ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു

By Web TeamFirst Published Jan 1, 2019, 9:52 AM IST
Highlights

ഫോണ്‍ ചാര്‍ജിംഗ് ഫുള്ളായി സ്വിച്ച് ഓഫാക്കാനായി ഒരുങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്

മുംബൈ: ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു.   മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് ചാര്‍ജ് ചെയ്യാന്‍ ഇട്ട ഫോണ്‍ പൊട്ടിത്തെറിച്ച സംഭവം നടന്നത്. പൊള്ളലേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.  രാജേന്ദ്ര ഷിൻഡെ, ഭാര്യ രോഷിനി, മക്കളായ രചന, അഭിഷേക് എന്നിവർക്കാണ് പൊള്ളലേറ്റത്. താൻ കിടക്കയിലും ഭാര്യയും മക്കളും നിലത്തും കിടക്കുന്നതിനിടെയാണ് ചാർജിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നു രാജേന്ദ്ര ഷിൻഡെ പൊലീസിനോട് പറഞ്ഞു. 

ഫോണ്‍ ചാര്‍ജിംഗ് ഫുള്ളായി സ്വിച്ച് ഓഫാക്കാനായി ഒരുങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൈവിരലുകളിലും കാലിലും മുഖത്തുമായി രാജേന്ദ്രക്കു 32 ശതമാനം പൊള്ളലേറ്റതായി ഇവർ ചികിത്സയിൽ കഴിയുന്ന താനെ സിവിൽ ആശുപത്രിയിലെ ഡോ കൈലാസ് പവാര്‍ പറഞ്ഞു. 

വലത്തെ കാലിലും മുഖത്തുമായി 26 ശതമാനം പൊള്ളലാണ് രോഷിനിക്കേറ്റിട്ടുള്ളത്. പൊട്ടിത്തെറിച്ച ഫോൺ രണ്ടു മാസം മുൻപാണ് വാങ്ങിയത്. സ്ഫോടനത്തെ തുടർന്നു വീട്ടിലെ കർട്ടനുകൾക്കും ബെഡ്ഷീറ്റുകൾക്കും തീ പിടിച്ചു. ജനലിനടുത്തായാണ് ഫോൺ ചാർജ് ചെയ്യാനിട്ടിരുന്നത്. അമിതമായി ചാർജു ചെയ്യുന്നതു മാത്രമായിരിക്കില്ല ഇത്തരത്തിൽ ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ബാറ്ററിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അപകടത്തിനു കാരണമായേക്കും. പ്രൊസസർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതു മൂലം ഫോൺ പെട്ടെന്നു തണുക്കാത്തതും ഒരു കാരണമായേക്കാം. നിർമാണ ഘട്ടത്തിൽ തന്നെ ഫോണിനു തകരാറുണ്ടെങ്കിലും ഇതു പൊട്ടിത്തെറിക്കു കാരണമായേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

click me!