ആപ്പിൾ തങ്ങളുടെ ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവയ്ക്കായി 'ആപ്പിൾ അപ്‌ഗ്രേഡ്' എന്ന പുതിയ ലീസിങ് പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഒറ്റത്തവണ പണം നൽകാതെ പ്രതിമാസ തുക അടച്ച് ഉപകരണങ്ങൾ ഉപയോഗിക്കാൻ ഇത് അവസരമൊരുക്കും. നിലവിലെ ഐഫോൺ അപ്‌ഗ്രേഡ് പദ്ധതിക്ക് പകരമായി വരുന്ന ഈ പുതിയ സംവിധാനത്തിൽ ആപ്പിൾകെയർ പ്ലസ് ഉൾപ്പെടില്ല.=
ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവ ഒരുമിച്ച് ഉൾപ്പെടുത്തി പുതിയ ലീസിങ് പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'ആപ്പിൾ അപ്‌ഗ്രേഡ്' എന്ന പേരിലുള്ള ഈ പദ്ധതി ജൂലൈ 28 മുതൽ അമേരിക്കയിൽ ആരംഭിക്കുമെന്നാണ് ബ്ലൂംബെർഗിലെ പ്രമുഖ ടെക് മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നത്. ഉപകരണങ്ങൾ ഒറ്റത്തവണ പണം നൽകി വാങ്ങുന്നതിനുപകരം പ്രതിമാസ തുക അടച്ച് ഉപയോഗിക്കാനുള്ള സംവിധാനമായിരിക്കും ഇത്.
സാമ്പത്തിക പങ്കാളിയായി ക്ലാർന (Klarna)
ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറുകളിലൂടെയും റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഉപഭോക്താക്കൾക്ക് പദ്ധതി ലഭ്യമാകും. സാമ്പത്തിക പങ്കാളിയായി ക്ലാർന (Klarna) പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. ഓൺലൈൻ ഷോപ്പിംഗിനായി 'Buy Now, Pay Later' (BNPL) സേവനങ്ങളും ഇഎംഐ സൗകര്യങ്ങളും നൽകുന്ന സ്വീഡിഷ് ഫിൻടെക് കമ്പനിയാണ് ക്ലാർന. ഉപഭോക്താക്കൾക്ക് സാധനം ഉടൻ സ്വന്തമാക്കി പിന്നീട് തവണകളായി പണം അടയ്ക്കാൻ സഹായിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകുന്നത്. ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവയിലെ മിക്ക മോഡലുകളും പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചന. എന്നാൽ ആപ്പിൾ വാച്ച് എസ്.ഇ, എൻട്രി ലെവൽ ഐപാഡ്, ഐഫോൺ 16, മാക്ബുക്ക് നിയോ തുടങ്ങിയ ചില മോഡലുകൾ പദ്ധതിയിൽ ഉൾപ്പെടാതിരിക്കാനും സാധ്യതയുണ്ട്. ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വാങ്ങലുകളും പദ്ധതിക്ക് പുറത്തായേക്കും.
ഐഫോണിനും ആപ്പിൾ വാച്ചിനും 24 മാസവും, മാക്, ഐപാഡ് മോഡലുകൾക്ക് 36 മാസവുമാണ് ലീസിങ് കാലാവധിയെന്നാണ് റിപ്പോർട്ട്. ഈ കാലയളവിനിടെ ഉപഭോക്താക്കൾക്ക് ഉപകരണം നേരത്തെ പൂർണമായി സ്വന്തമാക്കാനോ, പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനോ, കാലാവധി കഴിഞ്ഞ് തിരികെ നൽകാനോ, അധിക തുക നൽകി സ്ഥിരമായി സ്വന്തമാക്കാനോ അവസരമുണ്ടാകും.
പുതിയ പദ്ധതി നിലവിൽ വരുന്നതോടെ നിലവിലെ ഐഫോൺ അപ്‌ഗ്രേഡ് പദ്ധതി അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ പദ്ധതി സിറ്റിസൺസ് ബാങ്കിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പുതിയ പദ്ധതിയിൽ ക്ലാർനയായിരിക്കും സാമ്പത്തിക പങ്കാളി. ഇരു പദ്ധതികളും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം ആപ്പിൾകെയർ പ്ലസ് സേവനമാണ്. നിലവിലെ ഐഫോൺ അപ്‌ഗ്രേഡ് പദ്ധതിയിൽ പ്രതിമാസ തുകയ്ക്കൊപ്പം ആപ്പിൾകെയർ പ്ലസ് സംരക്ഷണ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതിയ ആപ്പിൾ അപ്‌ഗ്രേഡ് പദ്ധതിയിൽ ആപ്പിൾകെയർ പ്ലസ് ഉൾപ്പെടില്ലെന്നാണ് റിപ്പോർട്ട്. അധിക പരിരക്ഷ വേണമെങ്കിൽ ഉപഭോക്താക്കൾ പ്രത്യേകം പണം നൽകി ആപ്പിൾകെയർ പ്ലസ് വാങ്ങേണ്ടിവരും.
ജൂലൈ 28 മുതൽ നിലവിലെ ഐഫോൺ അപ്‌ഗ്രേഡ് പദ്ധതിയിലേക്കുള്ള പുതിയ രജിസ്ട്രേഷനുകൾ ആപ്പിൾ അവസാനിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിലവിൽ പദ്ധതിയുടെ ഭാഗമായ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലെ കരാർ കാലാവധി പൂർത്തിയാകുന്നതുവരെ സേവനം തുടരാൻ അവസരം ലഭിക്കുമെന്നാണ് സൂചന. അതേസമയം, പുതിയ ആപ്പിൾ അപ്‌ഗ്രേഡ് പദ്ധതിയെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.


