ഐഫോണിനെ വെല്ലുവിളിക്കാന്‍ നോക്കിയയുടെ ‘പി വണ്‍’ വരുന്നു

By Web DeskFirst Published Feb 7, 2017, 7:18 AM IST
Highlights

നോക്കിയ-6 നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നാണ് പി വണ്ണിന്റെ പിറവി. ഏത് മികവുറ്റ സ്മാര്‍ട്ട് ഫോണിനോടും കിടപിടിക്കാവുന്ന മോഡല്‍. ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പി വണ്ണിന്‍റെ സ്ക്രീന്‍ വലിപ്പം 5.3 ഇഞ്ചായിരിക്കും. സ്നാപ്ഡ്രാഗന്‍ 835 പ്രോസസറില്‍ 6 ജി.ബി റാം ഉണ്ടായിരിക്കും. മൊബൈല്‍ ക്യാമറയില്‍ എന്നും അത്ഭുതങ്ങള്‍ സൂക്ഷിക്കുന്ന നോക്കിയ പി വണ്ണിലും ആരാധകരെ നിരാശപ്പെടുത്തുന്നില്ല. പിന്‍ ക്യാമറ ശേഷി 22.6 മെഗാപിക്‌സലാണ്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ നഗൗട്ടാകും പി വണ്ണിന് കരുത്ത് പകരുക. മെറ്റല്‍ ഫ്രെയിം, ഹൈബ്രിഡ് ഡ്യൂവല്‍ സിം, ഡിസ്‌പ്ലേയ്‌ക്ക് താഴെ ഹോം ബട്ടണ്‍ എന്നിവയും പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ പി വണ്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 256 ജി.ബി വേരിയന്റിന് പ്രതീക്ഷിക്കുന്ന വില 64,000 രൂപയാണ്. നോക്കിയ സിക്‌സിനോട് കിടപിടിക്കുന്ന ഒരു ബജറ്റ് മോഡലും പി വണ്ണിനൊപ്പം പ്രതീക്ഷിക്കാം. മാറിയ ടെക് ലോകത്തേക്ക് ഒരിടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ എങ്ങിനെ പ്രതികരിക്കുമെന്ന ഭീതി നോക്കിയ്‌ക്ക് ഉണ്ടായിരുന്നു. എന്നാല്‍ നോക്കിയ-6 ചൈനയില്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. സിക്‌സ് ചൈനയില്‍ മാത്രമാണ് എത്തിയതെങ്കില്‍  പി വണ്‍ രാജ്യാന്തര മോഡലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നോക്കിയ സ്മാര്‍ട്ഫോണ്‍ ഇന്ത്യയിലുമെത്തും.

click me!