
ദില്ലി: രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാരിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകൾ ബ്രൗസറിൽ കണ്ടെത്തിയെന്നാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുക.
ഗൂഗിൾ ക്രോമിൽ നിരവധി പിഴവുകൾ കണ്ടെത്തിയതായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സുരക്ഷാ ബുള്ളറ്റിനിൽ പറയുന്നു. ഇത് വിൻഡോസ്, മാകോസ്, ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉപയോക്താക്കളെ ബാധിച്ചേക്കാം. ഈ പിഴവുകൾ ഉപയോഗിച്ചുകൊണ്ട്, ഒരുഹാക്കർക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തിൽ മാൽവെയർ കോഡ് പ്രവർത്തിപ്പിക്കാനും സിസ്റ്റത്തിന്‍റെ നിയന്ത്രണം നേടാനും കഴിയും. ക്രോമിൽ കണ്ടെത്തിയ പ്രശ്‍നങ്ങളിൽ WebGPU-വിലും വീഡിയോയിലും ഹീപ്പ് ബഫർ ഓവർഫ്ലോ, സ്റ്റോറേജിലും ടാബുകളിലും സൈഡ്-ചാനൽ ഡാറ്റ ചോർച്ചകളും മീഡിയ, ഓമ്‌നിബോക്‌സ്, സ്റ്റോറേജ് തുടങ്ങിയവയിലെ പ്രശ്‍നങ്ങളും ഉൾപ്പെടുന്നതായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു. ലളിതമായി പറഞ്ഞാൽ, പ്രത്യേകം തയ്യാറാക്കിയ വെബ് പേജ് സന്ദർശിക്കാൻ ഒരു ഉപഭോക്താവിനെ പ്രേരിപ്പിക്കാനും ഈ പിഴവുകൾ ചൂഷണം ചെയ്യാനും ഹാക്കർമാർക്ക് കഴിയും. ഇത്തരം അപകടകരമായ വെബ്‌സൈറ്റിലേക്ക് ഒരു ഉപഭോക്താവ് പ്രവേശിക്കുകയാണെങ്കിൽ, ഹാക്കർമാർക്ക് അവരുടെ സിസ്റ്റത്തിലേക്ക് ആക്‌സസ് നേടാനും ഡാറ്റ മോഷ്‌ടിക്കാനും മറ്റ് അപകടകരമായ പ്രവർത്തനങ്ങൾ നടത്താനും കഴിയും.
ഏതൊക്കെ ഉപയോക്താക്കളെയാണ് ഇത് ബാധിക്കുന്നത്?
ക്രോമിന്‍റെ പഴയ പതിപ്പുകളുള്ള ഉപയോക്താക്കളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളതെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു. ലിനക്‌സിൽ ആണെങ്കിൽ 141.0.7390.54-ന് മുമ്പുള്ള ക്രോം പതിപ്പുകൾ, വിൻഡോസ് മാക് എന്നിവയിൽ 141.0.7390.54/55 ന് മുമ്പുള്ള ക്രോം പതിപ്പുകൾ എന്നിവ അപകട സാധ്യതയുള്ള ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. ഈ പതിപ്പുകൾ ഉടനടി അപ്‌ഡേറ്റ് ചെയ്യാൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ശുപാർശ ചെയ്യുന്നു.
ഈ സുരക്ഷാ പിഴവുകളെല്ലാം പരിഹരിക്കുന്നതിനായി ഗൂഗിൾ ഒരു പുതിയ സ്റ്റേബിൾ അപ്‌ഡേറ്റ് പുറത്തിറക്കി. ഉപയോക്താക്കൾ ഉടൻ തന്നെ ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. അപ്‍ഡേഷനായി താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
1. ക്രോമിൽ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
2. സെറ്റിംഗ്‌സ്-എബൗട്ട് ക്രോം-അപ്‌ഡേറ്റ് ക്രോം എന്നതിലേക്ക് പോകുക.
3. അപ്ഡേറ്റ് പൂർത്തിയായ ശേഷം ബ്രൗസർ റീ സ്റ്റാർട്ട് ചെയ്യുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം