ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഒരു പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'വാട്‌സ്ആപ്പ് പ്ലസ്' എന്ന് പേരിടാൻ സാധ്യതയുള്ള ഈ സേവനം, കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും 20 ചാറ്റുകൾ വരെ പിൻ ചെയ്യാനുള്ള കഴിവും പോലുള്ള അധിക ഫീച്ചറുകൾ നൽകും.
കാലിഫോര്‍ണിയ: ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ പുതിയ സേവനം ഉപയോക്താക്കൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും അധിക ഫീച്ചറുകളും നൽകുന്നതായിരിക്കും. സാധാരണ ഉപയോഗത്തിന് ആപ്പ് സൗജന്യമായി തുടരുമെങ്കിലും കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് പ്രീമിയം പ്ലാനിലേക്ക് സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരം ലഭിക്കുമെന്നാണു സൂചന.
ഈ പുതിയ പതിപ്പിന് വാട്‌സ്ആപ്പ് പ്ലസ് എന്ന പേര് നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് നിരവധി പ്രത്യേക ഫീച്ചറുകളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഈ പതിപ്പിൽ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ സമയം വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രീമിയം പ്ലാനിലെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ആപ്പിന്‍റെ രൂപഭാവം ഇഷ്‍ടാനുസരണം മാറ്റാൻ കഴിയുന്ന സൗകര്യം. ഉപയോക്താക്കൾക്ക് പുതിയ ഐക്കണുകൾ, നിറങ്ങൾ, തീമുകൾ എന്നിവ തിരഞ്ഞെടുക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെറിയ മാറ്റങ്ങളാണെങ്കിലും ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വ്യക്തിപരമായ അനുഭവം നൽകുന്ന കസ്റ്റമൈസേഷൻ ഫീച്ചറുകൾക്ക് വലിയ ആവശ്യകതയുണ്ട്. ഇതിനുപുറമെ പ്രീമിയം ഉപയോക്താക്കൾക്ക് പ്രത്യേക സ്റ്റിക്കറുകൾ, വ്യത്യസ്‍തമായ നോട്ടിഫിക്കേഷൻ ശബ്‍ദങ്ങൾ, ചാറ്റുകളിൽ കൂടുതൽ പ്രകടമായ റിയാക്ഷനുകൾ തുടങ്ങിയവയും ലഭിക്കാൻ സാധ്യത ഉണ്ട് എന്നാണു വിവരം. ഇതിലൂടെ ചാറ്റിംഗ് അനുഭവം കൂടുതൽ ആകർഷകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ചാറ്റുകൾക്ക് കൂടുതൽ ഫീച്ചറുകള്‍
ഇതോടൊപ്പം, എത്തുന്ന മറ്റൊരു ഫീച്ചർ കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള സൗകര്യമാണ്. ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്. നിലവിൽ ഉപയോക്താക്കൾക്ക് ഇൻബോക്‌സിന്‍റെ മുകളിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിന്‍ ചെയ്യാൻ കഴിയുന്നത്. എന്നാൽ പുതിയ പ്രീമിയം പതിപ്പിൽ ഇത് 20 വരെ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വ്യക്തിഗതവും പ്രൊഫഷണലുമായ ആശയവിനിമയത്തിനായി വാട്‌സ്ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നവർക്കിത് വലിയ സഹായമാകുമെന്ന് കരുതുന്നു. പ്രധാനപ്പെട്ട സംഭാഷണങ്ങൾ എളുപ്പത്തിൽ മുകളിൽ നിലനിർത്താൻ ഈ ഫീച്ചർ ഉപയോഗിച്ച് സാധിക്കും.
വരുമാനമാർഗത്തിൽ മാറ്റം
വാട്‌സ്ആപ്പിന്‍റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിന് ഇതൊരു പ്രധാനമായ മാറ്റമായി കാണപ്പെടുന്നു. കമ്പനിയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വാട്‌സ്ആപ്പ് പരസ്യങ്ങളെ കുറച്ച് ആശ്രയിച്ചിരുന്നു എന്നതാണ് പ്രത്യേകത. സ്വകാര്യ മെസേജിംഗ് മോഡൽ കാരണം പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് പരിമിതമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഡിജിറ്റൽ സേവനങ്ങൾ സബ്‍സ്‍ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള മോഡലിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ വാട്‌സ്ആപ്പ് പ്ലസ് അവതരിപ്പിക്കുകയാണെങ്കിൽ പ്രധാന സേവനം സൗജന്യമായി തുടരുന്നതിനൊപ്പം മെറ്റയ്ക്ക് പുതിയ വരുമാന മാർഗവും ലഭിക്കും.
ആരംഭകാലത്ത് വാട്‌സ്ആപ്പ് ഒരു പെയിഡ് ആപ്പായിരുന്നു എന്നതും ശ്രദ്ധേയമാണ്. പിന്നീട് അത് സൗജന്യ സേവനമായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തി പുതിയ സബ്‍സക്രിപ്ഷൻ സംവിധാനം അവതരിപ്പിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഈ പുതിയ സബ്‍ക്രിപ്ഷൻ പ്ലാനിന്‍റെ വിലയോ ഔദ്യോഗിക ലോഞ്ച് തീയതിയോ സംബന്ധിച്ച് കമ്പനി ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് കൂടുതൽ ഫീച്ചറുകൾ കൂടി ചേർക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല എന്നാണ് റിപ്പോർട്ടുകൾ.



