ചാറ്റ് ജിപിടി ഉപയോഗിക്കുന്ന കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മാറ്റങ്ങളുമായി ഓപ്പൺ എഐ. ഉപയോക്താക്കളുടെ പ്രായം സ്വയം പ്രവചിക്കാനുള്ള  പുതിയ സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

ചാറ്റ് ജിപിടി ഉപയോഗിക്കുന്ന ടീനേജേഴ്സ് ഇനിമുതൽ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ പ്രായം എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കുന്ന പഴയ രീതി ഇനി ചാറ്റ് ജിപിടിക്ക് വേണ്ട. പകരം, നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും നിങ്ങളുടെ സംസാരശൈലിയും നോക്കി നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്ന് 'കണ്ടെത്താൻ' പോവുകയാണ് ഓപ്പൺ എഐ. കൗമാരക്കാരെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ 'ഏജ് പ്രെഡിക്ഷൻ' എന്ന പുത്തൻ സുരക്ഷാ കവചമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ചാറ്റ് ജിപിടി വഴി കുട്ടികൾ അപകടകരമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.

നമ്മൾ സാധാരണയായി ഒരു ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ നൽകുന്ന പ്രായം പലപ്പോഴും കൃത്യമാകണമെന്നില്ല. ഇത് മറികടക്കാനാണ് ഏജ് പ്രെഡിക്ഷൻ മോഡൽ ഓപ്പൺ എഐ വികസിപ്പിച്ചത്. നിങ്ങൾ എഐയോട് ചോദിക്കുന്ന ചോദ്യങ്ങൾ, ഉപയോഗിക്കുന്ന ഭാഷ, ഏത് സമയത്താണ് ആപ്പ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാം വിശകലനം ചെയ്താണ് സിസ്റ്റം പ്രായം കണക്കാക്കുക.പ്രായപൂർത്തിയാകാത്ത വ്യക്തി ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ഉടൻ തന്നെ ആ അക്കൗണ്ടിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നിലവിൽ വരും.

നിയന്ത്രണങ്ങൾ എന്തൊക്കെ?

കുട്ടികൾക്കും കൗമാരക്കാർക്കും ദോഷകരമായേക്കാവുന്ന പല കാര്യങ്ങളും ചാറ്റ് ജിപിടിയിൽ നിയന്ത്രിക്കപ്പെടും. ക്രൂരമായ അക്രമങ്ങൾ വിവരിക്കുന്ന ഉള്ളടക്കങ്ങൾ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ, സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ ടീനേജ് അക്കൗണ്ടുകൾക്ക് ലഭ്യമാകില്ല. കൂടാതെ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന പല അപകടകരമായ ചലഞ്ചുകളെക്കുറിച്ചുള്ള വിവരങ്ങളും എഐ നിയന്ത്രിക്കും.

മാതാപിതാക്കൾക്ക് കൂടുതൽ അധികാരം

കുട്ടികളുടെ എഐ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കായി പ്രത്യേക 'പേരന്റൽ കൺട്രോൾ' സൗകര്യവും ഓപ്പൺ എഐ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതുവഴി പഠനസമയത്തോ രാത്രിയിലോ ആപ്പ് ഉപയോഗിക്കുന്നത് തടയാൻ 'ക്വയറ്റ് അവേഴ്സ്' സെറ്റ് ചെയ്യാൻ സാധിക്കും. കുട്ടി വലിയ മാനസിക സമ്മർദ്ദത്തിലാണെന്ന് എഐക്ക് തോന്നിയാൽ മാതാപിതാക്കൾക്ക് അലേർട്ടുകൾ നൽകുന്ന സംവിധാനവും ഇതിന്റെ ഭാഗമാണ്.

മുതിർന്നവർക്ക് തിരിച്ചറിയൽ രേഖ വേണോ?

സിസ്റ്റത്തിന് പ്രായം കണക്കാക്കുന്നതിൽ തെറ്റ് പറ്റിയാൽ എന്ത് ചെയ്യും എന്നതിനും പരിഹാരമുണ്ട്. നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും എന്നാൽ എഐ നിങ്ങളെ കുട്ടിയായി തെറ്റായി കണക്കാക്കിയെന്നും തോന്നിയാൽ പ്രായം തെളിയിക്കാനുള്ള അവസരമുണ്ട്. 'Persona' എന്ന സുരക്ഷിതമായ പ്ലാറ്റ്‌ഫോം വഴി തിരിച്ചറിയൽ രേഖയോ സെൽഫിയോ നൽകി പ്രായം ഉറപ്പുവരുത്തി നിയന്ത്രണങ്ങൾ നീക്കം ചെയ്യാവുന്നതാണ്.

ഭാവിയിൽ മുതിർന്നവർക്കായി കൂടുതൽ ഫീച്ചറുകളുള്ള 'അഡൽറ്റ് മോഡ്' കൊണ്ടുവരാൻ ഓപ്പൺ എഐക്ക് പദ്ധതിയുണ്ട്. അതിന്റെ മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തന്നെ കൗമാരക്കാരെ തെറ്റായ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.