നിങ്ങളുടെ വളർത്തുമൃഗങ്ങളോട് സംസാരിക്കുന്നത് ഇനി ഒരു സ്വപ്‍നമല്ല! ഇതാ എഐയുടെ പുതിയ അത്ഭുതം

Published : Jul 17, 2025, 03:25 PM ISTUpdated : Jul 17, 2025, 03:28 PM IST
pets

Synopsis

എഐയുടെ സഹായത്തോടെ മൃഗങ്ങളോട് സംസാരിക്കാനും അവരുടെ വികാരങ്ങൾ മനസിലാക്കാനുമുള്ള ഗവേഷണങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് തുടങ്ങിയിരിക്കുന്നു

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐയുടെ കാലമാണിത്. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് എഐ സാങ്കേതികവിദ്യ. ഇപ്പോഴിതാ എഐയുടെ സഹായത്തോടെ മൃഗങ്ങളോട് സംസാരിക്കാനും അവയുടെ വികാരങ്ങൾ മനസിലാക്കാനുമുള്ള ശ്രമങ്ങളും മനുഷ്യൻ തുടങ്ങിയിരിക്കുന്നു. ലണ്ടൻ സ്‍കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (എൽഎസ്ഇ) ആണ് ഈ വിപ്ലവകരമായ നീക്കത്തിനു പിന്നിൽ. ഇതിന്‍റെ ഭാഗമായി ജെറമി കോളർ സെന്‍റർ ഫോർ അനിമൽ സെന്‍റിയൻസ് എന്നൊരു ഗവേഷണ കേന്ദ്രം ആരംഭിക്കാൻ പോകുകയാണ്. മൃഗങ്ങളുടെ അവബോധത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ഗവേഷണ കേന്ദ്രമാണിത്. കൃത്രിമബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകളിലൂടെ വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ മനുഷ്യർക്ക് എങ്ങനെ നന്നായി മനസിലാക്കാൻ സാധിക്കുമെന്ന് ഇവിടെ ഗവേഷണം നടക്കും. നാല് ദശലക്ഷം പൗണ്ട് ചെലവ് വരുന്ന ഈ കേന്ദ്രം സെപ്റ്റംബർ 30ന് പ്രവർത്തനങ്ങൾ ആരംഭിക്കും.

ഇവിടുത്തെ നിരവധി പ്രോജക്ടുകളിൽ, ഏറ്റവും ആവേശകരമായ ഒന്ന്, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആശയവിനിമയം എഐ എങ്ങനെ സാധ്യമാക്കുമെന്നതിനെക്കുറിച്ചുള്ള പര്യവേക്ഷണമാണ്. പെരുമാറ്റ സൂചനകളും പാറ്റേണുകളും ഡീകോഡ് ചെയ്യുന്നതിലൂടെ, വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് അവരുടെ മൃഗങ്ങൾ എന്താണ് അനുഭവിക്കുന്നതെന്നോ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്നോ മികച്ച രീതിയിൽ വ്യാഖ്യാനിക്കാൻ അനുവദിക്കുന്ന ഉപകരണങ്ങൾ ഇവിടെ വികസിപ്പിക്കാൻ സാധിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

എഐയുടെ സഹായത്തോടെ ഭാവിയിൽ വളർത്തുമൃഗങ്ങളോട് സംസാരിക്കുന്നത് എളുപ്പമാകുമെന്ന് ഗവേഷകര്‍ പറയുന്നു. വളർത്തുമൃഗങ്ങളോട് സംസാരിക്കാനും അവയുടെ വികാരങ്ങൾ മനസിലാക്കാനും ആഗ്രഹിക്കുന്ന എല്ലാവരെയും ഇത് സഹായിക്കും. വളർത്തുമൃഗങ്ങൾക്ക് പുറമേ, പ്രാണികൾ, ഞണ്ടുകൾ, കട്ടിൽഫിഷ് തുടങ്ങിയ ജീവികളിലും ഇവിടെ ഗവേഷണം നടക്കും. ഇതിനായി ന്യൂറോ സയൻസ്, വെറ്ററിനറി സയൻസ്, നിയമം, ബയോളജി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഈ സ്ഥാപനത്തിൽ ഒരുമിച്ച് പ്രവർത്തിക്കും. അവർ ഗവേഷണം നടത്തുകയും വളർത്തുമൃഗങ്ങളുമായി ആശയവിനിമയം നടത്താൻ എഐ എങ്ങനെ സഹായിക്കുമെന്ന് കണ്ടെത്തുകയും ചെയ്യും. നാല് ദശലക്ഷം പൗണ്ട്, അതായത് ഏകദേശം 42 കോടി രൂപ ചെലവിലാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.

പ്രൊഫസർ ജോനാഥൻ ബിർച്ച് ആണ് ഈ കേന്ദ്രത്തിന്‍റെ ഡയറക്‌ടര്‍. മൃഗങ്ങളുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ശരിയായതും ധാർമ്മികവുമായ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നമ്മൾ അടിയന്തിരമായി നിർമ്മിക്കേണ്ടതുണ്ടെന്ന് ബിർച്ച് പറഞ്ഞു. നിലവിൽ അത്തരം നിയമങ്ങളൊന്നുമില്ല. ലോകമെമ്പാടും പിന്തുടരാൻ കഴിയുന്ന അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ നിർമ്മിക്കാൻ ഈ ഗവേഷണ കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. വളർത്തുമൃഗങ്ങളുമായി സംസാരിക്കാൻ എഐ എങ്ങനെ മനുഷ്യരെ സഹായിക്കുമെന്നും അത് തെറ്റായി പോകുന്നതിന്‍റെ അപകടങ്ങളും അങ്ങനെ സംഭവിക്കുന്നത് തടയാൻ എന്തുചെയ്യണമെന്ന് കൂടി പഠിക്കുക എന്നതാണ് ഈ കേന്ദ്രത്തിന്‍റെ പ്രധാന പദ്ധതികളിൽ ഒന്ന്.

എന്തായാലും ഭാവിയിൽ നിങ്ങളുടെ ഓമനപ്പൂച്ച മുഖം ചുളിക്കുകയാണെങ്കിലോ, നായക്കുട്ടി കരയുകയാണെങ്കിലോ, മുയൽ കൈകാലുകൾ കൊണ്ട് വിചിത്രമായ ഒരു കാര്യം ആവർത്തിച്ച് ചെയ്യുകയാണെങ്കിലോ നിങ്ങൾക്ക് അവർ പറയാൻ ശ്രമിക്കുന്നത് തീർച്ചയായും തിരിച്ചറിയാൻ സാധിച്ചേക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം