അമിതമായി പബ്ജി കളിച്ചു; ഫോണ്‍ പിടിച്ചുവാങ്ങിയ മാതാപിതാക്കള്‍ക്ക് മകന്‍ സൃഷ്ടിച്ച 'പൊല്ലാപ്പ്'

By Web TeamFirst Published Oct 15, 2019, 11:12 AM IST
Highlights

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.

ഹൈദരാബാദ്: അമിതമായി പബ്ജി കളിച്ച മകന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി മാതാപിതാക്കള്‍. ദേഷ്യം തീര്‍ക്കാന്‍ മകന്‍ നടത്തിയത് നാടകീയ നീക്കങ്ങള്‍. മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെ തട്ടിക്കൊണ്ടുപോയെന്ന നുണക്കഥ സൃഷ്ടിച്ചാണ് 16-കാരനായ മകന്‍ വീട്ടുകാരെ ഭയപ്പെടുത്തിയത്.

ഹൈദരാബാദിലാണ് സംഭവം. പബ്ജിക്ക് അടിമയായിരുന്ന കുട്ടിയെ മാതാപിതാക്കള്‍ പലതവണ വിലക്കിയിരുന്നു. ഇതനുസരിക്കാതെ വന്നപ്പോള്‍ ഇവര്‍ ഫോണ്‍ പിടിച്ചുവാങ്ങി. സുഹൃത്തിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. വീടുവിട്ടിറങ്ങിയ കുട്ടി മുംബൈയിലേക്കാണ് പോയത്. യാത്രക്കിടെ സഹയാത്രികന്‍റെ ഫോണില്‍ നിന്നും അമ്മയെ വിളിച്ച് ശബ്ദം മാറ്റി സംസാരിച്ചു. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ആളെന്ന രീതിയില്‍ ഫോണിലൂടെ പരിചയപ്പെടുത്തിയ ശേഷം നഷ്ടപരിഹാരമായി 3 ലക്ഷം രൂപ തന്നാല്‍ മാത്രമെ കുട്ടിയെ വിട്ടുതരികയുള്ളൂ എന്നും പറഞ്ഞു. 

പിന്നീട് ഒക്ടോബര്‍ 12- ന് ഹൈദരാബാദില്‍ തിരിച്ചെത്തിയ കുട്ടി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിങിന്‍റെ സന്ദേശം കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ലഭിച്ചത്. ഇതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 10-ാംക്ലാസ് വരെ നന്നായി പഠിച്ചിരുന്ന  കുട്ടി പബ്ജി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പഠനത്തില്‍ പിന്നോട്ടുപോയെന്നും പൊലീസ് പറഞ്ഞു.  

click me!