
ദില്ലി: ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ വൺപ്ലസ് അവരുടെ നോർഡ് സീരീസ് കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് മോഡൽ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പുറത്ത് വന്നത്. അടുത്ത മാസം തന്നെ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ “CPH2943” എന്ന മോഡൽ നമ്പറിലാണ് ഈ ഡിവൈസ് കണ്ടെത്തിയത്. പ്രമുഖ ടിപ്സ്റ്ററായ അഭിഷേക് യാദവ് പങ്കുവച്ച വിവരങ്ങൾ പ്രകാരം, ഇത് വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറങ്ങും. ഇതോടൊപ്പം വൺപ്ലസ് നോർഡ് സിഇ 6 മോഡലും ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പ്രധാന സവിശേഷതകളിൽ, മീഡിയാടെക്ക് ഡൈമൻസിറ്റി 7400 പ്രോസസർ ഉപയോഗിച്ചായിരിക്കും ഫോൺ പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. 2.60GHz വേഗതയിലുള്ള നാല് കോറുകളും 2.00GHz വേഗതയിലുള്ള നാല് കോറുകളും ഉൾപ്പെടുന്ന ഒക്‌ടാകോർ ചിപ്പാണ് ഇത്. Mali-G615 MC2 GPU കൂടി ഈ ഡിവൈസിൽ ഉൾപ്പെടും. 8 ജിബി റാം സപ്പോർട്ടോടുകൂടി ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.
ഗീക്ക്ബഞ്ച് ടെസ്റ്റുകളിൽ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിംഗിൾ കോർ ടെസ്റ്റിൽ 1,068 പോയിന്‍റും മൾട്ടി കോർ ടെസ്റ്റിൽ 2,953 പോയിന്‍റും നേടി. ഇത് മിഡ്-റേഞ്ച് വിഭാഗത്തിൽ നല്ല പ്രകടനം ഉറപ്പാക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഈ ഫോണിന്‍റെ ഡിസ്പ്ലേയും ബാറ്ററിയും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 6.7 ഇഞ്ച് വലുപ്പമുള്ള 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള എൽസിഡി സ്ക്രീനും 7,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും ഫോണിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്യാമറ വിഭാഗത്തിൽ 50എംപി ഡ്യുവൽ റിയർ ക്യാമറയും 16എംപി ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കുന്നു.
വില സംബന്ധിച്ചും ആകർഷകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിന് ഏകദേശം 23,000 രൂപയ്ക്കു താഴെയായിരിക്കും ആരംഭ വില. ഓഫറുകൾ ഉൾപ്പെടുമ്പോൾ ഇത് 20,000 രൂപയ്ക്കു താഴെയാകാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷംനോർഡ് സിഇ ലൈറ്റ് സീരീസ് തിരിച്ചെത്തുന്നത് വിപണിയിൽ വലിയ ശ്രദ്ധ നേടുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാം.