
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പറയുന്നതെല്ലാം പൂർണ്ണമായും വിശ്വസിക്കരുതെന്ന് എഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എഐയിലെ നിക്ഷേപങ്ങൾ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു കുമിളപോലെയാണെന്നും അങ്ങനെ സംഭവിച്ചാൽ ആരും രക്ഷപ്പെടില്ലെന്നും അദേഹം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയുടെ ഈ തുറന്നുപറച്ചിൽ.
എഐ മോഡലുകൾ പിശകുകൾക്ക് സാധ്യതയുള്ളവയാണെന്നും അതിനാൽ ഉപയോക്താക്കൾ മറ്റ് ഉപകരണങ്ങളുമായി സന്തുലിതമായി അവ ഉപയോഗിക്കണം എന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി. എഐയെ മാത്രം ആശ്രയിക്കുന്നതിനുപകരം ശക്തമായ ഒരു വിവര സംവിധാനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദേഹം പറഞ്ഞു. അതുകൊണ്ടാണ് ആളുകൾ ഗൂഗിൾ സെർച്ചിംഗ് ഉപയോഗിക്കുന്നതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും സുന്ദർ പിച്ചൈ അവകാശപ്പെട്ടു. അതേസമയം ക്രിയേറ്റീവായി എന്തെങ്കിലും എഴുതാൻ ആഗ്രഹിക്കുമ്പോൾ എഐ ടൂളുകൾ സഹായകരമാണെന്ന് സുന്ദർ പിച്ചൈ സമ്മതിച്ചു. പക്ഷേ അവ ശരിയായ ഉദ്ദേശ്യത്തിനായി ഉപയോഗിക്കണമെന്നും അവർ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നും ആളുകൾ മനസിലാക്കണമെന്നും അദേഹം ആവർത്തിച്ചു.
മെയ് മാസത്തിൽ, ഗൂഗിൾ അതിന്‍റെ സെർച്ച് എഞ്ചിനിൽ ഒരു എഐ മോഡ് ആരംഭിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് വിദഗ്ദ്ധ അനുഭവം നൽകുന്നതിന് ജെമിനി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നു. കൃത്യമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുവെന്നും പക്ഷേ ഇന്നത്തെ എഐ സാങ്കേതികവിദ്യയിൽ ഇപ്പോഴും ചില പിശകുകൾ ഉണ്ടെന്നും എന്ന് സുന്ദർ പിച്ചൈ പറഞ്ഞു. എഐയിലെ നിക്ഷേപങ്ങൾ വലിയ വാഗ്‌ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ ഒരു പരിധിവരെ യുക്തിരാഹിത്വം ഉണ്ടെന്നും അദേഹം പറഞ്ഞു. എഐ കുമിള പൊട്ടിത്തെറിക്കുന്നതിൽ നിന്ന് ഗൂഗിളിന് സ്വയം സംരക്ഷിക്കാൻ കഴിയുമോ എന്ന് ചോദ്യത്തിന് മറുപടിയായി ഒരു കമ്പനിയും അതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരല്ലെന്ന് സുന്ദർ പിച്ചൈ പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം