
കാലിഫോര്‍ണിയ: ലോകത്തിലെ പേഴ്‌സണൽ കമ്പ്യൂട്ടർ വിപണിയുടെ ഏറ്റവും വലിയ പങ്ക് മൈക്രോസോഫ്റ്റിന്‍റെ കൈവശമാണ്. ഇന്ന് ദശലക്ഷക്കണക്കിന് പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇപ്പോൾ മൈക്രോസോഫ്റ്റിന്‍റെ ദശലക്ഷക്കണക്കിന് സ്വന്തം ഉപഭോക്താക്കൾ കമ്പനിക്ക് ഒരു തലവേദനയായി മാറിയിരിക്കുന്നു. പുതിയ വിന്‍ഡോസ് 11 ഒഎസിൽ സുഖകരമായി പ്രവർത്തിക്കാൻ കഴിയുന്ന ഏകദേശം 50 കോടി പിസികൾ ഉണ്ടെന്നും എന്നിട്ടും അവ അപ്‌ഗ്രേഡ് ചെയ്യുന്നില്ല എന്നുമാണ് കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ ഡെൽ പറയുന്നത്.
ഇത്രയും വലിയ തോതിലുള്ള അപ്‌ഗ്രേഡിന്‍റെ അഭാവം മൊത്തത്തിലുള്ള പിസി വിപണിയെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ സൂചനയാണെന്ന് ഡെല്ലിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ്രി ക്ലാർക്ക് കമ്പനിയുടെ ഏറ്റവും പുതിയ അവലോകനത്തിൽ പറഞ്ഞു. നാല് വർഷത്തിലധികം പഴക്കമുള്ള ഏകദേശം 50 കോടി കമ്പ്യൂട്ടറുകൾ വിൻഡോസ് 11-ന് യോഗ്യമല്ലെന്നും അതായത് അവയിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. മൊത്തത്തിൽ, ഏകദേശം ഒരു ബില്യൺ കമ്പ്യൂട്ടറുകൾ അപ്‌ഗ്രേഡുകളില്ലാതെ പ്രവർത്തിക്കുന്നു. ഇത് വലിയ സുരക്ഷാ ഭീഷണിയാണ്.
ഇതാദ്യമായാണ് ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ കമ്പനി പിസി അപ്‌ഗ്രേഡുകൾ തീർപ്പാക്കാത്തത് സംബന്ധിച്ച കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടുന്നത്. 50 കോടി പിസികൾ അപ്‌ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും അവയെ വിൻഡോസ് 11-ലേക്ക് കൊണ്ടുവരുന്നത് എളുപ്പമല്ലെന്ന് ജെഫ്രി ക്ലാർക്ക് വിശദീകരിച്ചു. ഇന്ന് എഐ കരുത്തുള്ള പിസികളുടെ വില ഗണ്യമായി വർധിച്ചു. കൂടാതെ റാമിന്‍റെയും സ്റ്റോറേജിന്‍റെയും വില വർധിക്കുന്നത് പുതിയ കമ്പ്യൂട്ടർ വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കി. തൽഫലമായി, ദശലക്ഷക്കണക്കിന് ആളുകൾ കമ്പ്യൂട്ടർ അപ്‌ഗ്രേഡുകൾ മാറ്റിവയ്ക്കുകയോ അനൗദ്യോഗിക അപ്‌ഡേറ്റുകളെ ആശ്രയിക്കുകയോ ചെയ്യുന്നു. ഈ പ്രശ്‌നം മുമ്പ് വിൻഡോസ് എക്‌സ്‌പിയിൽ കണ്ടിരുന്നതായും ജെഫി ക്ലാർക്ക് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം