'കുടിയൻ ബെൻസോടിച്ച് ആളെക്കൊന്നാൽ നിങ്ങൾ കമ്പനിയെ കുറ്റം പറയുമോ?', വിവാദത്തിൽ പ്രതികരിച്ച് പെഗാസസ് ഉടമ

By Web TeamFirst Published Jul 28, 2021, 12:02 PM IST
Highlights

ആരോപണങ്ങൾക്ക് പിന്നിൽ പലസ്തീനും ഖത്തറുമെന്ന് NSO തലവൻ ഷാലെവ് ഹൂലിയോ.

പെഗാസസ് എന്നത് സെൽ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ വേണ്ടി ലോകത്തിലെ പല ഏജൻസികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ്. ഫോണിൽ കടന്നു കയറി വേണ്ട വിവരങ്ങൾ ചോർത്തി മടങ്ങിയാലും പിന്നിൽ അങ്ങനെ ചെയ്തതിന്റെ തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിക്കില്ല എന്നതാണ് പെഗാസസിന്റെ മേന്മ. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പല രാജ്യങ്ങളുടെ ഗവൺമെന്റുകൾ കടന്നുകയറിയത് എന്നവകാശപ്പെട്ടുകൊണ്ട് 50,000 ലധികം പ്രമുഖ വ്യക്തികളുടെ ഫോൺ നമ്പറുകൾ അടങ്ങിയ ഒരു ലിസ്റ്റാണ് കഴിഞ്ഞ ദിവസം ചോർന്നു കിട്ടിയത്. 

"ഒരു അന്വേഷണം ഉണ്ടായാൽ ഏറ്റവും അധികം സന്തോഷിക്കുക ഞങ്ങളാവും, കാരണം ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അതിലും നല്ല മറ്റൊരു അവസരം വേറെ കിട്ടില്ല. " - പെഗാസസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടു  കൊണ്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ കൊടുങ്കാറ്റിനെപ്പറ്റി, ഇസ്രായേൽ ഹായോമിന് നൽകിയ അഭിമുഖത്തിൽ പെഗാസസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് വിപണനം നടത്തുന്ന കമ്പനിയായ NSO -യുടെ തലവനായ ഷാലെവ് ഹൂലിയോ നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ ആയിരുന്നു.

"ഞങ്ങൾ ഒരിക്കലും ജേർണലിസ്റ്റുകളുടെയോ, മനുഷ്യാവകാശ പ്രവർത്തകരുടെയോ ഫോൺ കോളുകളോ മെയിലുകളോ ചോർത്തിയിട്ടില്ല. ഞങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ആരെങ്കിലും അത്തരത്തിലുള്ള അധാർമികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ടെങ്കിൽ അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അതോടെ ഞങ്ങൾ വിച്ഛേദിക്കുകയും ചെയ്യും" ഷാലെവ് പറഞ്ഞു. പ്രസ്തുത അഭിമുഖത്തിന്റെ സാരാംശങ്ങളിലേക്ക്.

Q. നിങ്ങൾ ഈ ആരോപണങ്ങളിൽ പറയും പോലെ തെറ്റൊന്നും പ്രവർത്തിച്ചിട്ടില്ല എന്നുറപ്പുണ്ടെങ്കിൽ എല്ലാം എല്ലാവർക്കും മുന്നിൽ തുറന്നു വെച്ച് നിരപരാധിത്വം തെളിയിച്ചുകൂടെ?

