മരണക്കളി വീണ്ടും, ഇത്തവണ പേര് 'മോമോ'

By Web TeamFirst Published Aug 6, 2018, 2:37 PM IST
Highlights

വാട്സ്ആപ്പ് വഴി മോമോ എന്ന അജ്ഞാതനെ ബന്ധപ്പെടാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് പേടിപ്പെടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും.

ലോകത്തെ ആകമാനം ഞെട്ടിച്ച് കഴിഞ്ഞ വര്‍ഷം വൈറലായ ബ്ലൂ വെയില്‍ ഗെയിം ആരും മറന്നുകാണില്ല. സമാനമായി കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മോമോ ഗെയിം ആണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ പടര്‍ന്ന് പിടിക്കുന്നത്. 

വാട്സ്ആപ്പ് വഴി മോമോ എന്ന അജ്ഞാതനെ ബന്ധപ്പെടാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് പേടിപ്പെടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും. സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.

മോമോ അയക്കുന്ന മെസ്സേജുകള്‍ കുട്ടികളുടെ മാനസ്സിക നില തന്നെ തെറ്റിക്കുകയും അവര്‍ ആത്മഹത്യയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

മോമോയുടെ ഐകണ്‍ ആയി ഉപയോഗിക്കുന്നത് തുറിച്ച കണ്ണുകളുള്ള വിചിത്ര മുഖത്തോട് കൂടിയ പെണ്‍കുട്ടിയുടെ ചിത്രമാണ്. മിഡോറി ഹയാഷി എന്ന ചാപ്പനീസ് ചിത്രകാരന്‍ തയ്യാറാക്കിയ ശില്‍പ്പമാണ് ഇത്. എന്നാല്‍ അദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം അര്‍ജന്‍റീനയില്‍ 12 വയസ്സുകാരി ആത്ഹത്യ ചെയ്തിരുന്നു. ഇത് മോമോ ഗെയിമിന്‍റെ സ്വാധീനം മൂലമാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

വാട്സ്ആപ്പ് വഴി അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീമിന്‍റെ കണ്ടെത്തല്‍.  മോമോ യെ വാട്സാപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സ്പെയിന്‍ ആവശ്യപ്പെടുന്നത്.

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സുരക്ഷയില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അനാവശ്യ നമ്പറുകള്‍ ബ്ലോക് ചെയ്യാന്‍ സൗകര്യമുണ്ടെന്നും വാട്സ്ആപ്പ് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സുരക്ഷിതമല്ലെന്ന് തോനുന്ന നമ്പറുകള്‍ തങ്ങള്‍ക്ക് അയച്ചു തരണമെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും പ്രസ്താവനയിലൂടെ അധികൃതര്‍ വ്യക്തമാക്കി. 


 

click me!