'ദൗത്യം ലക്ഷ്യം കണ്ടില്ല': പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

Published : May 18, 2025, 06:22 AM ISTUpdated : May 18, 2025, 01:31 PM IST
'ദൗത്യം ലക്ഷ്യം കണ്ടില്ല': പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

Synopsis

പിഎസ്എല്‍വി സി 61 ദൌത്യം പരാജയപ്പെട്ടു

ദില്ലി: പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു. തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 നഷ്ടമായി. റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയകാരണം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെയും രാജ്യത്തിന്‍റെയും വിശ്വസ്തനായ വിക്ഷേപണ വാഹനം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കൃത്യം 5:59ന് തന്നെ പിഎസ്എൽവി സി 61 കുതിപ്പ് തുടങ്ങി.

ഖര ഇന്ധനമുപയോഗിക്കുന്ന ഒന്നാം ഘട്ടവും വികാസ് എഞ്ചിൻ കരുത്തുള്ള രണ്ടാം ഘട്ടവും കൃത്യമായി പ്രവർത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് 366ആം സെക്കൻഡിലാണ് കൺട്രോൾ സെൻ്ററിലെ സ്ക്രീനിൽ ദൗത്യം പ്രതിസന്ധിയിലായതിന്റെ ആദ്യ സൂചന പ്രത്യക്ഷപ്പെട്ടത്. ഗ്രാഫിൽ നേരിയ വ്യതിയാനം. അടുത്ത 19 സെക്കൻഡിൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് വ്യക്തമായി.

ഖര ഇന്ധനമുപയോഗിക്കുന്ന മൂന്നാംഘട്ടത്തിലാണ് പ്രശ്നമുണ്ടായത്. ജ്വലിച്ച് തുടങ്ങിയെങ്കിലും പിന്നീട്താളപ്പിഴയുണ്ടായി.റോക്കറ്റിന്റെ ഗതി തെറ്റി. പിന്നീട് നാലാം ഘട്ടം പ്രവർത്തിച്ചു തുടങ്ങിയെന്ന് സ്ക്രീനിൽ തെളിഞ്ഞുവെങ്കിലും ദൗത്യം പരാജയപ്പെട്ടുവെന്ന സ്ഥിരീകരണം പിന്നാലെയെത്തി. നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ പരാജയത്തോടെ നഷ്ടമായത്. രാജ്യത്തിന് കൂടുതൽ ഉപഗ്രഹങ്ങൾ അത്യാവശ്യമായ സമയത്താണ് ഈ തിരിച്ചടി.

63 വിക്ഷേപണങ്ങൾ പൂർത്തിയാക്കിയ പിഎസ്എൽവിയുടെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മാത്രം സമ്പൂര്‍ണ പരാജയമാണിത്. 1993ലെ ആദ്യ പിഎസ്എൽവി വിക്ഷേപണം പരാജയമായിരുന്നു. 1997ൽ IRS 1 D വിക്ഷേപണം ഭാഗിക പരാജയവും. 2017 ആഗസ്റ്റിലെ ഐആർഎൻഎസ്എസ് 1 എച്ച് വിക്ഷേപണ പരാജയമാണ് അതിന് ശേഷമുണ്ടായ തിരിച്ചടി. ഉപഗ്രഹത്തെ ഉൾക്കൊള്ളുന്ന പേ ലോഡ് ഫെയറിംഗ് തുറക്കാത്തതായിരുന്നു അന്നത്തെ പ്രശ്നം.

റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലൊരു സാങ്കേതിക പ്രശ്നമുണ്ടാകുന്ന ചരിത്രത്തിൽ ആദ്യമായാണ്. അത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യവും ഇസ്രൊ രീതി അനുസരിച്ച് പരാജയ പഠന സമിതി രൂപീകരിക്കുകയാണ് അടുത്ത നടപടിക്രമം. എഫ് എ സി റിപ്പോർട്ടിന് അനുസരിച്ചാകും തിരുത്തൽ നടപടികൾ. ഇതിന് തൊട്ടുമുന്പ് നടന്ന എൻവിഎസ് 02 ദൗത്യത്തിൽ വിക്ഷേപണം വിജയിച്ചെങ്കിലും ഉപഗ്രഹം സാങ്കേതിക പ്രശ്നത്തിൽപ്പെട്ടിരുന്നു. തുടരെയുള്ള രണ്ട് തിരിച്ചടികൾ ഐഎസ്ആർഒയെ ഉലച്ചിട്ടുണ്ട്.

പരാജയങ്ങളെ കരുത്താക്കി മുന്നേറിയ ചരിത്രമാണ് ഇസ്രൊയുടേത്. അതിനാൽ തന്നെ തിരിച്ചുവരവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ പ്രശ്ന കാരണം തിരിച്ചറിഞ്ഞ് വേണ്ട തിരുത്തൽ വരുത്താതെ മുന്നേറ്റം സാധ്യവുമല്ല. സുപ്രധാനമായ നാസ ഇസ്രൊ സംയുക്ത ദൗത്യം NISAR ആണ് ഇനി ഇസ്രൊ വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. ആ ദൗത്യം ഇനിയെപ്പോൾ നടക്കുമെന്നാണ് ഇനി അറിയേണ്ടത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി