സംസ്ഥാനത്ത് മഴ നാല്‍പത്തി ഒന്ന് ശതമാനം വര്‍ദ്ധിച്ചു

By Web TeamFirst Published Aug 11, 2018, 6:25 AM IST
Highlights

അഞ്ച് ജില്ലകളില്‍ മഴയുടെ അളവ് ഗണ്യമായി കൂടിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് ലഭിച്ചത് 231.2 മില്ലിലിറ്റര്‍ അധിക മഴ. അഞ്ച് ജില്ലകളില്‍ മഴയുടെ അളവ് ഗണ്യമായി കൂടിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.   ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയ വടക്കന്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് സിഡബ്ല്യീആര്‍ഡിഎമ്മും വിലയിരുത്തുന്നു  

ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. . ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം മഴ കിട്ടിയതെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. സാധാരണ 1602.4 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന ഇക്കാലയളവില്‍  ഇടുക്കിയില്‍ ഇപ്പോള്‍ തന്നെ  2265 മില്ലീമീറ്റര്‍ മഴ പെയ്തു കഴിഞ്ഞു.  

41 ശതമാനത്തിന്‍റെ വര്‍ധന. തൊട്ട് പിന്നില്‍ പാലക്കാടാണ് 38 ശതമാനം അധിക മഴ പാലക്കാട് കിട്ടി. കോട്ടയം, എറണാകുളം, മലപ്പുറം, എന്നിവിടങ്ങളിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ മഴ കിട്ടി. എന്നാല്‍ മഴമേഘങ്ങളുടെ ഏറ്റകുറച്ചില്‍ മൂലം കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളില്‍  മുന്‍വര്‍ഷത്തേക്കാള്‍ മഴ കുറഞ്ഞു.

ന്യൂനമര്‍ദ്ദം, കാറ്റിന്‍റെ ഗതിവേഗത്തിലുള്ള ഏറ്റകുറച്ചിലുകള്‍ മൂലം അന്തരീക്ഷത്തില്‍ രൂപം കൊണ്ട ചുഴി, തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണില്‍ പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തികൂടിയത് തുടങ്ങിയ ഘടകങ്ങളാണ് മഴ കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ അതീവ പരിസ്ഥിതി ലോല മേഖലകളായി ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്ന് സിഡബ്ല്യആര്‍ഡിഎം വിലയിരുത്തി. 

സ്വാഭാവിക ആവാസവ്യവസ്ഥക്ക് മാറ്റം വരുന്ന തരത്തില്‍ നിര്‍മ്മാണങ്ങള്‍ നടന്നതെന്നാണ് ഇത്തരം മേഖലകളില്‍ ദുരന്തങ്ങള്‍ക്ക് കാരണമായതെന്നും ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സര്‍ക്കാരിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളെയാണ് പഠന വിധേയമാക്കിയത്.

click me!