങ്ങൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ല' എന്ന് പറഞ്ഞു. ഭാവിയിൽ അവതരിപ്പിക്കേണ്ടി വന്നാൽ വളരെ സൂക്ഷ്‌മമായ സമീപനം സ്വീകരിക്കും എന്നും മെറ്റ വക്താവ് വ്യക്തമാക്കി.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് ഇന്ത്യക്കാരുടെ മനം കവരും; പ്രധാന സവിശേഷതകൾ പുറത്ത്
യൂട്യൂബ് ഷോർട്‍സ് വീഡിയോ ഫീഡ് പൂർണമായി ഓഫ് ചെയ്യാൻ പുതിയ സംവിധാനം