യുഎസ് സൈനിക കരാറിനെതിരെ ഓപ്പൺഎഐ ഗവേഷകന്‍, ഉപയോക്താക്കൾ ചാറ്റ്‍ജിപിടി ഉപേക്ഷിക്കുന്നു

Published : Mar 04, 2026, 10:54 AM IST
ChatGPT Logo

Synopsis

അമേരിക്കൻ പ്രതിരോധ വകുപ്പുമായുള്ള ഓപ്പൺഎഐയുടെ കരാർ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ഇതിനെത്തുടർന്ന് നിരവധി ഉപയോക്താക്കൾ ചാറ്റ്‍ജിപിടി ബഹിഷ്‌കരിക്കുകയും എതിരാളിയായ ക്ലോഡിലേക്ക് മാറുകയും ചെയ്തു. 

കാലിഫോര്‍ണിയ: അമേരിക്കൻ പ്രതിരോധ വകുപ്പുമായി എഐ രംഗത്ത് കരാർ ഒപ്പുവെച്ച ഓപ്പൺഎഐ കമ്പനി കടുത്ത വിമർശനങ്ങൾ നേരിടുകയാണ്. ഈ കരാറിന് പിന്നാലെ നിരവധി ഉപയോക്താക്കൾ ചാറ്റ്‍ജിപിടി ബഹിഷ്‌കരിക്കുകയും എതിരാളികളായ ആന്ത്രോപിക്കിന്‍റെ ക്ലോഡ് പോലുള്ള ചാറ്റ്ബോട്ടുകളിലേക്ക് മാറുകയും ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. എഐ സംവിധാനങ്ങളെ “റെഡ് ലൈൻസ്” ലംഘിക്കാൻ യുഎസ് സൈന്യത്തെ അനുവദിക്കില്ലെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ കരാറിനെതിരെ കമ്പനിക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നും പറയപ്പെടുന്നു.

കരാർ ലാഭകരമല്ലെന്ന് ഐഡൻ മക്‌ലൗഗ്ലിന്‍

ഓപ്പൺഎഐ ഗവേഷകനായ ഐഡൻ മക്‌ലൗഗ്ലിന്‍റെ വിമര്‍ശനം ഇങ്ങനെ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, യുഎസ് പ്രതിരോധ വകുപ്പായുള്ള ഓപ്പണ്‍എഐയുടെ കരാർ ലാഭകരമല്ല എന്ന് അദേഹം തുറന്നുപറഞ്ഞു. “എനിക്ക് വ്യക്തിപരമായി ഈ കരാർ മൂല്യമുള്ളതാണെന്ന് തോന്നുന്നില്ല,” എന്നായിരുന്നു ഐഡൻ മക്‌ലൗഗ്ലിന്‍റെ വിമര്‍ശനം. കമ്പനിയ്ക്കുള്ളിൽ ഈ വിഷയത്തിൽ നടന്ന ചർച്ചകൾ വിപുലവും ആഴമുള്ളതുമാണ് എന്നും ജീവനക്കാർക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഐഡൻ മക്‌ലൗഗ്ലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആളുകള്‍ ചാറ്റ്‌ജിപിടി ഉപേക്ഷിക്കുന്നു

ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സെൻസർ ടവർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വാരാന്ത്യത്തിൽ ചാറ്റ്‍ജിപിടി അൺഇൻസ്റ്റാളേഷൻ നിരക്ക് 295 ശതമാനം വരെ ഉയർന്നു. അതേസമയം, ക്ലോഡ് അമേരിക്കയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി. ഈ സംഭവവികാസങ്ങൾ ഓപ്പൺഎഐയ്ക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

അതേസമയം, കരാർ വേഗത്തിൽ ഒപ്പുവെച്ചതിലൂടെ കമ്പനി അവസരവാദിയും അലക്ഷ്യവുമാണെന്ന തോന്നൽ സൃഷ്ടിച്ചുവെന്ന് സാം അൾട്ടമാൻ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. യുഎസ് സൈന്യം ആന്ത്രോപിക്കുമായുള്ള കരാർ റദ്ദാക്കിയതിന് മണിക്കൂറുകൾക്കകം തന്നെ ഓപ്പൺഎഐ കരാർ പ്രഖ്യാപിച്ചതും വിവാദങ്ങൾക്ക് ഇടയാക്കി. ആന്ത്രോപിക്കിനെ സപ്ലൈ ചെയിൻ റിസ്‍ക് ആയി വിശേഷിപ്പിച്ച നടപടി കമ്പനിക്കെതിരെയുള്ള സർക്കാർ നിലപാട് കടുപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.

ഓപ്പൺഎഐയും യുഎസ് പ്രതിരോധ വകുപ്പും തമ്മിലുള്ള കരാർ ആഭ്യന്തര നിരീക്ഷണത്തിനോ സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങളുടെ വികസനത്തിനോ എഐ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് സാം അൾട്ട്മാൻ വ്യക്തമാക്കി. എന്നാൽ, ടെക് മാധ്യമമായ ദ വെർജ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കരാറിലെ നിയന്ത്രണങ്ങൾ ആന്ത്രോപിക്ക് ആവശ്യപ്പെട്ടതിനെക്കാൾ കുറവാണെന്ന സൂചനകൾ ഉണ്ട്.

ഓപ്പൺഎഐയിലെ മറ്റ് ഉദ്യോഗസ്ഥർ വ്യത്യസ്‍ത നിലപാടുകളാണ് കൈക്കൊണ്ടിരിക്കുന്നത്. ആപ്ളിക്കേഷൻസ് വിഭാഗത്തിന്റെ സിഇഒ ഫിഡ്‍ജി സിമോ, ചില നഷ്‍ടങ്ങൾ ഉണ്ടായാലും ഇത് ശരിയായ തീരുമാനമാണ് എന്ന് അഭിപ്രായപ്പെട്ടു. അതേസമയം സുരക്ഷിതവും അംഗീകരിക്കാവുന്നതുമായ വിന്യാസത്തിനായി ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപിച്ചുവരികയാണ് എന്ന് ഓപ്പൺഎഐ കോഡെക്സ് എഞ്ചിനീയർ ടിബോ വ്യക്തമാക്കി.

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അബദ്ധത്തില്‍ സംഭവിച്ചതോ? വിവോ വൈ21 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു
അന്‍റാർട്ടിക്കയില്‍ നിന്ന് ഒഴുകിപ്പോയത് ലണ്ടൻ നഗരത്തിന്‍റെ എട്ടിരട്ടിയിലധികം വലുപ്പമുള്ള മഞ്ഞുപാളികള്‍- ഞെട്ടിച്ച് പഠനം