A. സ്വകാര്യത, ദേശ സുരക്ഷ, വ്യാപാര ഉടമ്പടികളിൽ നിബന്ധനകൾ എന്നിങ്ങനെ ചില തടസ്സങ്ങൾ ഉള്ളത് കാരണം ഞങ്ങൾ ചെയ്യാത്തതും ചെയ്യാത്തതുമായ പല കാര്യങ്ങളും പരസ്യമായി വിളിച്ചു പറയുക അസാധ്യമാണ്. എന്നാൽ ഏതെങ്കിലും രാജ്യത്തിന്റെ അന്വേഷണ ഏജൻസികൾ അന്വേഷണങ്ങളുമായി വന്നാൽ ഞങ്ങൾ അതിനോട് തീർച്ചയായും സഹകരിക്കും. ഞങ്ങളുടെ സൈപ്രസിലെ സെർവറിൽ നിന്ന് ഇങ്ങനെ ഒരു ലിസ്റ്റ് ചോർന്നു എന്നാണ് പുറത്തുവന്ന വിവരം. അത് തെറ്റാണ്. സൈപ്രസിൽ ഞങ്ങൾക്ക് അങ്ങനെ ഒരു സർവർ ഇല്ല. അതുപോലെ ഞങ്ങളുടെ ഓരോ ഇടപാടുകാരും വെവ്വേറെയായി പരിഗണിക്കപ്പെടുന്നവരാണ്. എല്ലാവരുടെയും പേരുകൾ അടങ്ങിയ ഒരു സെൻട്രൽ ഫയൽ ഒന്നും NSO സൂക്ഷിക്കുന്നില്ല. 

ലോകത്തിൽ നിരവധി സൈബർ ഇന്റലിജൻസ് യൂണിറ്റുകൾ ഞങ്ങളുടേതിന് സമാനമായി പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും എല്ലാ ആരോപണങ്ങളുടെയും മുൾമുന ഇപ്പോഴും ഇസ്രായേലി സ്ഥാപനങ്ങൾക്ക് നേരെ മാത്രം നീളുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. ഇങ്ങനെ ഒരു ആരോപണത്തിന് പിന്നിൽ ഖത്തറോ പലസ്തീനോ ആണെന്നാണ് ഞങ്ങൾ കരുതുന്നത്. 

ഞങ്ങളുടെ പ്രവർത്തനത്തിന് സുവ്യക്തമായ മൂന്നു നയങ്ങളുണ്ട്. ഒന്ന്, ഗവണ്മെന്റുകൾക്ക് മാത്രമേ ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കൂ. രണ്ടാമത്തേത് എല്ലാ ഗവണ്മെന്റുകൾക്കും ഞങ്ങൾ കൊടുക്കാറില്ല. പതിനൊന്നു വർഷത്തെ പ്രവർത്തനത്തിനിടെ പെഗാസസിന് ഉള്ളത് ആകെ 45 കസ്റ്റമേഴ്സ് മാത്രമാണ്. അഴിമതി കാണിക്കുന്ന, മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന, സ്വേച്ഛാധിപത്യത്തിൽ പുലരുന്ന 90 ഗവണ്മെന്റുകളോടെങ്കിലും ഞങ്ങൾക്ക് സേവനം നൽകാൻ സാധിക്കില്ല എന്ന് പറയേണ്ടി വന്നിട്ടുണ്ട്. മൂന്ന്, ഞങ്ങൾ സിസ്റ്റം ആക്ടിവേറ്റ് ചെയ്യുന്നില്ല. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത്, പ്രവർത്തിപ്പിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിച്ച ശേഷം, ഞങ്ങൾ പോരുകയാണ് പതിവ്. നാല്, പ്രതിരോധ വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ NSO  പ്രവർത്തിക്കാറുള്ളൂ.

Q. പെഗാസസ് എന്ന സോഫ്റ്റ്‌വെയർ ഒരു ആയുധം പോലെയല്ലേ? അതിനെ ദുരുപയോഗം ചെയ്യാനും സാധിക്കില്ലേ? 

A. പൂർണമായ അർത്ഥത്തിൽ അല്ല. പ്രഹരശേഷിയിൽ ഒരു തോക്കിനെപ്പോലെ ആണ് എങ്കിലും, തോക്ക്  വിൽക്കുന്ന സമയം തൊട്ടു തന്നെ ആ ഉത്പന്നത്തിന്മേൽ നിർമ്മാതാവിനുള്ള നിയന്ത്രണം നഷ്ടമാവും. പെഗാസസ് അങ്ങനെയല്ല, കസ്റ്റമർ മോശമാണ് എന്ന് തോന്നിയാൽ ഞങ്ങൾക്ക് അതിന്റെ പ്രവർത്തനം നിർത്താൻ സാധിക്കും. 

