ആദ്യഫോണിലേക്ക്, ആദ്യം വന്ന കോള്‍.!

By Web TeamFirst Published Sep 21, 2018, 2:49 PM IST
Highlights

താങ്കളുടെ ഫോണിന്ന് ശബ്ദം കുറവാണെന്നും ഒരു സ്റ്റീൽ പാത്രമെടുത്ത് ശബ്ദമുണ്ടാക്കാനും ആവശ്യപ്പട്ടു. പ്ലേറ്റും,ഗ്ലാസും. എന്തിന് വീട്ടിലെ കിണ്ണം കൂടി കൊട്ടിച്ചു. അതും പതിരാത്രിക്ക്. റേഞ്ച്  ചെക്ക് ചെയ്യാൻ ഉയർന്ന പ്രദേശത്ത് നിൽക്കാൻ പറഞ്ഞപ്പോൾ പാതിരായ്ക്ക് പുളിയുറുമ്പുള്ള മാവിൽ വലിഞ്ഞ് കേറി -  നിധിൻ വയക്കാടി എഴുതുന്നു

സ്കൂൾ വിട്ട് സൈക്കിൾ എടുത്ത് ഞാൻ വീട്ടിലേക്ക് കുതിച്ചു , ബ്രേക്ക് ഇത്തിരി കുറവാണ് എന്നാലും സാരൂല മാസാവസാനം ആണ്. ഈ മാസത്തെ പത്രമിട്ട പൈസ 270 ബാസ്കരാട്ടൻ നാളെ തരും. ഇന്ന് തന്നെ പോയി ഭണ്ഡാരപ്പെട്ടിയിലെ പൈസ എണ്ണണം. വിവേകിന്‍റെ ഫോണിൽ ക്രിക്കറ്റ് ഗെയിം ഉണ്ട് അത് പോലൊരെണ്ണം നാളെ മട്ടന്നൂർന്ന് വാങ്ങണം. ഓനെ ഫോൺ വിളിക്കുമ്പോൾ പാട്ടും കേൾക്കാം. അന്ന് രാത്രി ഉറക്ക് വന്നതെ ഇല്ല. ഒരു വിധം നേരം വെളുപ്പിച്ചു. 

നല്ല മഴയുള്ള ദിവസം, റോഡിലെങ്ങും ഇരുട്ടായിരുന്നു. ഇന്നലെ കടപുഴകി വീണ മുരിക്കു മരത്തിൽ സൈക്കിൾ ഇടിച്ചു തെറിച്ചു വീണു. എന്നിട്ടും  തളരാതെ മഴ നനഞ് ഞാൻ പത്രമിടാൻ കുതിച്ചു. വൈകിട്ട് വാങ്ങിക്കേണ്ട ഫോണിന്‍റെ ചിന്ത മാത്രമായിരുന്നു മനസിൽ. ആ ദിവസത്തെ മുഴുവൻ സമയവും വേറെ ഒരു ലോകത്തായിരുന്നു. ആകെ  കൂടി 2100 രൂപ. വൈകിട്ട് അമ്മേനേം കൂട്ടി പോയി നോക്കിയ കളർ ഫോൺ തന്നെ വാങ്ങി. ലോകം കീഴടക്കിയ സന്തോഷായിരുന്നു ആ ഒൻപതാം ക്ലാസുകാരന്‍. 

എല്ലാവര്‍ക്കും ഐഡിയ സിം ആയിരുന്നു.  രതീഷേട്ടന്‍റെ പീടികയിൽ നിന്ന് സിം എടുത്തു. സന്തോഷത്തിന്‍റെ മൂർധന്യാവസ്ഥയിൽ നിൽക്കെ ഒരു നമ്പറിൽ നിന്ന് എന്‍റെ നമ്പറിലേക്ക്  ഫോൺ വന്നു. കസ്റ്റമർ കെയർ ആണെന്ന് പറഞ്ഞു. താങ്കളുടെ ഫോണിന്ന് ശബ്ദം കുറവാണെന്നും ഒരു സ്റ്റീൽ പാത്രമെടുത്ത് ശബ്ദമുണ്ടാക്കാനും ആവശ്യപ്പട്ടു. പ്ലേറ്റും,ഗ്ലാസും. എന്തിന് വീട്ടിലെ കിണ്ണം കൂടി കൊട്ടിച്ചു. അതും പതിരാത്രിക്ക്. റേഞ്ച്  ചെക്ക് ചെയ്യാൻ ഉയർന്ന പ്രദേശത്ത് നിൽക്കാൻ പറഞ്ഞപ്പോൾ പാതിരായ്ക്ക് പുളിയുറുമ്പുള്ള മാവിൽ വലിഞ്ഞ് കേറി. അവസാനം ഫോൺ നാളെ കട്ട് ആകുമെന്നും പറഞ്ഞ് അവർ കട്ട് ചെയ്തു. 

എന്റെ വീട് ശ്മശാനമൂകമായി. സൈക്കിൾ എടുത്ത് 8 കിലോമീറ്റര്‍ അപ്പുറമുള്ള രതീശേട്ടന്‍റെ വീട്ടിലേക്ക് വിട്ടു. ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് വീണ പുള്ളിയെ വിളിച്ചെഴുന്നേൽപിച്ചു .. പരിഭ്രാന്തരായി എല്ലാരും എഴുന്നേറ്റു. ഞാൻ കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞു. അപ്പോൾ തന്നെ പുള്ളി ആ നമ്പറിലേക്ക് വിളിച്ചു. അപ്പോഴാണ് സംഗതി മനസിലായത് '.. അയൽവക്കത്തെ വിപിയേട്ടന്റെ ലീലാവിലാസങ്ങളായിരുന്നെന്ന്. പറ്റിയ അമളി മനസിലായപ്പോൾ  ഒന്നും മിണ്ടാതെ വീട്ടിലേക്ക് മടങ്ങി. കൊച്ചു കുട്ടി പരാധീനക്കാരന്‍റെ  നിഷ്ക്കളങ്ക ബാല്യം എവിടെയോ കളഞ്ഞ് പോയിരിക്കുന്നു. ഓർമകളിലെ ഫോൺ എന്നും ഓർക്കാൻ തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ ഓർമക്കൾക്കപ്പുറം വിയർപ്പു നുകർന്ന ഇന്നലെകളുടെ നെടുവീർപ്പ് കൂടിയാണ്.

click me!