ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ പിടിക്കാന്‍ സഹായിച്ചത് ഒരു കുഞ്ഞ് ആപ്പ്

By Web TeamFirst Published Aug 6, 2018, 12:53 PM IST
Highlights

115 സീറ്റുകള്‍ നേടി പിടിഐ മേധാവിയും മുന്‍ പാക് ക്രിക്കറ്റ് നായകനുമായ  ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അത് സിഎംഎസ് എന്ന ഒരു ചെറു ആപ്പിന്‍റെ വിജയം കൂടിയാണ്. 

ഇസ്‌ലാമബാദ്:  പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ വന്‍കുതിപ്പ് നടത്തിയ തെഹരികെ ഇന്‍സാഫ് പാര്‍ട്ടിയുടെ വിജയം തെരഞ്ഞെടുപ്പിലെ ടെക്നോളജിയുടെ വിജയം കൂടിയാണ്. 115 സീറ്റുകള്‍ നേടി പിടിഐ മേധാവിയും മുന്‍ പാക് ക്രിക്കറ്റ് നായകനുമായ  ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അത് സിഎംഎസ് എന്ന ഒരു ചെറു ആപ്പിന്‍റെ വിജയം കൂടിയാണ്.  കോണ്‍സ്റ്റിറ്റ്യുവന്‍സി മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എന്നാണ് ആപ്പിന്‍റെ പൂര്‍ണ്ണരൂപം.

അഞ്ച് കോടിയോളം വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അത് ഉപയോഗപ്പെടുത്താനും പിടിഐയ്ക്ക് തുണയായത് ഈ ആപ്പാണ്. മുഖ്യ എതിരാളി പിപിപിക്കാണ് പിടിഐയെക്കാള്‍ മികച്ച സൈബര്‍ പ്രചരണ ടീം ഉള്ളത് എന്നാണ് പാക് തെരഞ്ഞെടുപ്പ് സമയത്ത് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടിയൊഴുക്കുകള്‍ മനസിലാക്കാന്‍ കൂടുതല്‍ വെളിച്ചത്ത് വരാതെ രഹസ്യമായാണ് സിഎംഎസ് എന്ന ആപ്പ് ഉപയോഗിച്ച് അമീര്‍ മുഗളിന്‍റെ നേതൃത്വത്തില്‍ പിടിഐയുടെ പ്രവര്‍ത്തനം. അത് മര്‍മ്മത്തില്‍ തന്നെ ഫലിച്ചു.

അമേരിക്കന്‍ ബിസിനസുകാരനായ താരിഖ് ദിനും, ടെക്നോളജി വിദഗ്ധനായ ഷെഹസാദ് ഗുല്ലും ചേര്‍ന്നാണ് ഈ ആപ്പ് നിര്‍മ്മിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിഎംഎസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞതോടെ പൊതു തിരഞ്ഞെടുപ്പിലും പാര്‍ട്ടി ആപ്പ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍ വിമര്‍ശനത്തിന് കുറവൊന്നും ഇല്ല, അഞ്ചുകോടിയിലധികം വോട്ടര്‍മാരെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരണവും. പാക്ക് സൈന്യം ഇമ്രാനെ അകമഴിഞ്ഞു സഹായിച്ചുവെന്നാണ് പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാന്‍ മുസ്ലീംലീഗും, പിപിപിയും പറയുന്നത്. ഇത് പിടിഐ തള്ളികളയുകയും ചെയ്യുന്നു. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് 'ആപ്പ്' പ്രവര്‍ത്തനത്തിന് പിന്നില്‍ എന്ന് ഇമ്രാന്‍റെ അനുകൂലികള്‍ പറയും.

തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലും, തങ്ങളുടെ വോട്ട് ഉറപ്പിക്കുന്നതിനും, വോട്ട് കൃത്യമായി ചെയ്യിപ്പിക്കുന്നതിനും ഇമ്രാന്‍റെ പാര്‍ട്ടിക്ക് തുരുപ്പ് ചീട്ടായി സിഎംഎസ്. വോട്ടെടുപ്പ് ദിവസം പാകിസ്ഥാനിസെ ടെലിഫോണ്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് നിശ്ചലമായതോടെ മറ്റു പാര്‍ട്ടികള്‍ക്ക് അവസാന നിമിഷം വോട്ട് ഉറപ്പിക്കാന്‍ വലിയ പാടായി, എന്നാല്‍ സിഎംഎസ് എന്ന ആപ്പിലൂടെ ഇമ്രാന്‍റെ പാര്‍ട്ടി ഈ ഘട്ടത്തില്‍ ഗോളടിച്ചു എന്ന് തന്നെ പറയാം. 

ആദ്യഘട്ടത്തില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരെ നിയോഗിച്ച് അഞ്ചു കോടിയിലേറെ വോട്ടര്‍മാരുടെ വിവരശേഖരണം നടത്തി. വോട്ടര്‍ പട്ടിക സ്‌കാന്‍ ചെയ്തായിരുന്നു വിവരശേഖരണം. പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുള്ള വോട്ടര്‍മാരുടെ വിവരങ്ങളാണു പ്രധാനമായി ശേഖരിച്ചത്. 

വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്താല്‍ പ്രവര്‍ത്തകര്‍ക്കു കൃത്യമായി അവരുടെ വിലാസവും വീട്ടില്‍ മറ്റാരൊക്കെ ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞിരുന്നു. വോട്ടെടുപ്പു ദിവസം ഇവരുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീണെന്ന് ഉറപ്പിക്കാനും പിടിഐയ്ക്ക് സാധിച്ചു. വോട്ടെടുപ്പു ദിവസം പിടിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍ സ്ലിപ്പുകളുടെ പ്രിന്‍റ് എടുത്തതും ഈ ആപ്പ്ഉപയോഗിച്ചതാണ്. 

തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആപ്പുപയോഗിച്ചു പ്രിന്റ് എടുക്കാന്‍ സൗകര്യം കിട്ടിയതോടെ അത്രയും സമയം കൂടി പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു.  2013ലെ തിരഞ്ഞെടുപ്പില്‍ സൈബര്‍ പ്രചാരണത്തില്‍ പിന്നോട്ടു പോയതാണു തിരിച്ചടിക്കു കാരണമെന്ന് വിലയിരുത്തിയാണ് ഇത്തവണ ആ രംഗത്ത് പിടിഐ മേല്‍കൈ നേടിയത്. 

തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഇമ്രാന്‍ നേരിട്ടു തന്നെ ആപ്പ് വാട്‌സാപ്പിലൂടെ ആപ്പിന്‍റെ എപികെ ഫയല്‍ അയച്ചു കൊടുത്തു. എല്ലാ സ്ഥാനാര്‍ഥികളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കൃത്യമായി നിര്‍ദേശം നല്‍കി. വിജയസാധ്യതയുള്ള 150 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സൈബര്‍ പ്രചാരണം. 

click me!