സലീമിന്റെ സ്നേഹം; എന്റെ ആദ്യത്തെ ഫോണ്‍

By Web TeamFirst Published Sep 23, 2018, 3:26 PM IST
Highlights

അവനെ ബുദ്ധിമുട്ടിക്കുന്നതില്‍ പെട്ടെന്ന് എനിക്ക് ഒരു വല്ലായ്ക തോന്നി. സെക്കന്റ് ഹാന്‍ഡ് ഫോണ്‍ മതി എന്ന ഞാന്‍ അവനോട് പറഞ്ഞു. അങ്ങനെ സെക്കന്റ് ഫോണുകള്‍ നോക്കി അപ്പോഴാണ്... രമേഷ് വി എഴുതുന്നു

എന്റെ ആദ്യ ഫോണ്‍ നോക്കിയ 2300 ആണെന്ന് പറയാന്‍ കഴിയില്ല, പക്ഷേ ഈ ഫോണ്‍ ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉപേക്ഷിക്കാന്‍ കഴിയാത്തതിന് കാരണം അവന്റെ സ്‌നേഹമാണ്. അതെ, സലിം എന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഈ ഫോണ്‍ വാങ്ങിത്തന്നത്. ഒരു പക്ഷേ ഞാന്‍ അവനെ സ്‌നേഹിക്കുന്നതിനെക്കാള്‍ അവന്‍ എന്നെ സ്‌നേഹിക്കുന്നതുകൊണ്ടാവാം.

2005ല്‍ വീഡിയോ എഡിറ്റിംഗ് പഠിക്കാന്‍ വേണ്ടി ഞാന്‍ തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയില്‍ വന്ന് നില്‍ക്കുന്ന സമയം, വലിയ സാമ്പത്തിക ശേഷിയില്ലാതിരുന്ന സമയത്ത് ഒരു ഫോണ്‍ വാങ്ങിക്കുക എന്നത് ചിന്തിക്കാനേ കഴില്ലായിരുന്നു. ആ സമയത്ത് വീട്ടില്‍ വിളിക്കാനും വീട്ടില്‍ നിന്ന് എന്നെ വിളിക്കുന്നതും സലീമിന്റെ ഫോണില്‍ ആണ്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ അവസ്ഥകളൊക്കെ മനസ്സിലാക്കിയ അവന്‍ പറഞ്ഞു എന്റെ അക്കൗണ്ടില്‍ ഒരു 5000 രൂപയുണ്ട്, നിനക്ക് ഞാന്‍ ഒരു പുതിയ മൊബൈല്‍ വാങ്ങിത്തരാം. 

അടുത്ത ദിവസം തന്നെ തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ ഒരു മൊബൈല്‍ ഷോപ്പില്‍ അവന്‍ എന്നെ കൊണ്ടുപോയി ഇഷ്ടം ഉള്ള ഒരു പുതിയ ഫോണ്‍ വാങ്ങിക്കൊള്ളാന്‍ പറഞ്ഞു. ഒരുപാടു ഫോണുകള്‍ കാണിച്ചു. പലതും എനിക്ക് ഇഷ്ടപ്പെട്ടു, പക്ഷെ 4500, 5000 രൂപയാകും. അവനെ ബുദ്ധിമുട്ടിക്കുന്നതില്‍ പെട്ടെന്ന് എനിക്ക് ഒരു വല്ലായ്ക തോന്നി. സെക്കന്റ് ഹാന്‍ഡ് ഫോണ്‍ മതി എന്ന ഞാന്‍ അവനോട് പറഞ്ഞു. അങ്ങനെ സെക്കന്റ് ഫോണുകള്‍ നോക്കി അപ്പോഴാണ് ഈ ഫോണ്‍ ഞാന്‍ ശ്രെദ്ധിച്ചത്. പൂമ്പാറ്റയുടെ ചിറക് പോലത്തെ കീപാട് ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത്.

അങ്ങനെ സലിം അതിന് 1500 രൂപ കൊടുത്ത് എനിക്ക് വാങ്ങിത്തന്നു. അപ്പോള്‍ത്തന്നെ ഒരു ഹച്ച് സിമ്മും വാങ്ങി. ഈ നമ്പര്‍ ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെയുള്ള സലീമിന്റെ സ്നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരിക്കലും ഞാന്‍ ഈ ഫോണ്‍ വില്‍ക്കുകയോ ആര്‍ക്കും കൊടുക്കുകയോ ഇല്ലെന്ന് ഞാന്‍ അന്നേ തീരുമാനിച്ചിരുന്നു. സലിമിന് പൈസ തിരിച്ചു കൊടുക്കാന്‍ പലവട്ടം ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. 

click me!