- Home
- Technology
- റീചാര്‍ജ് കടകളില്‍ മൊബൈല്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടി ഇനി വേണ്ട; 'കവച്' സേവനം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
റീചാര്‍ജ് കടകളില്‍ മൊബൈല്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടി ഇനി വേണ്ട; 'കവച്' സേവനം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
റീചാർജ് കടകളിൽ മൊബൈൽ നമ്പർ നൽകാൻ സ്ത്രീകൾക്ക് പലപ്പോഴും മടിയാണ്. ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം തന്നെ ഇതിന് കാരണം. ഇവർക്കായി ഒരു കിടിലൻ പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ഇതിന്‍റെ പൂർണ്ണ വിവരങ്ങൾ അറിയാം.

ബിഎസ്എൻഎല്ലിന്‍റെ പുതിയ റീചാർജ് രീതി
പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള ശ്രമത്തിലാണ്. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ വമ്പൻ സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കുന്ന ബിഎസ്എൻഎൽ, സാങ്കേതികവിദ്യയിലും സേവനങ്ങളിലും ഒട്ടും പിന്നിലല്ല. ഇപ്പോൾ വനിതാ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ഒരു പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നു. അതാണ് ബിഎസ്എൻഎൽ കവച്.
എന്താണ് ബിഎസ്എൻഎൽ കവച്?
ബിഎസ്എൻഎൽ കവച് എങ്ങനെ പ്രവർത്തിക്കുന്നു?
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ സേവനം സ്ത്രീകളുടെ യഥാർഥ മൊബൈൽ നമ്പറിന് ഒരു 'കവചം' പോലെ പ്രവർത്തിക്കുന്നു. ഉപഭോക്താവിൻ്റെ യഥാർഥ നമ്പറുമായി ലിങ്ക് ചെയ്ത 10 അക്ക താൽക്കാലിക നമ്പർ ബിഎസ്എൻഎൽ എസ്എംഎസ് ആയി അയയ്ക്കും. കടകളിൽ റീചാർജ് ചെയ്യുമ്പോൾ സ്ത്രീകൾക്ക് അവരുടെ യഥാർഥ നമ്പറിന് പകരം ഈ താൽക്കാലിക കവച് നമ്പർ ഉപയോഗിക്കാം. ഇത് വഴി റീചാർജ് പൂർത്തിയാവുകയും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കുകയും ചെയ്യും.
സ്ത്രീ സുരക്ഷയ്ക്കായി ഒരു സൂപ്പർ ഫീച്ചർ
ഈ കവച് നമ്പർ യഥാർഥ ഫോൺ നമ്പറിനും റീചാർജ് ചെയ്യുന്ന കടയുടമയ്ക്കും ഇടയിൽ ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു. സ്ത്രീകളുടെ യഥാർഥ മൊബൈൽ നമ്പറുകൾ ഒരു റീചാർജ് ഷോപ്പിലെയും ഡാറ്റാബേസിൽ സേവ് ചെയ്യപ്പെടുന്നില്ലെന്ന് ഈ ഫീച്ചർ ഉറപ്പാക്കുന്നു. കടകളിൽ പോയി സ്ഥിരമായി റീചാർജ് ചെയ്യുന്ന സ്ത്രീകൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. ഇനി യാതൊരു പേടിയുമില്ലാതെ അവർക്ക് റീചാര്‍ജിനായി കടകളിൽ പോകാം.
ബിഎസ്എൻഎൽ കവച് നമ്പർ എങ്ങനെ ലഭിക്കും?
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണിലെ 'BSNL Self Care' ആപ്പ് വഴി ഈ കവച് നമ്പർ എളുപ്പത്തിൽ ലഭിക്കും. ഈ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഎസ്എൻഎല്ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. സ്ത്രീകളുടെ ഡിജിറ്റൽ സുരക്ഷയുടെ കാര്യത്തിൽ ബിഎസ്എൻഎൽ എടുത്ത ഈ തീരുമാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ബിഎസ്എൻഎൽ 5G ക്വാണ്ടം സേവനങ്ങൾ
ബിഎസ്എൻഎൽ അടുത്തിടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്വാണ്ടം 5G സേവനങ്ങൾ ആരംഭിച്ചിരുന്നു. ഹൈദരാബാദിലാണ് പൈലറ്റ് പ്രോജക്റ്റ് തുടങ്ങിയത്. സിം കാർഡോ വയറുകളോ ഇല്ലാതെ അതിവേഗ ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിലും ഉടൻ തന്നെ ഈ സേവനം പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