Q. പക്ഷേ, കസ്റ്റമർ ആണ് ആരെ ട്രാക്ക് ചെയ്യണം എന്ന് തീരുമാനിക്കുന്നത്, നിങ്ങൾക്ക് അതിൽ നിയന്ത്രണമില്ല എന്നൊക്കെ നിങ്ങൾ തന്നെയല്ലേ പറയുന്നത് ? 

A. എനിക്ക് മനസ്സിലാവുന്നില്ല. മെഴ്സിഡസ് ബെൻസ് ഒരു കാറ് വിറ്റു എന്ന് കരുതുക. വിറ്റ ശേഷം ഏതെങ്കിലും ഒരു കള്ളുകുടിയൻ ആ കാറെടുത്ത്  നിയന്ത്രണമില്ലാതെ ഓടിച്ച് ആരെയെങ്കിലും ഇടിച്ചു വീഴ്ത്തിയാൽ, അതിനു കമ്പനി ഉത്തരവാദിയാണ് എന്ന് പറയാൻ സാധിക്കുമോ? മാധ്യമങ്ങൾ ഞങ്ങളെ കുറ്റം പറയുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. ആരോപണങ്ങൾ തെളിയിച്ചാൽ ഞങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ സന്തോഷമേയുള്ളൂ. 

Q. സൗദി ജേർണലിസ്റ്റ് ഖസ്‌ഷോജിയെ വധിക്കാൻ പോലും നിങ്ങളുടെ പെഗാസസ് സോഫ്റ്റ് വെയറിന്റെ സഹായമുണ്ടായിരുന്നു എന്നാണല്ലോ ആരോപണം ?

A. അത് വെറും ആരോപണം മാത്രമാണ്. ഞങ്ങൾ വിശദമായ അന്വേഷണങ്ങൾ അക്കാര്യത്തിൽ നടത്തിയതാണ്. ഈ വിധത്തിലുള്ള ആക്ഷേപങ്ങളിൽ ഒന്നും കഴമ്പില്ല എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. 

Q. നിങ്ങൾക്കെതിരെ ഇസ്രായേലിൽ പോലും അന്വേഷണങ്ങൾക്ക് ഉത്തരവിടുകയുണ്ടായല്ലോ?

A. അതിലും നല്ല കാര്യം വേറെ എന്താണ്? ഞങ്ങൾക്ക് മടിയിൽ ഒരു കനവുമില്ല. അതുകൊണ്ടു തന്നെ വഴിയിൽ ഭയവുമില്ല. അന്വേഷണങ്ങൾ വരട്ടെ. ഞങ്ങൾ അവയെ ധീരമായി നേരിട്ട് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും. 

Q. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിനു പിന്നിൽ ആരാണ് ?

A. ഈ കളികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഖത്തർ ഗ്രൂപ്പോ ബിഡിഎസ് (പലസ്തീൻ) ടീമോ ആകാം എന്നാണ് NSO കരുതുന്നത്. ലോകത്തിൽ ഇത്രയധികം സൈബർ ഇന്റലിജൻസ് ഏജൻസികൾ പ്രവർത്തിച്ചിട്ടും ഞങ്ങൾക്കെതിരെ മാത്രം ഈ അന്വേഷണങ്ങൾ വരുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ലാക്ക്, ഞങ്ങൾ ഇസ്രയേലിൽ നിന്നുള്ളവരാണ് എന്നത് മാത്രമാണ്. 


 

click me!