
കാലിഫോര്‍ണിയ: ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‍ജിപിടിയിൽ ഓപ്പൺഎഐ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തിറക്കി. ഗ്രൂപ്പ് ചാറ്റുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. സോഷ്യൽ മെസേജിംഗ് ആപ്പുകൾക്ക് സമാനമായി പ്രവർത്തിക്കുന്ന ഈ സവിശേഷത ചാറ്റ്‌ജിപിടിയില്‍ ഒന്നിലധികം ഉപയോക്താക്കൾ തമ്മിലുള്ള സംഭാഷണങ്ങൾ എളുപ്പമാക്കുന്നു. ഏറ്റവും പുതിയ ചാറ്റ്‍ജിപിടി 5.1 പതിപ്പാണ് ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന് കരുത്ത് പകരുന്നത്.
ചാറ്റ്‍ജിപിടിയുടെ ഗ്രൂപ്പ് ചാറ്റുകളിൽ 20 അംഗങ്ങളെ വരെ ഉൾക്കൊള്ളാനാകും. ടീം വർക്ക്, സുഹൃത്തുക്കളുമായി ആശയങ്ങൾ പങ്കിടൽ എന്നിവയ്ക്കായി ചാറ്റ്‍ജിപിടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ചാറ്റ്‌ജിപിടിയില്‍ ഒരു ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാൻ, പുതിയതോ നിലവിലുള്ളതോ ആയ ഏതെങ്കിലും ചാറ്റിന്‍റെ മുകളിൽ വലത് കോണിലായി കാണുന്ന ആളുകളുടെ ഐക്കണിൽ ടാപ്പ് ചെയ്യുക. ഈ ഐക്കണിൽ ടാപ്പ് ചെയ്യുമ്പോൾ ഒരു ഗ്രൂപ്പ് സൃഷ്‍ടിക്കപ്പെടും. ഇവിടെ നിന്ന് മാനുവലായോ ഒരു ഇൻവൈറ്റ് ലിങ്ക് വഴിയോ നിങ്ങൾക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ഒന്ന് മുതൽ 20 വരെ ആളുകളെ ഇത്തരത്തില്‍ ലിങ്ക് വഴി നേരിട്ട് ഗ്രൂപ്പിലേക്ക് ക്ഷണിക്കാം. ഗ്രൂപ്പില്‍ നിലവില്‍ അംഗങ്ങളായ ആർക്കും വേണമെങ്കിലും ലിങ്ക് ഷെയര്‍ ചെയ്‌ത് കൊണ്ട് മറ്റുള്ള ആളുകളെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ചെയ്യാം.
ഒരു ഗ്രൂപ്പ് സൃഷ്‌ടിക്കുന്നതിനോ, അതില്‍ ചേരുന്നതിനോ മുമ്പ് ഉപയോക്താക്കൾക്ക് പേരും യൂസര്‍നെയിമും ഫോട്ടോയും സജ്ജീകരിച്ച് ഒരു ചെറിയ പ്രൊഫൈല്‍ സൃഷ്‌ടിക്കാന്‍ കഴിയും. ഗ്രൂപ്പ് അംഗങ്ങള്‍ ആരൊക്കെയെന്ന് പരസ്‌പരം അറിയാന്‍ ഈ പ്രൊഫൈല്‍ വഴിയൊരുക്കും. ക്രിയേറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പ് ചാറ്റുകള്‍ സൈഡ്ബാറില്‍ നിന്ന് എളുപ്പം കണ്ടെത്തി ഉപയോഗിക്കാം.
കോഡിംഗ് പോലുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഒരു കീനോട്ട് പ്രസന്‍റേഷൻ വേഗത്തിൽ സൃഷ്‌ടിക്കുന്നതിനും, പ്രൊഡക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഓഫീസ് സഹപ്രവർത്തകരുമായി എന്തെങ്കിലും കാര്യം പങ്കിടുന്നതിനുമെല്ലാം ചാറ്റ്‌ജിപിടിയിലെ ഗ്രൂപ്പ് ചാറ്റ് സവിശേഷത ഉപയോഗപ്രദമാണ്. ഒഴിവുസമയ ആവശ്യങ്ങൾക്കും, ഉപയോക്താക്കൾക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചേർത്ത് ഒരു അവധിക്കാലമോ ജന്മദിന പാർട്ടിയോ ആസൂത്രണം ചെയ്യാനുമൊക്കെ ഈ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ വഴി കഴിയും. എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‍ജിപിടിയിൽ നിന്നുള്ള വിലയേറിയ ഇൻപുട്ടുകൾ ഉപയോഗിച്ച് വേഗത്തിൽ ഒരു തീരുമാനമെടുക്കാൻ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റുകള്‍ വഴി കഴിയും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം